അവധിക്കാല മഹോത്സവത്തിനൊരുങ്ങി പൂക്കാട് കലാലയം; കനക ജൂബിലി ‘കളിആട്ടം’ ഏപ്രില്‍ 16 മുതല്‍ 21 വരെ നടക്കും


കൊയിലാണ്ടി: അവധിക്കാല മഹോത്സവം പൂക്കാട് കലാലയം കനക ജൂബിലി ‘കളിആട്ടം’ ഏപ്രില്‍ 16 മുതല്‍ 21 വരെ നടക്കും. കുട്ടികള്‍ക്കായി മൃദുവ്യായാമങ്ങള്‍, തിയറ്റര്‍ പരിശീലനം, സൗഹൃദ സല്ലാപം എന്നീ വിവിധ പരിശീലനങ്ങള്‍ നടക്കും. സമഗ്ര വിദ്യാഭ്യാസ പോഷണ പദ്ധതിയായ കളിആട്ടത്തിന്റെ പതിമൂന്നാമത് കളരിയാണിത്.

വിവിധ ജില്ലകളില്‍ നിന്നായി 600ല്‍ പരം വിദ്യാര്‍ഥികള്‍ അവധിക്കാല ക്യാപില്‍ ഇത്തവണ പങ്കെടുക്കും. കളിആട്ടം 16 ന് രാവിലെ 10 മണിക്ക് കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ ബിജു കാവില്‍ അധ്യക്ഷത വഹിക്കും. സുവര്‍ണ ജൂബിലി ചെയര്‍മാന്‍ ഗായകന്‍ വി.ടി. മുരളി, ഡി.ഡി.ഇ. മനോജ് മണിയൂര്‍, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ സംബന്ധിക്കും.

‘കുട്ടികളി ആട്ടം’ 18ന് രാവിലെ 9.30ന് സായിശ്വേത ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. എല്ലാ ദിവസവും വൈകീട്ട് നാടകോത്സവത്തില്‍ പ്രശസ്ത തിയറ്റര്‍ സംഘങ്ങള്‍ കുട്ടികളുടെ നാടകം അവതരിപ്പിക്കും. നാടകോത്സവം 16 ന് വൈകീട്ട് 6.15ന് ചലച്ചിത്ര നാടക പ്രവര്‍ത്തകന്‍ ടി. സുരേഷ്ബാബു ഉദ്ഘടനം ചെയ്യും. തിയറ്റര്‍ പരിശീലനങ്ങള്‍ക്ക് ഡയറക്ടര്‍ മനോജ് നാരായണനും കോ- ഓഡിനേറ്റര്‍ എ. അബൂബക്കര്‍മാസ്റ്ററും നേതൃത്വം നല്‍കും.

നാടക തിയറ്റര്‍ പ്രവര്‍ത്തകരായ ജാസിര്‍, ശരത് കെ.പാച്ചു , അശ്വിന്റാം,റെജിനാസ്, വിഷ്ണു സജ്‌ന നാഗത്തിങ്കല്‍ ക്യാംപ് വിദ്യാര്‍ഥിസംഘങ്ങളെ നയിക്കും. വിദ്യാര്‍ഥികളുമായുള്ള സല്ലാപത്തിലും മുഖാമുഖത്തിലും വിവിധ മേഖലയിലെ നൈപുണ്യ വിദഗ്ദര്‍ ജയപ്രകാശ് കുളൂര്‍, ഡോ അഭീഷ് ശശിധരന്‍, ഗീത കെ.എസ് രംഗപ്രഭാത്, എം.എം. സചീന്ദ്രന്‍, കബനി, സന്തോഷ് കീഴാറ്റൂര്‍, കലാമണ്ഡലം പ്രേംകുമാര്‍, ശിവദാസ് പൊയില്‍ക്കാവ്, നൗഷാദ് ഇബ്രാഹിം, കൃഷ്ണകുമാര്‍ കിഴിശ്ശേരി, സജയ് കെ.വി, കെ.ടി.രാധാകൃഷ്ണന്‍ പങ്കെടുക്കും.

ഏപ്രില്‍ 19 ന് ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, അത്തോളി ഗ്രാമപഞ്ചായത്തുകളിലെ 7 വിദ്യാലയങ്ങളില്‍ സൗഹൃദ കളി പന്തലുകള്‍ ഒരുക്കും. ചേമഞ്ചേരി യു.പി.സ്‌ക്കൂള്‍, പൊയില്‍ക്കാവ് യു.പി.സ്‌ക്കൂള്‍, എടക്കുളം വിദ്യാതരംഗിണി എല്‍.പി.സ്‌ക്കൂള്‍, ചേമഞ്ചേരി കൊളക്കാട് യു.പി.സ്‌ക്കൂള്‍, കണ്ണങ്കടവ് ഗവ. എല്‍.പി.സ്‌ക്കൂള്‍, വേളൂര്‍ ഗവ. യു.പി. സ്‌ക്കൂള്‍ കളി ആട്ടം ക്യാംപിലെ കുട്ടികള്‍ക്കൊപ്പം സ്‌കൂള്‍ വിദ്യാര്‍ഥികളേയും പങ്കെടുപ്പിക്കും. സമാപന സമ്മേളനം21 ന് വൈകീട്ട് നാടകരചയിതാവ് സുരേഷ്ബാബു ശ്രീസ്ഥ ഉദ്ഘാടനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ സുനില്‍ തിരുവങ്ങൂര്‍, ശിവദാസ് കാരോളി, ബിജു കാവില്‍, കാശി പൂക്കാട് എന്നിവര്‍ പങ്കെടുത്തു.