വടകര മണ്ഡലത്തില്‍ 120 പ്രശ്‌നബാധിത ബൂത്തുകള്‍; ചക്കിട്ടപ്പാറ, കൂരാച്ചുണ്ട് മേഖലയിലെ ചില ബൂത്തുകള്‍ മാവോയിസ്റ്റ് പ്രശ്‌ന സാധ്യതാ ബൂത്തുകള്‍, വോട്ടെടുപ്പ് കനത്ത സുരക്ഷയില്‍
വടകര: മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പിന് ജില്ലയില്‍ കനത്ത സുരക്ഷ. ഭീഷണിയുള്ള വടകര മണ്ഡലത്തിലെ 43 ബൂത്തുകളില്‍ പ്രത്യേക സുരക്ഷ ഒരുക്കും. ഓരോ സ്റ്റേഷന് കീഴിലും അഞ്ച് വാഹനങ്ങള്‍ തെരഞ്ഞെടുപ്പ് ദിവസം നിരന്തരം പെട്രോളിങ് നടത്തും. ഇതിന് പുറമെ പ്രത്യേകം സ്ട്രൈക്കിങ്ങ് ഫോഴ്സുകളും ബൂത്തുകളിലുണ്ടാവും.
ആകെ 141 ബൂത്തുകളാണ് ജില്ലയില്‍ പ്രശ്നബാധിത ബൂത്തുകളായി കണ്ടെത്തിയത്. ഇതില്‍ 120 എണ്ണം വടകര ലോക്സഭാ മണ്ഡലത്തിലും 21 എണ്ണം കോഴിക്കോടുമാണ്. മാവോയിസ്റ്റ് ഭീഷണിയുള്ളതും പ്രശ്നബാധിതമായി കണ്ടെത്തിയതുമായ പോളിംഗ് ബൂത്തുകള്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ കളക്ടര്‍ മുമ്പ് സന്ദര്‍ശിച്ചിരുന്നു.
ജില്ലയില്‍ തെരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി 2289 പോലീസ് സേനാംഗങ്ങളെയാണ് നിയോഗിച്ചിട്ടുള്ളത്. സെന്ട്രല്‍ ആംഡ് പോലീസ് ഫോഴ്സിലെ 472 പേരും ഡ്യൂട്ടിയിലുണ്ടാവും. വോട്ടെടുപ്പ് സുരക്ഷിതവും സമാധാനപൂര്‍ണവുമാക്കുന്നത് ശക്തമായ സുരക്ഷാ സന്നാഹം ജില്ലയില്‍ ഒരുക്കിയതായി കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് അറിയിച്ചു.
പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷനില്‍ ആറ് പോളിങ് കേന്ദ്രത്തിലെ എട്ട് ബൂത്തുകളിലും കൂരാച്ചുണ്ട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു പോളിങ് കേന്ദ്രത്തിലെ ഒരു ബൂത്തും മാവോവാദി പ്രശ്ന ബാധിത ബൂത്തുകളെന്ന നിലയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തും.
ചക്കിട്ടപാറ ഗ്രാമപ്പഞ്ചായത്ത് പരിധിയില്‍പ്പെട്ട മുതുകാട് കളക്ടീവ് ഫാം എല്‍.പി. സ്‌കൂള്‍, മുതുകാട് പേരാമ്പ്ര പ്ലാന്റേഷന്‍ ജി.എച്ച്.എസ്.എസ്, പെരുവണ്ണാമൂഴി ഫാത്തിമ മാത യു.പി. സ്‌കൂള്‍, ചെമ്പനോട സെയ്ന്റ് ജോസഫ് യു.പി. സ്‌കൂള്‍ എന്നിവിടങ്ങളിലെ ഓരോ ബൂത്തും കുറ്റ്യാടി ജലസേചനപദ്ധതിയുടെ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനിയര്‍ ഓഫീസിലെയും പൂഴിത്തോട് ഐ.സി.യു.പി. സ്‌കൂളിലെയും രണ്ടുബൂത്തുകള്‍ വീതവുമാണ് മാവോവാദി പ്രശ്‌നസാധ്യതാബൂത്തുകളെന്ന് കണക്കാക്കിയിട്ടുള്ളത്. കൂരാച്ചുണ്ട് പഞ്ചായത്തിലെ കക്കയം ജി.എല്‍.പി. സ്‌കൂളിലെ 62-ാം ബൂത്താണ് മാവോവാദി ഭീഷണി പട്ടികയിലുള്ള മറ്റൊരു ബൂത്ത്.