പോളിയോ പ്രതിരോധ തുള്ളിമരുന്ന് നാളെ; ജില്ലയില്‍ 2210 ബൂത്തുകള്‍ സജ്ജം
പോളിയോ രോഗം ഇല്ലാതാക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാര്‍ച്ച് 3ന് കേരളത്തില്‍ പള്‍സ് പോളിയോ ഇമ്യുണൈസേഷന്‍ പരിപാടി നടക്കും. അഞ്ച് വയസ്സുവരെയുള്ള കുട്ടികള്‍ക്ക് പ്രത്യേകം സജ്ജീകരിച്ച ബൂത്തുകള്‍ വഴിയാണ് പോളിയോ തുള്ളി മരുന്ന് നല്‍കുന്നത്.
കോഴിക്കോട് ജില്ലയില്‍ 219320 കുട്ടികള്‍ക്കാണ് തുള്ളിമരുന്ന് നല്‍കേണ്ടത്. ആകെ 2210 ബൂത്തുകള്‍ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. ഇതില്‍ 45 ട്രാന്‍സിറ്റ് പോയിന്റ്കളും 49 മൊബൈല്‍ ബൂത്തുകളും ഉള്‍പ്പെടും. പോളിയോ തുള്ളിമരുന്ന് വിതരണത്തിന്റെ ജില്ലതല ഉദ്ഘാടനം തിരുവങ്ങൂര്‍ ബ്ലോക്ക് കുടുംബരോഗ്യ കേന്ദ്രത്തില്‍ രാവിലെ എട്ടിനു കാനത്തില്‍ ജമീല എം.എല്‍.എ നിര്‍വഹിക്കും.
സ്‌കൂളുകള്‍, അങ്കണവാടികള്‍, വായനശാലകള്‍, ആരോഗ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ബൂത്തുകള്‍, ബസ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലെ ട്രാന്‍സിറ്റ് ബൂത്തുകള്‍, അതിഥി തൊഴിലാളികളുടെ ക്യാമ്പുകള്‍ എന്നിവിടങ്ങള്‍ വഴിയാണ് തുള്ളി മരുന്ന് വിതരണം നടത്തുക. പ്രത്യേകം പരിശീലനം നേടിയ ആരോഗ്യപ്രവര്‍ത്തകരും വളണ്ടിയര്‍മാരുമാണ് തുള്ളി മരുന്ന് വിതരണം നടത്തുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍ എന്നിവയുടെ പൂര്‍ണ്ണ സഹകരണത്തോടെയാണ് പള്‍സ്‌പോളിയോ ഇമ്യുണൈസേഷന്‍ പരിപാടി സംഘടിപ്പിക്കുന്നത്.
കേരളത്തില്‍ 2000 ന് ശേഷവും ഇന്ത്യയില്‍ 2011 ന് ശേഷവും പോളിയോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 2014 മാര്‍ച്ചില്‍ ലോകാരോഗ്യ സംഘടന ഭാരതത്തെ പോളിയോ മുക്ത രാജ്യമായി പ്രഖ്യാപിച്ചെങ്കിലും അയല്‍രാജ്യങ്ങളില്‍ പോളിയോ ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ രോഗസാധ്യത ഒഴിവാക്കാനായിട്ടാണ് നമ്മുടെ കുട്ടികള്‍ക്ക് പോളിയോ തുള്ളി മരുന്ന് തുടര്‍ന്നും നല്‍കുന്നത്. പൊതുജനങ്ങള്‍ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.