അഴിയൂരിലെ ബൈപ്പാസ് നിർമ്മാണ മേഖലയിലെ സംഘർഷം; സുരക്ഷാ ജീവനക്കാരുടെ പരാതിയിൽ വധശ്രമത്തിന് കേസെടുത്ത് പൊലീസ്


അഴിയൂർ: ബൈപ്പാസ് നിർമ്മാണ മേഖലയിൽ നടന്ന സംഘർഷത്തിൽ പത്തൊൻപത് പേർക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. അഴിയൂർ മുഴപ്പിലങ്ങാട് ബൈപ്പാസ് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സ്ഥലത്താണ് കഴിഞ്ഞ ദിവസം സംഘർഷമുണ്ടായത്.


നിർമ്മാണ  കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരെ മർദ്ദിച്ചതിന് മൂന്ന് സിപിഎം പ്രവർത്തകർ അടക്കം കണ്ടാലറിയാവുന്ന 15 പേർക്ക് എതിരെയും,നാട്ടുകാരുടെ പരാതിയിൽ നാല് സുരക്ഷാ ജീവനക്കാർക്ക് എതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.


സംഘർഷത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റയാളുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
അഴിയൂർ മുഴപ്പിലങ്ങാട് ബൈപ്പാസ് നിർമ്മാണക്കമ്പനിയിലെ സുരക്ഷാ ജീവനക്കാരനായ സമിനീഷിനും സഹോദരനായ ജിഷ്ണുവിനുമാണ് മർദ്ദനത്തിൽ പരിക്കേറ്റത്.


സി.പി.എമ്മുകാർ വിളിച്ചു വരുത്തി മർദ്ദിക്കുകയായിരുന്നുവെന്നും കോൺക്രീറ്റ് സ്ലാബു കൊണ്ട് അടിച്ചെന്നും മറ്റും ചൂണ്ടിക്കാണിച്ചാണ് സമിനീഷും ജീഷ്ണവും പൊലീസിൽ പരാതിപെട്ടിട്ടുള്ളത്. സംഭവത്തിൽ രാഷ്ട്രീയം ഇല്ലെന്നും ബൈപ്പാസ് മേഖലയിൽ ഡ്രൈവിംഗ് പരിശീലനത്തിന് അനുമതി നൽകുന്നതിൽ നാട്ടുകാരും നിർമ്മാണ കമ്പനിയും തമ്മിൽ നിലനിന്ന തർക്കം സംഘർഷത്തിൽ കലാശിച്ചതെന്നുമാണ് പൊലീസ് പറയുന്നത്. പരിക്കേറ്റവർ തലശ്ശേരി, വടകര എന്നിവിടങ്ങളിലെ ആശുപത്രികളിൽ ചികിത്സയിലാണ്.

Summary: Police registered a case of murder attempt against nineteen people in the conflict at the azhiyur bypass construction area.