മികച്ച ജൈവകര്‍ഷകനുള്ള ജില്ലാതല പ്രോത്സാഹന അവാര്‍ഡ് നേടി കൊയിലാണ്ടി പൊലീസ് ഓഫീസര്‍ ഒ.കെ.സുരേഷ്


കൊയിലാണ്ടി: മികച്ച ജൈവ കര്‍ഷനുള്ള ജില്ലാതല പ്രോത്സാഹന അവാര്‍ഡ് നേടി കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഒ.കെ.സുരേഷ്. ബാംഗ്ലൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സരോജിനി ദാമോദര്‍ ഫൗണ്ടേഷന്‍ മികച്ച ജൈവകര്‍ഷകര്‍ക്കായി നല്‍കിവരുന്ന 2024 വര്‍ഷത്തെ അക്ഷയശ്രീ അവാര്‍ഡിന്റെ ഭാഗമായാണ് ഒ.കെ.സുരേഷിനും അംഗീകാരം ലഭിച്ചിരിക്കുന്നത്. നടുവത്തൂര്‍ ആശ്രമം സ്‌കൂളിന് സമീപം ഒരേക്കര്‍ സ്ഥലം കാട് വെട്ടിതെളിച്ച് കൃഷി യോഗ്യമാക്കിയ പ്രവര്‍ത്തനത്തിലാണ് അവാര്‍ഡ്. 2025 മാര്‍ച്ച് ഒന്‍പതിന് ആലപ്പുഴ മുഹമ്മയില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ പ്രശസ്ത സിനിമാതാരം ശ്രീ അനൂപ് ചന്ദ്രന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.

കോഴിക്കോട് ജില്ലയിലെ മികച്ച ജൈവ കര്‍ഷകര്‍ക്കുള്ള പ്രോത്സാഹന അവാര്‍ഡായി 10000 രൂപയും മൊമെന്റോയും സര്‍ട്ടിഫിക്കറ്റുമാണ് സുരേഷിന് ലഭിക്കുക. അവാര്‍ഡ് മാര്‍ച്ച് ഒമ്പതിന് ആലപ്പുഴയില്‍ വെച്ച് വിതരണം ചെയ്യും.

സമ്മിശ്ര ജൈവ കൃഷിയിലൂടെയും വ്യത്യസ്ത കൃഷി പരീക്ഷണങ്ങളിലൂടെയും ഇതിനകം തന്നെ ഏറെ വിജയഗാഥ തീര്‍ത്ത ജൈവ കര്‍ഷകനാണ് ഒ.കെ.സുരേഷ്. നടുവത്തൂരില്‍ പാട്ടത്തിനെടുത്ത സ്ഥലത്താണ് സുരേഷ് കൂടുതലായും കൃഷി ചെയ്യുന്നത്. നമ്പ്രത്തുകരയിലെ സ്വന്തം വീടിനോട് ചേര്‍ന്നുള്ള സ്ഥലത്തും കൃഷിയുണ്ട്. പച്ചക്കറികള്‍, വാഴ, നെല്ല്, മലഞ്ചരക്കുകള്‍ ഇവയെല്ലാം ഈ തോട്ടങ്ങളില്‍ വിളയിക്കുന്നുണ്ട്.

തോട്ടത്തിലെത്തുന്ന ആവശ്യക്കാര്‍ക്കും കൊയിലാണ്ടി കൃഷിശ്രീ വിപണന കേന്ദ്രത്തിലും പച്ചക്കറികള്‍ വില്‍ക്കാറുണ്ട്. മുമ്പ് കൊയിലാണ്ടി പൊലീസ് സ്റ്റേഷന് സമീപം പൊലീസുകാര്‍ ഇറക്കിയ നെല്‍കൃഷിക്കും പച്ചക്കറി കൃഷിക്കും നേതൃത്വം നല്‍കിയത് സുരേഷ് ആയിരുന്നു.