പുകവലിക്കുന്നത് ചോദ്യംചെയ്തു; കോഴിക്കോട് ബീച്ചില്‍ പോലീസുകാരനുനേരെ കത്തിവീശിയ യുവാവ് അറസ്റ്റില്‍


കോഴിക്കോട്: പുകവലിക്കുന്നത് ചോദ്യം ചെയ്തതിന് പോലീസുകാരനു നേരെ കത്തിവീശിയ യുവാവ് പിടിയില്‍. പന്നിയങ്കര സ്വദേശി ഇര്‍ഫാനെ(19) യാണ് ഞായറാഴ്ച രാത്രിയോടെ ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്. പഴയ കോര്‍പ്പറേഷന്‍ ഓഫീസിന് സമീപത്തു നിന്നും പുകവലിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ യുവാവ് പോലീസുകാരനുനേരെ കത്തിവീശുകയായിരുന്നു.

പ്രതിയോടൊപ്പമുണ്ടായിരുന്ന 17 വയസ്സുകാരനെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടു. ഞായറാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് സംഭവം. ടൗണ്‍ പോലീസിന്റെയും ആന്റി നര്‍കോട്ടിക് സംഘത്തിന്റെയും നേതൃത്വത്തില്‍ സ്ഥിരമായി നടക്കുന്ന പരിശോധനയിലാണ് രണ്ടുപേര്‍ പൊതുസ്ഥലത്ത് പുകവലിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഇത് ചോദ്യംചെയ്തപ്പോള്‍ ഇര്‍ഫാന്‍ കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് വീശുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച നര്‍കോട്ടിക് സ്‌ക്വാഡിലെ സി.പി.ഒ ശ്യാംജിത്തിന് വലതുകൈയ്ക്ക് പരിക്കേറ്റു. ഉടനെ പ്രതികള്‍ ഓടിപ്പോവുകയും ചെയ്തു.

പിന്നീട് ടൗണ്‍ എസ്.ഐ സുഭാഷ് ചന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഇര്‍ഫാനെയും ഒപ്പമുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്തയാളെയും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.