പുലര്‍ച്ചെ ഒരുമണിയ്ക്കുള്ളില്‍ ബീച്ചില്‍നിന്നും മടങ്ങണം, പുതുവല്‍സരാഘോഷങ്ങളുടെ മറവില്‍ യാതൊരുവിധ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും നടത്തുവാന്‍ പാടുള്ളതല്ല; കോഴിക്കോട് ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി പോലീസ്


കോഴിക്കോട്: പുതുവല്‍സര ആഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.  വിവിധ ആഘോഷങ്ങളും പരിപാടികളും നടക്കുന്ന സാഹചര്യത്തില്‍ അനിഷ്ട സംഭവങ്ങള്‍ ഇല്ലാതെ പുതുവല്‍സരത്തെ സുഗമമായി വരവേല്‍ക്കുവാന്‍ കോഴിക്കോട് സിറ്റി പോലീസിന്റെ നേതൃത്വത്തില്‍ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ നാരായണന്‍. ടി. ഐ.പി.എസ്. ന്റെ നേതൃത്വത്തില്‍ ഡെപ്യുട്ടി പോലീസ് കമ്മീഷണര്‍ (ലോ ആന്റ് ഓര്‍ഡര്‍), അഡീഷണല്‍ ഡി.സി.പി. (അഡ്മിനിസ്‌ട്രേഷന്‍), ഏഴോളം എ.സി.പി.മാര്‍, കൂടാതെ ഇന്‍സ്‌പെക്ടര്‍മാര്‍, സബ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ എഴുനൂറ്റിയമ്പതോളം പോലീസുദ്യോഗസ്ഥരെയാണ് ഡ്യൂട്ടിയ്ക്ക് നിയോഗിച്ചിട്ടുള്ളത്.
പുതുവല്‍സര ആഘോഷങ്ങള്‍ നടക്കുന്ന പ്രധാനപ്പെട്ട സ്ഥലങ്ങളായ കോഴിക്കോട് ബീച്ച്, ബട്ട് റോഡ് ബീച്ച്, വരക്കല്‍ ബീച്ച്, ബേപ്പൂര്‍ ബീച്ച്, പുലിമൂട്ട്, മാളുകള്‍, ബാര്‍ ഹോട്ടലുകള്‍, ബീയര്‍ പാര്‍ലറുകള്‍, റിസോര്‍ട്ടുകള്‍, ഫ്‌ലാറ്റുകള്‍, അപ്പാര്‍ട്ട് മെന്റുകള്‍ മുതലായ സ്ഥലങ്ങളിലും കൂടാതെ ബസ്റ്റാന്റ്, റെയില്‍വേ സ്റ്റേഷന്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, ആരാധനാലയങ്ങള്‍ വ്യാപാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും പോലീസ് ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തും.
പുതുവല്‍സരാഘോഷങ്ങളുടെ മറവില്‍ യാതൊരുവിധ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും നടത്തുവാന്‍ പാടുള്ളതല്ലെന്നും  ആഘോഷങ്ങള്‍ മതിയായ വെളിച്ചത്തോടുകൂടി മാത്രമേ നടത്തുവാന്‍ പാടുള്ളു. ഇത് പരിപാടി നടത്തുന്ന സംഘാടകര്‍ ഉറപ്പുവരുത്തേണ്ടതാണ്. പുതുവല്‍സരാഘോഷങ്ങളുടെ ഭാഗമായി കാര്‍/ബൈക്ക് റേസിംഗ് നടത്തുന്നതും, പൊതുസ്ഥലങ്ങളില്‍വെച്ച് പരസ്യമായി മദ്യപിക്കുന്നതും, മദ്യപിച്ച് വാഹനം ഓടിക്കുന്നതും തടയുന്നതിനായി പോലീസിന്റെ ശക്തമായ നടപടികള്‍ ഉണ്ടായിരിക്കുന്നതാണ്.
ജില്ലാ അതിര്‍ത്തികളില്‍ പോലീസുദ്യോഗസ്ഥരെ നിയോഗിച്ചുകൊണ്ട് ശക്തമായ വാഹനപരിശോധന ഉണ്ടായിരിക്കുന്നതാണ്. സ്ത്രീകളുടെയും, കുട്ടികളുടെയും, വിദേശികളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന് മഫ്റ്റി പോലീസിനെയും വനിതാ പോലീസുദ്യോഗസ്ഥരെയും നിയോഗിക്കും. വൈകീട്ട് 05.00 മണി മുതല്‍ ഗാന്ധി റോഡ് മുതല്‍ വലിയങ്ങാടി ജംഗ്ഷന്‍ വരെയുള്ള ഭാഗങ്ങളില്‍ വാഹനഗതാഗതം അനുവദിക്കുന്നതല്ല. വൈകീട്ട് 05.00 മണിയ്ക്ക് ശേഷം ബീച്ചിലേക്ക് വരുന്നവര്‍ വാഹനങ്ങള്‍ പുറത്തുള്ള പാര്‍ക്കിംഗ് ഏരിയകളില്‍ പാര്‍ക്ക് ചെയ്ത ശേഷം ബീച്ചിലേയ്ക്ക് വരേണ്ടതാണ്.
ബീച്ചിലേക്ക് വന്നയാളുകള്‍ 01.01.2025 തിയ്യതി പുലര്‍ച്ചെ 01.00 മണിയ്ക്കുള്ളില്‍ ബീച്ചില്‍നിന്നും മടങ്ങേണ്ടതാണ്. ഉച്ചഭാഷിണി ഉപയോഗിച്ച് ചട്ടലംഘനം നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്. പുതുവല്‍സര ആഘോഷം നടത്തുവാന്‍ തീരുമാനിച്ചിട്ടുള്ള എല്ലാ സംഘടനകളും/സംഘാടകരും അതാതു പോലീസ് സ്റ്റേഷനില്‍ നിന്നും മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കേണ്ടതാണ്. പുതുവല്‍സരാഘോഷങ്ങളുടെ ഭാഗമായി എന്തെങ്കിലും അനിഷ്ട സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനടി അടുത്തുള്ള പോലീസ് സ്റ്റേഷനിലോ കേരളാ പോലീസിന്റെ ടോള്‍-ഫ്രീ നമ്പറായ (112),(1515)ലേക്കോ വിളിക്കാവുന്നതാണ്.
ലഹരി വില്‍പ്പനയ്ക്കും ഉപയോഗത്തിനുമെതിരെ ആന്റി നാര്‍ക്കോട്ടിക്ക് സ്‌ക്വാഡിന്റെ ശക്തമായ പരിശോധന ഉണ്ടായിരിക്കുന്നതാണ്. ആളുകള്‍ ധാരാളമായി പങ്കെടുക്കുന്ന പരിപാടികളില്‍ തിക്കുംതിരക്കും കാരണം എന്തെങ്കിലും അനിഷ്ടസംഭവങ്ങള്‍ ഉണ്ടായാല്‍ അത്തരം അടിയന്തിര സാഹചര്യം നേരിടുന്നതിനാവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ സംഘാടകര്‍ ഉറപ്പുവരുത്തേണ്ടതാണ്. എല്‍.ഇ.ഡി. ലൈറ്റ് ഡിസ്‌പ്ലേ നടക്കുന്ന സ്ഥലങ്ങളില്‍നിന്നും കുട്ടികള്‍ക്ക് ഷോക്കേല്‍ക്കാതിരിക്കാന്‍ അനൌണ്‍സ്‌മെന്റ് നടത്തി രക്ഷിതാക്കളെ ബോധവാന്‍മാരാക്കേണ്ടതാണ്. അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളില്‍ ആഘോഷ പരിപാടികള്‍ നടക്കുന്നുണ്ടെങ്കില്‍ ക്യാമ്പുകളുടെ നടത്തിപ്പുകാര്‍ അല്ലെങ്കില്‍ തൊഴിലുടമകള്‍ ആവശ്യമായ നിര്‍ദ്ദേശം നല്‍കേണ്ടതും പരിപാടി സമാധാനപരമായി നടത്തുന്നതാണെന്ന് ഉറപ്പുവരുത്തേണ്ടതുമാണ്.