സി.പി.എം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.വി. സത്യനാഥന്‍ കൊലപാതകം; കുറ്റപത്രം സമർപ്പിച്ച് പോലീസ്


കൊയിലാണ്ടി: സി.പി.എം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പുളിയോറവയല്‍ സത്യനാഥന്റെ കൊലപാതക കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് പോലീസ്. കൊയിലാണ്ടി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിക്ക് മുമ്പാകെയാണ് 2000 പേജ് ഉള്ള കുറ്റപത്രം സമർപ്പിച്ചത്. പെരുവട്ടൂര്‍ സ്വദേശി അഭിലാഷ് വ്യക്തി വൈരാഗ്യം മൂലം സത്യനാഥനെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

157 സാക്ഷികളുടെ മൊഴികളാണ് കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 125 ഓളം തൊണ്ടി വസ്തുക്കളും ശേഖരിച്ചിരുന്നു. പ്രതി അഭിലാഷിന്റെ ശബ്ദ സന്ദേശങ്ങള്‍ തിരുവനന്തപുരം ഫോറന്‍സിക്ക് ലാബില്‍ എത്തിച്ച് പരിശോധിച്ചിരുന്നു. സാങ്കേതിക തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്.

ഫെബ്രുവരി 22-ന് ആയിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കഴുത്തിലും പുറത്തും കത്തികൊണ്ട് ആഴത്തിലുള്ള കുത്തേറ്റ് ഗുരുതരാവസ്ഥയില്‍ മുത്താമ്പി ചെറിയപ്പുറം ക്ഷേത്ര പരിസരത്താണ് സത്യനാഥനെ കണ്ടത്. ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ഗാനമേള നടക്കുന്നതിനിടെയായിരുന്നു സംഭവം.

വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതി അഭിലാഷ് മൊഴി നല്‍കിയിരുന്നത്. പി.വി.സത്യന്‍ തന്നെ മനപൂര്‍വ്വം അവഗണിച്ചുവെന്നും പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന് മാറ്റിനിര്‍ത്തിയെന്നുമായിരുന്നു അഭിലാഷിന്റെ മൊഴി.

വടകര ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള 14 അംഗ സംഘമാണ് കേസ് അന്വേഷിച്ചത്. ഡിവൈ.എസ്.പി. വിനോദ്കുമാര്‍, പേരാമ്പ്ര ഡിവൈ.എസ്.പി. ബിജു കെ.എം എന്നിവർ മേല്‍നോട്ടം വഹിച്ചു. കൊയിലാണ്ടി സി ഐ മെല്‍ബിന്‍ ജോസ്, എ എസ് ഐ മാരായ കെ പി ഗിരീഷ്, പി മനോജ്, ഒ കെ സുരേഷ് എന്നിവരാണ് കുറ്റപത്രം സമര്‍പ്പിച്ച അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.