ചാലിയാര്‍ പുഴയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ മൃതദേഹം; മരണത്തില്‍ ദുരൂഹതയെന്ന് നാട്ടുകാര്‍


എടവണ്ണപ്പാറ: എടവണ്ണപ്പാറ ചാലിയാര്‍ പുഴയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി മുങ്ങിമരിച്ചതില്‍ ദുരൂഹത ആരോപിച്ച് നാട്ടുകാര്‍. വെട്ടത്തൂര്‍ സ്വദേശിനി വളച്ചിട്ടിയില്‍ സന ഫാത്തിമ (17)യെയാണ് മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ചാലിയാര്‍ പുഴയിലെ മുട്ടിങ്ങല്‍ കടവില്‍ ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് മൃതദേഹം കണ്ടത്. സനയെ കാണാതായതിനെ തുടര്‍ന്ന് നാട്ടുകാരും രക്ഷിതാക്കളും നടത്തിയ തിരച്ചിലിനൊടുവിലാണ് പുഴയില്‍ മൃതദേഹം കണ്ടെത്തിയത്.

കുട്ടി എങ്ങനെയാണ് പുഴയില്‍ എത്തിയത് എന്നതടക്കമുള്ള കാര്യങ്ങളില്‍ ദുരൂഹത നീക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. പഠനത്തില്‍ മിടുക്കിയായിരുന്ന സനയുടെ ദുരൂഹമരണം നാടിനെ ആകെ ഞെട്ടിച്ചിട്ടുണ്ട്.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുള്ള നടപടികളിലാണെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലെ കൂടുതല്‍ വ്യക്ത നല്‍കാനാവൂവെന്നും പൊലീസ് പറഞ്ഞു.