പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് യുവതിയുടെ പരാതി; വ്‌ളോഗര്‍ മല്ലു ട്രാവലര്‍ ഷക്കീര്‍ സുബാനെതിരെ പൊലീസ് കേസ്


കൊച്ചി: പ്രമുഖ വ്‌ളോഗര്‍ മല്ലു ട്രാവലര്‍ ഷക്കീര്‍ സുബാനെതിരെ പൊലീസ് കേസ്. പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന യുവതിയുടെ പരാതിയിലാണ് നടപടി. സൗദി സ്വദേശിയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്.

ഏറെ നാളായി കൊച്ചിയില്‍ താമസിച്ചുവരുന്ന സൗദി പൗരയായ 29കാരിയെ സെപ്റ്റംബര്‍ 13ന് എറണാകുളത്തെ ഹോട്ടലില്‍വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. യുവതിയെ അഭിമുഖം ചെയ്യാനെന്ന് പറഞ്ഞാണ് മല്ലു ട്രാവലര്‍ ഷക്കീര്‍ സുബാന്‍ ഹോട്ടലിലെത്തിയത്. ഈ സമയത്ത് യുവതിയുടെ പ്രതിശ്രുത വരനും സ്ഥലത്തുണ്ടായിരുന്നു. എന്നാല്‍ കുറച്ചുസമയത്തിനുശേഷം പ്രതിശ്രുത വരന്‍ പുറത്തേക്ക് പോയി. ഈ സമയത്ത് ഷക്കീര്‍ സുബാന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി.

പ്രതി ഇപ്പോള്‍ വിദേശത്തേക്ക് കടന്നതായാണ് പൊലീസ് പറയുന്നത്.