തിക്കോടിയിലെ പൊലീസ് മര്‍ദ്ദനം: പഞ്ചായത്ത് പ്രസിഡന്റടക്കം നിരവധി പേര്‍ ആശുപത്രിയില്‍
തിക്കോടി: തിക്കോടി ടൗണില്‍ അടിപ്പാത അനുവദിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്തവര്‍ക്കുനേരെയുള്ള പൊലീസ് മര്‍ദ്ദനത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും മൂടാടി കുടുംബാരോഗ്യ കേന്ദ്രത്തിലുമായി നിരവധി പേരാണ് ചികിത്സയിലുള്ളത്.
ഇരുപതോളം പേരാണ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. തിക്കോടി സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വിശ്വന്‍, സി.പി.എം തിക്കോടി ലോക്കല്‍ സെക്രട്ടറി ബിജു കളത്തില്‍, ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ നാരായണന്‍, മനോജ്, സുരേഷ് സമരസമിതി പ്രവര്‍ത്തകരായ ഷാഹിദ, സുരേഷ്, രേവതി, റഫീഖ്, ഹുസ്‌ന, റംല, ഷൗജത് തുടങ്ങിയവരാണ് താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.
ഇതില്‍ ആര്‍.വിശ്വന്‍, കെ.വി.സുരേഷ്, ഷാഹിദ, ബിജു കളത്തില്‍ എന്നിവര്‍ക്ക് ഗുരുതരപരിക്കുണ്ട്. തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ്, ജില്ലാ പഞ്ചായത്ത് അംഗം ദുല്‍ഖിഫില്‍ തുടങ്ങിയര്‍ മൂടാടി കുടുംബാരോഗ്യ കേന്ദ്രത്തിലും ചികിത്സതേടി.
സമരം ആരംഭിക്കുന്നതിന് മുമ്പേ തന്നെ രണ്ട് ഡി.വൈ.എസ്.പി മാരുടെ നേതൃത്വത്തില്‍ പയ്യോളി വടകര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരടക്കം സ്ഥലത്ത് നാനൂറോളം പൊലീസുകാരെ തിക്കോടിയിലെ സമരപ്പന്തലിന് സമീപം നിലയുറപ്പിച്ചിരുന്നു. സമരസമിതി പ്രവര്‍ത്തകര്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ യാതൊരു പ്രകോപനവുമില്ലാതെ പൊലീസ് മര്‍ദ്ദിക്കുകയായിരുന്നു. ജെ.സി.ബി ഉപയോഗിച്ച് പ്രവൃത്തി തുടങ്ങാന്‍ നേരത്ത് പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ച സമരസമിതി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തതാണ് സംഘര്‍ഷത്തിന് വഴിവെച്ചത്. സ്ത്രീകളടക്കം നിരവധി പേര്‍ക്ക് പരിക്കുണ്ട്.
പ്രവര്‍ത്തകരെ അറസ്റ്റു ചെയ്ത് നീക്കിയതിന് പിന്നാലെ പൊലീസ് നേതൃത്വത്തില്‍ ജെ.സി.ബി ഉപയോഗിച്ച് തിക്കോടി ടൗണിലെ സമരപ്പന്തല്‍ പൊളിച്ചുനീക്കി.
Summary: Police beating in Thikodi: Many people including panchayat president are in hospital