തിക്കോടിയിലെ അടിപ്പാത അക്ഷന്‍ കമ്മിറ്റിയുടെ സമരപ്പന്തല്‍ പൊളിച്ചുനീക്കി; പൊലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ അഞ്ച് സമരനേതാക്കള്‍ ആശുപത്രിയില്‍


തിക്കോടി: തിക്കോടിയിലെ സംഘര്‍ഷത്തിന് പിന്നാലെ അടിപ്പാത ആക്ഷന്‍ കമ്മിറ്റിയുടെ സമരപ്പന്തല്‍ പൊലീസ് നേതൃത്വത്തില്‍ പൊളിച്ചുനീക്കി. പൊലീസ് മര്‍ദ്ദനത്തെ തുടർന്ന് ആക്ഷന്‍ കമ്മിറ്റി വൈസ് ചെയര്‍മാനടക്കമുള്ള സമരസമിതി പ്രവര്‍ത്തകര്‍ ആശുപത്രിയിലാണ്. ആക്ഷന്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍ മനോജ്, കണ്‍വീനര്‍ സുരേഷ്, ട്രഷറര്‍ നാരായണന്‍, തിക്കോടി പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.വിശ്വന്‍, സി.പി.എം തിക്കോടി ലോക്കല്‍ സെക്രട്ടറി ബിജു കളത്തില്‍, എന്നിവരാണ് ആശുപത്രിയിലുള്ളത്.

അറസ്റ്റു ചെയ്ത് കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലെത്തിച്ച ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവര്‍ക്ക് പുറമേ തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ്, വാര്‍ഡ് മെമ്പര്‍മാരായ ഷക്കീല, സന്തോഷ് തിക്കോടി, ജില്ലാ പഞ്ചായത്ത് അംഗം ദുല്‍ഖിഫില്‍, ആക്ഷന്‍ കമ്മിറ്റിയംഗങ്ങളായ റഫീഖ്, ശശി, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.ടി.വിനോദന്‍, മണ്ഡലം പ്രസിഡന്റ് ജയചന്ദ്രന്‍ തുടങ്ങിയവരും അറസ്റ്റിലായിരുന്നു.

സമരം ആരംഭിക്കുന്നതിന് മുമ്പേ തന്നെ രണ്ട് ഡി.വൈ.എസ്.പി മാരുടെ നേതൃത്വത്തില്‍ പയ്യോളി വടകര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരടക്കം സ്ഥലത്ത് നാനൂറോളം പൊലീസുകാരെ തിക്കോടിയിലെ സമരപ്പന്തലിന് സമീപം നിലയുറപ്പിച്ചിരുന്നു. സമരസമിതി പ്രവര്‍ത്തകര്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ യാതൊരു പ്രകോപനവുമില്ലാതെ പൊലീസ് മര്‍ദ്ദിക്കുകയായിരുന്നു. ജെ.സി.ബി ഉപയോഗിച്ച് പ്രവൃത്തി തുടങ്ങാന്‍ നേരത്ത് പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ച സമരസമിതി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തതാണ് സംഘര്‍ഷത്തിന് വഴിവെച്ചത്.

തിക്കോടി ടൗണില്‍ അടിപ്പാത അനുവദിക്കണമെന്ന ആവശ്യം പരിഗണിക്കാതെ പ്രദേശത്തെ ദേശീയപാത നിര്‍മ്മാണ പ്രവൃത്തി തുടങ്ങാനുള്ള നീക്കം ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തടഞ്ഞതിനെ തുടര്‍ന്നായിരുന്നു പ്രദേശത്ത് സംഘര്‍ഷമുടലെടുത്തത്. പ്രവൃത്തി തടയാന്‍ ശ്രമിച്ച പ്രദേശവാസികളെ പൊലീസ് നേരിടുകയായിരുന്നു. പൊലീസ് മര്‍ദ്ദനത്തില്‍ സ്ത്രീകളടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് സമരസമിതി പ്രവര്‍ത്തകര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

അതേസമയം ദേശീയപാതയുടെ നിര്‍മ്മാണ പ്രവൃത്തി പ്രദേശത്ത് പൊലീസ് സുരക്ഷയില്‍ ആരംഭിച്ചിട്ടുണ്ട്. സംഘര്‍ഷ സാഹചര്യം തുടരുകയാണ്.