സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്ത് നിരീക്ഷണ ക്യാമറകളുടെ പരിധിയും സാങ്കേതിക സജ്ജീകരണങ്ങളും മനസിലാക്കി, പിന്നാലെ ആസൂത്രിതമായ മോഷണം; കോഴിക്കോട് നടന്ന മോഷണക്കേസില്‍ പ്രതികള്‍ പൊലീസ് പിടിയില്‍
കോഴിക്കോട്: കോഴിക്കോട് നഗരമധ്യത്തിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ കവര്‍ച്ച നടത്തിയ യുവാക്കളെ സിറ്റി ക്രൈം സ്‌ക്വാഡും നടക്കാവ് പോലീസും ചേര്‍ന്ന് പിടികൂടി. ലക്ഷദ്വീപ് സ്വദേശിയായ മുഹമ്മദ് റാസി (24), ബേപ്പൂര്‍ സ്വദേശി വിശ്വജിത്ത് (21), അഫ് ലഹ് ചെമ്മാടന്‍ (20) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. മോഷണം നടത്തിയ ശേഷം ലക്ഷദ്വീപിലേക്ക് കടക്കാനായിരുന്നു പദ്ധതി. ഒരാഴ്ചത്തെ പഴുതടച്ച അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്.
മോഷണം നടന്ന അന്നുതന്നെ ടൗണ്‍ എ.സി.പി ടി.കെ.അഷ്‌റഫിന്റെ നിര്‍ദ്ദേശപ്രകാരം നടക്കാവ് ഇന്‍സ്‌പെക്ടര്‍ എന്‍.പ്രജീഷിന്റെ നേതൃത്വത്തില്‍ പോലീസ് ശാസ്ത്രീയരീതിയില്‍ തെളിവുകള്‍ ശേഖരിച്ചിരുന്നു. ഡേ മാര്‍ട്ടിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പ്രതികള്‍ പൂര്‍ണമായും മുഖം മറച്ചിരുന്നതും കയ്യുറകള്‍ ധരിച്ചതും ആസൂത്രിതമായ കവര്‍ച്ചയിലേക്കാണ് വിരല്‍ചൂണ്ടിയത്.
ഫറോക്കിലെ രഹസ്യകേന്ദ്രത്തില്‍നിന്നും കവര്‍ച്ച ആസൂത്രണം ചെയ്ത് പ്രതികള്‍ ബൈക്കില്‍ രാത്രി രണ്ടേമുക്കാലോടെ നടക്കാവിലേക്ക് പുറപ്പെട്ടു. രണ്ടാഴ്ചയോളം ലക്ഷദ്വീപ് സ്വദേശിയായ മുഹമ്മദ് റാസി ഡേ മാര്‍ട്ട് ജോലിചെയ്ത് സിസിടിവിയുടെ ചിത്രീകരണ പരിധിയുള്‍പ്പെടെ സാങ്കേതിക സജ്ജീകരണങ്ങളെകുറിച്ചും സമീപത്തുള്ള മറ്റ് നിരീക്ഷണ ക്യാമറകളെകുറിച്ചും മനസ്സിലാക്കിയിരുന്നു. നഗരത്തിലെ എ.ഐ.ക്യാമറകളും സിസിടിവി ക്യാമറകളും കുറവുള്ള റൂട്ട് കൃത്യമായി മനസ്സിലാക്കിയ ശേഷമാണ് പ്രതികള്‍ പദ്ധതി നടപ്പാക്കിയത്. രണ്ടുപേര്‍ അകത്ത് കടന്ന് മോഷണം നടത്തുമ്പോള്‍ ഒരാള്‍ പുറത്ത് കാവല്‍ നിന്ന് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന രീതിയിലാണ് മോഷണം ആസൂത്രണം ചെയ്ത്.
തുടക്കത്തില്‍ യാതൊരു തെളിവും അവശേഷിപ്പിക്കാതെ നടത്തിയ കവര്‍ച്ചയ്ക്ക് പിന്നില്‍ സൂപ്പര്‍മാര്‍ക്കറ്റുമായി ബന്ധമുള്ള ആളാണെന്ന് സിറ്റി ക്രൈം സ്‌ക്വാഡിന്റെ ശരീരഭാഷാവിശകലന വിദഗ്ദര്‍ കണ്ടെത്തിയിരുന്നെങ്കിലും ഒരു വര്‍ഷം മുമ്പ് മാനേജരുമായി പ്രശ്‌നമുണ്ടാക്കി ജോലി ഉപേക്ഷിച്ച് ഇറങ്ങിയ പ്രതിയിലേക്കെത്താന്‍ സിറ്റിയിലെ നൂറോളം സിസിടിവി ദൃശ്യങ്ങളാണ് സിറ്റി ക്രൈം സ്‌ക്വാഡ് ശേഖരിച്ചത്. പോലീസിനെ വഴിതിരിച്ചുവിടാനായി പ്രതികള്‍ ഫറോക്ക് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നും പുറപ്പെട്ട് തിരികെ അതേ സ്ഥലത്ത് തന്നെ എത്തുകയായിരുന്നു. പ്രതികള്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ സമയം ട്രെയിന്‍ കടന്നുപോയിരുന്നുവെങ്കിലും അതിന് ഫറോക്കില്‍ സ്റ്റോപ്പ് ഉണ്ടാകാതിരുന്നത് കേസില്‍ വഴിത്തിരിവായി. തുടര്‍ന്ന് ഫറോക്കില്‍ താത്കാലിക താവളമൊരുക്കി സിറ്റി ക്രൈം സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
വിശദമായ ചോദ്യം ചെയ്തതില്‍ കഴിഞ്ഞ മാസം ഇരുപതിന് തിരൂര്‍ മാര്‍ക്കറ്റിലെ മാങ്ങാടന്‍ ബില്‍ഡിങ്ങിലെ കടയിലും സമാനമായ രീതിയില്‍ മോഷണം നടത്തിയതായി പ്രതികള്‍ പോലീസിനോട് പറഞ്ഞു. ആഢംഭര ജീവിതത്തിനും ലഹരി ഉപയോഗത്തിനുമാണ് മോഷ്ടിച്ചു കിട്ടിയ പണം ഉപയോഗിക്കുന്നത്. പ്രതികള്‍ക്ക് മറ്റു സഹായങ്ങള്‍ ലഭിച്ചിട്ടുണ്ടോ എന്നത് പരിശോധിച്ചു വരികയാണ്.
സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ഹാദില്‍ കുന്നുമ്മല്‍, എ.പ്രശാന്ത് കുമാര്‍, ഷാഫി പറമ്പത്ത്, ജിനേഷ് ചൂലൂര്‍, രാകേഷ് ചൈതന്യം, ഷഹീര്‍ പെരുമണ്ണ, നടക്കാവ് സബ് ഇന്‍സ്‌പെക്ടര്‍മാരായ ബിനു മോഹന്‍, ലീല വേലായുധന്‍, എസ്.സി.പി.ഒമാരായ ശ്രീകാന്ത്, രജീഷ്ജഗ, ഷജല്‍ ഇഗ്‌നേഷ്യസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.