എട്ടു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു; കക്കോടി സ്വദേശിക്ക് 23 വര്‍ഷം കഠിന തടവും 85,000 രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി


കൊയിലാണ്ടി: എട്ടു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിക്ക് 23 വര്‍ഷം കഠിന തടവും 85,000 രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി. കക്കോടി സ്വദേശി ആയിഷ മന്‍സിലില്‍ റില്‍ഷാദുല്‍ എന്ന കുട്ടിമോന്(38) ആണ് കേസിലെ പ്രതി. പോക്സോ നിയമത്തിലെ സെക്ഷന്‍ 9(1), 9(പി) പ്രകാരവും ഐ.പി.സി സെക്ഷന്‍ 354 വിവിധ വകുപ്പുകള്‍ പ്രകാരവുമാണ് ശിക്ഷ വിധിച്ചത്. പ്രതി എല്ലാം കൂടി ആറു വര്‍ഷം തടവ് ശിക്ഷ അനുഭവിച്ചാല്‍ മതി. പിഴ സംഖ്യ അടച്ചില്ലെങ്കില്‍ മൂന്നു വര്‍ഷം കൂടെ തടവ് ശിക്ഷ അനുഭവിക്കണം. ജഡ്ജ് അനില്‍ ടി പി ആണ് വിധി പറഞ്ഞത്.


2018 ല്‍ ആണ് കേസ് ന് ആസ്പദമായ സംഭവം നടന്നത്. ബാലികയെ ഓട്ടോയില്‍ സ്‌കൂളില്‍ കൊണ്ടുവിടുമായിരുന്ന പ്രതി മറ്റു കുട്ടികളെ ഇറക്കിയ ശേഷം ബാലികയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. തിരിച്ച് വീട്ടിലെത്തിയ കുട്ടി സംഭവം വീട്ടുകാരോട് പറഞ്ഞു. തുടര്‍ന്ന് എലത്തൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എലത്തൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ പ്രശാന്ത് സി അന്വേഷിച്ച കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി ജെതിന്‍ ഹാജരായി.