‘കേരളത്തിലെ ക്യാമ്പസുകളില്‍ ഇനിയൊരു ജിഷ്ണു പ്രണോയ് ഉണ്ടായിക്കൂടാ, എസ്.എഫ്.ഐ അതിന് അനുവദിക്കില്ല’; കൊല്ലം ഗുരുദേവ കോളേജിലെ സംഘര്‍ഷത്തില്‍ കുറിപ്പുമായി പി.എം ആര്‍ഷോ


കൊയിലാണ്ടി: കേരളത്തിലെ ക്യാമ്പസുകളില്‍ ഇനിയൊരു ജിഷ്ണു പ്രണോയ് ഉണ്ടായിക്കൂടെന്നും അതിന് എസ്.എഫ്.ഐ അനുവദിക്കില്ലെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ. കൊല്ലം ഗുരുദേവ കോളേജിലെ സംഘര്‍ഷത്തെ തുടര്‍ന്ന് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്.

എസ്.എഫ്.ഐ കൊയിലാണ്ടി ഏരിയാ പ്രസിഡൻ്റ് സഖാവ് അഭിനവിൻ്റെ ചെവിയുടെ കർണപടം തകർത്തത് കോളേജിലെ പ്രിൻസിപ്പാളാണെന്നും, ആറ് മാസത്തെ തുടർ ചികിത്സകൾക്ക് ശേഷമേ സഖാവ് അഭിനവിൻ്റെ കേൾവി ശക്തി സാധാരണ നിലയിൽ ആവുകയുള്ളൂവെന്നും കുറിപ്പില്‍ പറയുന്നുണ്ട്‌.

വിദ്യാർത്ഥി സംഘടനാ സ്വാതന്ത്ര്യം നിഷേധിച്ചതിനെ ചോദ്യം ചെയ്തു അവര്‍ ചെയ്ത തെറ്റ്‌. മുമ്പ് ഇതുപോലൊരു എസ്.എഫ്.ഐ പ്രവർത്തകൻ ഉണ്ടായിരുന്നു, പാമ്പാടി നെഹ്റു കോളേജിൽ. മാനേജ്മെൻ്റ് തിട്ടൂരങ്ങളെ ചോദ്യം ചെയ്തതിൻ്റെ പേരിൽ ഇടിമുറിയിലിട്ട് ഇടിച്ച് ഇടിച്ചാണ് അദ്ധ്യാപകരും, അനദ്ധ്യാപകരും അടങ്ങുന്ന ഗുണ്ടാസംഘം സഖാവ് ജിഷ്ണുവിനെ മരണത്തിലേക്ക് വലിച്ചെറിഞ്ഞ് കൊടുത്തതാണെന്നും കുറിപ്പില്‍ പറയുന്നു.

പി.എം ആര്‍ഷോയുടെ കുറിപ്പിന്റെ പൂര്‍ണരൂപം:

എസ്.എഫ്.ഐ കൊയിലാണ്ടി ഏരിയാ പ്രസിഡൻ്റ് സഖാവ് അഭിനവിൻ്റെ ചെവിയുടെ കർണപടം തകർത്തത് കൊയിലാണ്ടി ഗുരുദേവ കോളേജിലെ പ്രിൻസിപ്പാൾ ആണ്. വിദ്യാർത്ഥി സംഘടനാ സ്വാതന്ത്ര്യം നിഷേധിച്ചതിനെ ചോദ്യം ചെയ്തു എന്നതാണ് തെറ്റ്. ആറ് മാസത്തെ തുടർ ചികിത്സകൾക്ക് ശേഷമേ സഖാവ് അഭിനവിൻ്റെ കേൾവി ശക്തി സാധാരണ നിലയിൽ ആവുകയുള്ളൂ എന്നാണ് ഡോക്ടർമാർ പറയുന്നത്.

മുമ്പ് ഇതുപോലൊരു എസ്.എഫ്.ഐ പ്രവർത്തകൻ ഉണ്ടായിരുന്നു, പാമ്പാടി നെഹ്റു കോളേജിൽ. മാനേജ്മെൻ്റ് തിട്ടൂരങ്ങളെ ചോദ്യം ചെയ്തതിൻ്റെ പേരിൽ ഇടിമുറിയിലിട്ട് ഇടിച്ച് ഇടിച്ചാണ് അദ്ധ്യാപകരും, അനദ്ധ്യാപകരും അടങ്ങുന്ന ഗുണ്ടാസംഘം സഖാവ് ജിഷ്ണുവിനെ മരണത്തിലേക്ക് വലിച്ചെറിഞ്ഞ് കൊടുത്തത്.
കേരളത്തിലെ ക്യാമ്പസുകളിൽ ഇനിയൊരു ജിഷ്ണു പ്രണോയ് കൂടെ ഉണ്ടായിക്കൂടാ. ഇടിമുറികളും ഇടിവരാന്തകളും ഇനിയും പ്രവർത്തിച്ചു കൂടാ, എസ്.എഫ്.ഐ അതിന് അനുവദിക്കില്ല.

സംഘടനാ പ്രവർത്തനം നിരോധിച്ച സെൽഫ് ഫിനാൻസിങ്ങ് കോളേജിൽ ‘ഇവിടെ സംഘടനാ പ്രവർത്തനവും ഹെല്പ് ഡസ്ക് പ്രവർത്തനവും വേണ്ട’ എന്ന് പ്രിൻസിപ്പാളും മാനേജ്മെന്റും പറഞ്ഞാൽ കൊടി മടക്കി തിരിച്ച് പോകണമായിരുന്നു എന്നതായിരുന്നു പ്രധാനപ്പെട്ട ഒരു മാധ്യമ പ്രവർത്തകന്റെ ഇന്നത്തെ ടേക്ക്. സൗകര്യപ്പെടില്ല സർ,

ബ്രിട്ടീഷ് ഇന്ത്യയിൽ 1905 ഒക്ടോബർ 10 ന് ബംഗാൾ വിഭജനത്തിന്റെ പശ്ചാത്തലത്തിൽ ഉയർന്ന വിദ്യാർത്ഥി സമരങ്ങളെ അടിച്ചമർത്താൻ ബംഗാൾ ഗവണ്മെന്റ് വിദ്യാർത്ഥികൾ രാഷ്ട്രീയപ്രവർത്തനം നടത്തുന്നത് നിരോധിച്ചുകൊണ്ട് സർക്കുലർ ഇറക്കുന്നുണ്ട്, അവിടെ തുടങ്ങി വിവിധ നീതി പീഠങ്ങളുടെ, അധികാരത്തിൽ വന്ന വിവിധ സർക്കാരുകളുടെ, സ്വാശ്രയ മാനേജ്മെന്റുകളുടെ അടക്കം നിരോധനങ്ങളുടെ പേമാരിയെ പൊരുതി തോൽപ്പിച്ചാണ് വിദ്യാർത്ഥികൾ സംഘടിക്കുന്നതും രാഷ്ട്രീയം പറയുന്നതും, അതിനിയും തുടരും..
തെറ്റ് പറ്റിയാൽ തിരുത്തും, കൂടുതൽ നവീകരിച്ച് മുന്നോട്ട് പോകും..

ചില സ്വാശ്രയ മാനേജ്മെന്റുകളുടെ ഇടിമുറികൾക്ക് കവചമൊരുക്കാനുള്ള ഓവർ ടൈം പണികൾക്കിടയിൽ എസ് എഫ് ഐ കാരന്റെ ചോര നിങ്ങളെ പൊള്ളിക്കുമെന്ന അബദ്ധധാരണയൊന്നും ഞങ്ങൾക്കില്ല, നിങ്ങൾ പൂർവാധികം കരുത്തോടെ തുടർന്ന് കൊള്ളുക, ആക്ഷേപം ലവലേശമില്ല പക്ഷെ മാനേജ്‍മെന്റ് തീട്ടൂരത്തിന് മുൻപിൽ കൊടി മടക്കാനുള്ള ഉപദേശം എട്ടാക്കി മടക്കി ചാനൽ ഫ്ലോറുകളിൽ തന്നെ സൂക്ഷിച്ചു കൊള്ളുക.

ജൂലൈ ഒന്നിനാണ് ഗുരുദേവ കോളേജില്‍ പ്രിന്‍സിപ്പാളും എസ്.എഫ്.ഐ പ്രവര്‍ത്തകരും തമ്മില്‍
സംഘര്‍ഷം നടന്നത്. ബിരുദ പ്രവേശനവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ ഹെല്‍പ്പ് ഡസ്‌ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘര്‍ഷത്തില്‍ എസ്.എഫ്.ഐ കൊയിലാണ്ടി ഏരിയ പ്രസിഡന്റ് അഭിനവിന്റെ ചെവിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പ്രിന്‍സിപ്പാള്‍ മര്‍ദ്ദിച്ചതെന്നാണ് എസ്.എഫ്.ഐ ആരോപിക്കുന്നത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ പ്രവര്‍ത്തകരായ നാലുവിദ്യാര്‍ഥികളെ കോളേജില്‍ നിന്നും സസ്‌പെന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.