എരവട്ടൂരില്‍ വന്‍തോതില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ജനവാസ മേഖലയില്‍ തള്ളി; ആശുപത്രി മാലിന്യങ്ങളടക്കം രഹസ്യമായി കുഴിച്ചിട്ടെന്നും നാട്ടുകാര്‍


പേരാമ്പ്ര: പഞ്ചായത്തിലെ 17-ാം വാര്‍ഡായ എരവട്ടൂര്‍ പൊയിലടത്തില്‍ താഴെ ഇടവഴിയില്‍ രാത്രിയില്‍ അനധികൃതമായി പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിച്ചതിനെതിരെ നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധം. ടണ്‍കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മാത്രമല്ല, മറ്റ് അപകടകരമായ രോഗകാരികളായ മാലിന്യങ്ങളും ഇവിടെ കഴിഞ്ഞദിവസം രഹസ്യമായി കുഴിച്ചിട്ടതായി നാട്ടുകാര്‍ ആരോപിക്കുന്നു. നിരവധി സ്ഥലങ്ങളില്‍ മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ വ്യാപകമായി കണ്ടുവരുന്ന സാഹചര്യത്തില്‍ നാട്ടുകാരുടെ ആശങ്ക വര്‍ധിച്ചിട്ടുണ്ട്.

ആശുപത്രി മാലിന്യങ്ങളും കേടായ കെമിക്കല്‍ ബോട്ടിലുകളും ഡേറ്റ് കഴിഞ്ഞ പെയിന്റ് ബോട്ടിലുകളും അടങ്ങിയ മാലിന്യങ്ങള്‍ ഇവിടെ നിക്ഷേപിച്ചിരിക്കുന്നു. പൊതുജനാരോഗ്യത്തിന് ഏറെ ദോഷകരമായ ഈ മാലിന്യങ്ങള്‍ വായുവിനെയും ഭൂമിയെയും മലിനമാക്കുമെന്നാണ് നാട്ടുകാരുടെ ആശങ്ക. നാട്ടുകാര്‍ ഈ വിഷയത്തില്‍ പഞ്ചായത്ത് അധികാരികളെയും ജനപ്രതിനിധികളെയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെയും അറിയിച്ചതോടെ, ഇവര്‍ ഉടനെ സ്ഥലത്തെത്തി സ്ഥിതി വിലയിരുത്തി. ഇവിടെയുണ്ടായിരുന്ന മാലിന്യത്തിന്റെ സ്വഭാവവും രീതിയും വിലയിരുത്തുകയും, നിക്ഷേപിച്ചത് കാന്‍സര്‍ പോലുള്ള ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാവുന്ന അപകടകരമായ വസ്തുക്കളാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

പഞ്ചായത്ത് അധികൃതര്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയതിനെ തുടര്‍ന്ന്, അനധികൃതമായി മാലിന്യം നിക്ഷേപിച്ചവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചു. പ്രദേശത്തെ കിണറുകളില്‍ മാലിന്യങ്ങള്‍ കലര്‍ന്നിട്ടുണ്ടോ എന്ന പരിശോധനയും ആവശ്യമാണെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. പഞ്ചായത്തിന്റെ കീഴിലുള്ള ആരോഗ്യ വിഭാഗവും മറ്റും ഈ പരിശോധനയ്ക്ക് നേതൃത്വം നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നാട്ടുകാരുടെ സുരക്ഷക്കും പരിസ്ഥിതിക്കും വലിയ ഭീഷണിയാണെന്ന് പൊതുജനങ്ങള്‍ അഭിപ്രായപ്പെടുന്നു. സ്ഥലത്തെ വായുവും ജലവും മലിനമാകുന്നത് മുന്‍കരുതല്‍ നടപടികള്‍ ഇല്ലെങ്കില്‍ സമീപ പ്രദേശങ്ങളിലേക്കും മലിനീകരണം വ്യാപിക്കാനാണ് സാധ്യതയുണ്ട്.