പ്ലാസ്റ്റിക് കൂട്ടിയിട്ട് കത്തിച്ചു, ഹരിത കര്‍മ്മസേനയ്ക്ക് യൂസര്‍ഫീ നല്‍കിയില്ല; ചെങ്ങോട്ടുകാവ് സ്വദേശിയ്ക്ക് പിഴ


ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിലെ ചേലിയയില്‍ പ്ലാസ്റ്റിക് കൂട്ടിയിട്ട് കത്തിച്ചയാളില്‍ നിന്നും പിഴ ഈടാക്കി. ചേലിയ സ്വദേശിനിയായ പുളിയുള്ളതില്‍ മീത്തല്‍ വിജിലയില്‍ നിന്നാണ് രണ്ടായിരം രൂപയാണ് പിഴ ഈടാക്കിയത്.

പ്ലാസ്റ്റിക് കൂട്ടിയിട്ട് കത്തിക്കുന്ന വീഡിയോ സഹിതം ലഭിച്ച പരാതിയെ തുടര്‍ന്നാണ് പിഴ ഈടാക്കിയതെന്ന് ചെങ്ങോട്ടുകാവ് പഞ്ചായത്ത് സെക്രട്ടറി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ഇവരില്‍ നിന്നും ഹരിതകര്‍മ്മസേനയ്ക്ക് യൂസര്‍ ഫീ നല്‍കാതിരുന്നതിന് 225 രൂപയും പിഴയും ഈടാക്കി.

ഹരിതകര്‍മ്മസേനയ്ക്ക് തുടര്‍ച്ചയായ മൂന്ന് മാസത്തില്‍ കൂടുതല്‍ യൂസര്‍ ഫീ നല്‍കാത്ത ആളുകളില്‍ നിന്നും പിഴ ഈടാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. ഇതുപ്രകാരം മൂന്നുമാസത്തില്‍ കൂടുതല്‍ യൂസര്‍ ഫീ നല്‍കാത്ത 100ഓളം പേര്‍ക്കെതിരെ നിയമനടപടി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

മാലിന്യങ്ങള്‍ വലിച്ചെറിയുകയും കത്തിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ഹരിത കര്‍മ സേനയ്ക്ക് യൂസര്‍ ഫീ നല്‍കുന്നതില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ നിയമ നടപടികള്‍ ആരംഭിച്ചതായും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.