നാടിനാകെ ആഘോഷമാകാന്‍ പടിവാതിലിലെത്തി കൊല്ലം പിഷാരികാവ് ക്ഷേത്ര കാളിയാട്ട മഹോത്സവം; ആഘോഷത്തിന് മാറ്റ് കൂട്ടാന്‍ സമഗ്രമായ വാര്‍ത്തകളും വിശേഷങ്ങളുമായി കൊയിലാണ്ടി ന്യൂസ് ഡോട് കോമും
കൊയിലാണ്ടി: ജാതിമതഭേദമന്യേ കൊയിലാണ്ടിക്കാര്‍ ഒറ്റ മനസോടെ ആഘോഷിക്കുന്ന ഉത്സവമാണ് കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവം. കൊയിലാണ്ടിക്കാര്‍ മാത്രമല്ല, ദൂരെ ദിക്കുകളില്‍ നിന്ന് പോലും നിരവധി പേരാണ് പിഷാരികാവിലേക്ക് ഉത്സവകാലത്തേക്ക് ഒഴുകിയെത്തുക. ജനത്തിരക്ക് കാരണം ദേശീയപാതയിലെ ഗതാഗതം വഴി തിരിച്ചുവിടുന്നത് കാളിയാട്ടക്കാലത്ത് ഇവിടെ പതിവ് കാഴ്ചയാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കോവിഡ് മഹാമാരി കാളിയാട്ട മഹോത്സവത്തിവന്റെ ആഘോഷങ്ങള്‍ക്ക് കരിനിഴല്‍ വീഴ്ത്തിയെങ്കിലും, വരും കൊല്ലങ്ങളില്‍ അതിന്റെ കുറവ് തീര്‍ത്ത് പൂര്‍വ്വാധികം ഭംഗിയായി ആഘോഷിക്കാനായി കാത്തിരിക്കുകയാണ് നാട്.
കോവിഡ് ഭീതി പൂര്‍ണ്ണമായി ഒഴിവായില്ലെങ്കിലും ഇക്കൊല്ലത്തെ ഉത്സവം കേമമായി തന്നെ ആഘോഷിക്കാനാണ് ട്രസ്റ്റി ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്. അന്നദാനം ഉള്‍പ്പെടെയുള്ള ആഘോഷപരിപാടികള്‍ ഒഴിവാക്കി ചടങ്ങുകള്‍ മാത്രമായാണ് കാളിയാട്ടം നടത്തുന്നതെങ്കിലും ഉത്സവത്തിന് മാറ്റ് ഒട്ടും കുറയില്ല. മാര്‍ച്ച് 29 ന് കൊടിയേറ്റവും ഏപ്രില്‍ അഞ്ചിന് കാളിയാട്ടവും നടക്കും.
നാടിന്റെ ആഘോഷത്തിന് മാറ്റ് കൂട്ടാനായി ഇത്തവണ കൊയിലാണ്ടി ന്യൂസ് ഡോട് കോമും വായനക്കാര്‍ക്കൊപ്പം ഉണ്ട്. ഉത്സവത്തിന് മുന്നോടിയായി നാളെ മുതല്‍ പിഷാരികാവ് കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ചുള്ള പ്രത്യേക പംക്തി കൊയിലാണ്ടി ന്യൂസ് ഡോട് കോമില്‍ ആരംഭിക്കുകയാണ്. ക്ഷേത്ര ആചാരങ്ങള്‍, ഐതീഹ്യങ്ങള്‍, ചരിത്രങ്ങള്‍ തുടങ്ങി കാളിയാട്ട ഉത്സവവുമായി ബന്ധപ്പെട്ട സമഗ്രമായ വാര്‍ത്തകളും ലേഖനങ്ങളും ചിത്രങ്ങളുമെല്ലാം ഇതിലൂടെ ഞങ്ങള്‍ വായനക്കാരിലെത്തിക്കും.
കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്റെ കാളിയാട്ടം പ്രത്യേക പതിപ്പ് നാളെ രാവിലെ പത്ത് മണിക്ക് ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ കൊട്ടിലകത്ത് ബാലന്‍ നായര്‍ പ്രകാശനം ചെയ്യും. ഇനിയുള്ള ഒരു മാസക്കാലം ഉത്സവത്തിന്റെ ആവേശത്തിലാറാടാം, കൊയിലാണ്ടി ന്യൂസ് ഡോട് കോമിനൊപ്പം.