‘ഭക്തരില്‍ നിന്ന് പിരിവെടുത്ത് വാങ്ങിയ ഭൂമി ക്ഷേത്രത്തിന് വിട്ടുകൊടുക്കുക’; പിഷാരികാവ് ക്ഷേത്രം ഭക്തജന സമിതി പ്രക്ഷോഭത്തിലേക്ക്


കൊയിലാണ്ടി: പിഷാരികാവ് ക്ഷേത്രം ഭക്തജന സമിതി പ്രക്ഷോഭത്തിലേക്ക്. ക്ഷേത്രത്തിന്റെ പേരില്‍ ഭക്തരില്‍ നിന്ന് പിരിവ് നടത്തിയ പണം കൊണ്ട് വാങ്ങിയ ഭൂമി ക്ഷേത്രത്തിന് വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഭക്തജനസമിതി പ്രക്ഷോഭത്തിനൊരുങ്ങുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണ് പ്രക്ഷോഭത്തിനുള്ള തീരുമാനമെടുത്തത്. ഇതിന്റെ ഭാഗമായി ക്ഷേത്ര പരിസരത്ത് ബാനറുകള്‍ സ്ഥാപിച്ചു.

വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പിഷാരികാവ് ക്ഷേത്രത്തിന് മുന്നിലുള്ള ആറ് സെന്റോളം സ്ഥലം ക്ഷേത്ര ക്ഷേമ സമിതി വാങ്ങുന്നത്. ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിനായി ജനങ്ങളിൽ നിന്ന് പിരിച്ചെടുത്ത തുകയിൽ മിച്ചം വന്ന പണം കൊണ്ടാണ് ക്ഷേത്ര ക്ഷേമ സമിതി ഈ സ്ഥലം വാങ്ങിയത്. ക്ഷേമ സമിതി പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും പേരിലാണ് ക്ഷേത്രത്തിന് ഏറെ പ്രയോജനപ്പെടുന്ന കണ്ണായ സ്ഥലമുള്ളത്.

ഈ സ്ഥലം ദേവസ്വത്തിന്റെ പേരിലേക്ക് മാറ്റണമെന്ന ആവശ്യം അന്ന് തന്നെ ഉയര്‍ന്നിരുന്നു. ക്ഷേത്രത്തിന്റെ പേരില്‍ ഭക്തരില്‍ നിന്ന് പണം പിരിച്ച് വാങ്ങിയ സ്ഥലം ദേവസ്വത്തിന്റെ പേരിലാണ് വേണ്ടതെന്നാണ് അന്ന് ഈ വാദമുയര്‍ത്തിയവര്‍ പറഞ്ഞത്. കൂടാതെ അന്ന് നടത്തിയ സ്വര്‍ണ്ണപ്രശ്‌നത്തിലും സ്ഥലം ദേവസ്വത്തിന് കൈമാറണമെന്ന് പറഞ്ഞിരുന്നു.

ഭക്തര്‍ കോടതിയെ സമീപിച്ചതിന്റെ ഫലമായി സ്ഥലം ക്ഷേത്രത്തിന്റെ പേരിലാക്കാന്‍ ഉത്തരവുണ്ടായിരുന്നു. എന്നാല്‍ മുന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ ഈ ഉത്തരവ് നടപ്പാക്കാതിരിക്കുകയായിരുന്നുവെന്നാണ് ഭക്തജനസമിതി പറയുന്നത്.

ഇപ്പോള്‍ ഈ സ്ഥലം ഒരു ഉപയോഗവുമില്ലാതെ കാടുപിടിച്ച് കിടക്കുകയാണ്. സ്ഥലം എത്രയും വേഗം ദേവസ്വത്തിന് കൈമാറി ഇവിടെ ക്ഷേത്രത്തിന് പ്രയോജനപ്പെടുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നാണ് ഭക്തജനസമിതി ആവശ്യപ്പെടുന്നത്.

ഭക്തജന സമിതി പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ മരളൂര്‍ യോഗത്തിന് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ശിവദാസന്‍ പനച്ചിക്കുന്ന്, ബാലന്‍ നായര്‍ പത്താലത്ത്, എ.ശ്രീകുമാരന്‍നായര്‍, പി.കെ.പുരുഷോത്തമന്‍, രാജീവന്‍ മഠത്തില്‍, സുനില്‍കുമാര്‍ എടക്കണ്ടി മീത്തല്‍, മുരളീധരന്‍ കൊണ്ടക്കാട്ടില്‍, ഓട്ടൂര്‍ ജയപ്രകാശ്, എന്‍.പുഷ്പരാജ്, ടി.ടി.നാരായണന്‍, ഗംഗാധരന്‍ ചെമ്പ്ര, സത്യന്‍ കൊല്ലം എന്നിവര്‍ സംസാരിച്ചു.