ചേമഞ്ചേരിയിൽ നിന്ന് പിക്കപ്പ് വാൻ മോഷണം പോയി


പൂക്കാട്: ചേമഞ്ചേരിയിൽ നിന്ന് പിക്കപ്പ് വാൻ മോഷണം പോയതായി പരാതി. ചേമഞ്ചേരി വെള്ളാക്കോട്ടു താഴെ ആർ.കെ.രാജന്റെ കെ.എല്‍ 56 എ 9049 നമ്പറിലുള്ള തിരുവോണം എന്ന് പേരുള്ള വെള്ളയും മഞ്ഞയും നിറമുള്ള പിക്കപ്പ് വാനാണ് മോഷണം പോയത്.

രാജന്റെ വീടിന്റെ സമീപമുള്ള ഷുക്കൂർ എന്നയാളുടെ പറമ്പിലാണ് സ്ഥിരമായി വാഹനം നിർത്തിയിടുന്നത്. ഇന്നലെ രാത്രി പത്തരയോടെയാണ് പിക്കപ്പ് വാൻ കാണാതായതെന്നാണ് കൊയിലാണ്ടി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ഇതുസംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9539836299 എന്ന നമ്പറില്‍ ബന്ധപ്പെടുക.

കോഴിക്കോട്ടു ബൈപാസ് റോഡിൽ പാലോറ മലയുടെ ഭാഗത്തു 12.20 ന് ഈ വാഹനം കടന്നു പോയതായി സി.സി.ടി.വി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ടെന്ന് പോലീസ് അറിയിച്ചതായി വാഹന ഉടമ കൊയിലാണ്ടി ന്യൂസിനോട് പറഞ്ഞു.