നിരന്തരം ആവശ്യപ്പെട്ടിട്ടും ശമ്പള വര്‍ധനവില്ല; കൊയിലാണ്ടി മണ്ഡലത്തിലെ ഫാര്‍മസിസ്റ്റുകള്‍ തിങ്കളാഴ്ച പണിമുടക്കുന്നു


കൊയിലാണ്ടി: വേതനവര്‍ധനവ് ആവശ്യപ്പെട്ടുകൊണ്ട് കൊയിലാണ്ടി മേഖലയിലെ ഫാര്‍മസിസ്റ്റുകള്‍ പണിമുടക്കുന്നു. മെയ് എട്ട് തിങ്കളാഴ്ചയാണ് തൊഴിലാളികള്‍ സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ കൊയിലാണ്ടി ഏരിയ കമ്മിറ്റിയാണ് സമരത്തിന് ആഹ്വാനം ചെയ്തത്. വേതന വര്‍ധനവ് എന്ന ആവശ്യം കാലങ്ങളായി തൊഴിലാളികള്‍ ഉന്നയിക്കുന്നതാണ്. കഴിഞ്ഞ ഒക്ടോബറില്‍ ഇക്കാര്യം ആവശ്യപ്പെട്ട് സംഘടന ഓള്‍ കേരള കെമിസ്റ്റ് ആന്റ് ഡ്രഗിസ്റ്റ് അസോസിയേഷന് നോട്ടീസ് നല്‍കിയിരുന്നു.

ഇതിനുശേഷവും നിരന്തരം ആവശ്യം ഉന്നയിച്ച് കത്ത് നല്‍കിയിട്ടും അനുകൂലമായ തീരുമാനം ഉണ്ടാവാത്ത സാഹചര്യത്തിലാണ് തൊഴിലാളികള്‍ പണിമുടക്കുമായി മുന്നോട്ടുപോകുന്നതെന്ന് കെ.പി.പി.എ ഭാരവാഹികള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

കൊയിലാണ്ടി നിയോജകമണ്ഡലത്തിലെ നാല്‍പത്തിയഞ്ചോളം ഷോപ്പുകളുടെ പ്രവര്‍ത്തനത്തെ സമരം ബാധിക്കും. ഇതില്‍ ഉടമകള്‍ നേരിട്ട് നടത്തുന്ന ഷോപ്പുകള്‍ ഒഴികെയുള്ളവ തുറന്ന് പ്രവര്‍ത്തിക്കില്ല.