സംസ്ഥാനത്ത് ഇന്ന് പിജി ഡോക്ടര്‍മാര്‍ സമരത്തില്‍; അത്യാഹിത വിഭാഗങ്ങള്‍ അടക്കം ബഹിഷ്‌ക്കരിക്കും


തിരുവനന്തപുരം: സംസ്ഥാനത്തെ പിജി, മെഡിക്കല്‍, ഡെന്റല്‍ വിദ്യാര്‍ത്ഥികളും ഹൗസ് സര്‍ജന്മാരും ഇന്ന് പണിമുടക്കും. രാവിലെ എട്ട് മുതല്‍ നാളെ രാവിലെ എട്ട് മണി വരെ അത്യാഹിത വിഭാഗങ്ങള്‍ അടക്കം ബഹിഷ്‌ക്കരിക്കും. ജോയിന്റ് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം.

പിജി വിദ്യാര്‍ത്ഥികളുടെ നിര്‍ബന്ധിത ബോണ്ടില്‍ അയവ് വരുത്തുക, സ്‌റ്റൈപ്പന്‍ഡ് വര്‍ധിപ്പിക്കുക, സീനിയര്‍ റസിഡന്‍സി സീറ്റുകള്‍ വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. പിജി ഡോക്ടര്‍മാരുടെ പ്രശ്‌നങ്ങള്‍ പഠിക്കാനായി ആരോഗ്യ സെക്രട്ടറിയെ അധ്യക്ഷനാക്കി രൂപികരിച്ച സമിതി പ്രവര്‍ത്തന സജ്ജമാക്കണം എന്നും പിജി ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നുണ്ട്. കൂടാതെ ആരോഗ്യ സര്‍വകലാശാല വിവിധ കോഴ്‌സുകള്‍ക്ക് ചുമത്തിയ ഫീസ് കുറയ്ക്കുക തുടങ്ങിയ ആവശ്യവും സമരസമിതി മുന്നോട്ട് വെക്കുന്നു.

വിവിധ ആവശ്യങ്ങളുന്നയിച്ച് സെപ്റ്റംബർ 29ന് പി.ജി ഡോക്ടർമാർ സൂചനാ പണിമുടക്ക് നടത്തിയിരുന്നു. എന്നാൽ, മുന്നോട്ട് വച്ച ആവശ്യങ്ങളില്‍ സർക്കാറിന്റെ ഭാഗത്തു നിന്ന് അനുകൂല നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് സമരം. കേ​ര​ള ഹൗ​സ് സ​ർ​ജ​ൻ​സ് അ​സോ​സി​യേ​ഷ​ൻ, ഡെ​ന്‍റ​ൽ പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് അ​സോ​സി​യേ​ഷ​ൻ, കെ.​എം.​പി.​ജി.​എ, കേ​ര​ള ഡെ​ന്‍റ​ൽ ഹൗ​സ് സ​ർ​ജ​ൻ അ​സോ​സി​യേ​ഷ​ൻ എ​ന്നീ സം​ഘ​ട​ന​ക​ൾ സം​യു​ക്ത​മാ​യാ​ണ് പ​ണി​മു​ട​ക്കുന്നത്‌.