സംസ്ഥാനത്ത് നാളെ പെട്രോള്‍ പമ്പുകള്‍ അടച്ചിടും; വിശദമായി അറിയാം


കോഴിക്കോട്: സംസ്ഥാനത്ത് പെട്രോള്‍ പമ്പുകള്‍ നാളെ അടച്ചിടും. നാളെ രാത്രി എട്ട് മണി മുതല്‍ മറ്റന്നാള്‍ രാവിലെ 6 മണി വരെയാണ് അടച്ചിടുക.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പെട്രോള്‍ പമ്പുകള്‍ക്ക് നേരെ നടക്കുന്ന ഗുണ്ടാ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് അപ്രതീക്ഷിത നടപടി.

ആശുപത്രികളിൽ നടക്കുന്ന അക്രമണങ്ങളിൽ നിന്ന് ജീവനക്കാരെ സംരക്ഷിക്കാനായി സർക്കാർ നിയമനിർമാണം നടത്തിയതിനു സമാനമായി പമ്പുകളെ സംരക്ഷിക്കാനും നിയമനിർമാണം വേണമെന്നാണ് സംഘടനയുടെ ആവശ്യം. പമ്പുകളിൽ ഗുണ്ടാ ആക്രമണവും മോഷണവും പതിവാണെന്ന് സംഘടന വ്യക്തമാക്കി. കുപ്പികളിൽ ഇന്ധനം നൽകരുതെന്ന സർക്കാർ നിർദേശം നിലനിൽക്കെ രാത്രിയിൽ കുപ്പിയിൽ ഇന്ധനം വാങ്ങാൻ ചിലരെത്താറുണ്ടെന്നും ഇന്ധനം നൽകാൻ വിസമ്മതിക്കുമ്പോൾ ഇവർ പ്രശ്നമുണ്ടാക്കുന്നത് പതിവാണെന്നും സംഘടന പറഞ്ഞു.

സ്വകാര്യ പമ്പുകൾ സൂചനാ സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സി.യുടെ ഉടമസ്ഥതയിലുള്ള 14 യാത്രാ ഫ്യൂവൽസ് ഔട്ട്ലെറ്റുകളും 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കോഴിക്കോട്, ഗുരുവായൂർ, തൃശ്ശൂർ, ചാലക്കുടി, പറവൂർ, മൂവാറ്റുപുഴ, മൂന്നാർ, മാവേലിക്കര, ചേർത്തല, പൊൻകുന്നം, ചടയമംഗലം, കിളിമാനൂർ, വികാസ്ഭവൻ, ഈസ്റ്റ് ഫോർട്ട് എന്നിവിടങ്ങളിലാണ് യാത്രാ ഫ്യൂവൽസ് ഔട്ട്ലെറ്റുള്ളത്.