പെട്രോള്‍-ഡീസല്‍ വില കുറച്ചത് യഥാര്‍ത്ഥ ആശ്വാസമോ, കേന്ദ്രസര്‍ക്കാർ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതോ? അസഹനീയമായ വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തില്‍ ഒരു അവലോകനം


കൊയിലാണ്ടി: ‘പെട്രോള്‍-ഡീസല്‍ വില കുറച്ച് കേന്ദ്രസര്‍ക്കാര്‍. പെട്രോളിന് എട്ട് രൂപയും ഡീസലിന് ആറ് രൂപയും കുറച്ചു.’ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നമ്മള്‍ വാര്‍ത്താ ചാനലുകളില്‍ കണ്ട ബ്രേക്കിങ് ന്യൂസായിരുന്നു ഇത്. കഴിഞ്ഞ ദീപാവലിക്ക് ശേഷം ഇന്ധനവില കുറച്ച കേന്ദ്രസര്‍ക്കാര്‍ നടപടി വലിയ ആശ്വാസമെന്നോണമാണ് ആഘോഷിക്കപ്പെട്ടത്.

വില കുറച്ചതോടെ അതുവരെ ലിറ്ററിന് 115.5 രൂപയുണ്ടായിരുന്ന പെട്രോളിന് 106 രൂപയായി കുറഞ്ഞു. ഡീസലിനാകട്ടെ 102 രൂപ എന്നത് 95 രൂപയായാണ് കുറഞ്ഞത്. മെയ് 21 ന് വൈകീട്ടാണ് കേന്ദ്ര ധനകാര്യ മന്ത്രി വില കുറച്ചതായി പ്രഖ്യാപിച്ചത്. തലേന്ന്, അതായത് മെയ് 20 ന് പെട്രോള്‍ ലിറ്ററിന് 39 പൈസയും ഡീസല്‍ ലിറ്ററിന് 37 പൈസയും വര്‍ധിപ്പിച്ച ശേഷമാണ് പൊടുന്നനെ വിലക്കുറവ് പ്രഖ്യാപിച്ചത്.

കേന്ദ്രസര്‍ക്കാറിന്റെ തീരുമാനത്തോട് സമ്മിശ്ര പ്രതികരണമാണ് ജനങ്ങള്‍ക്കിടയില്‍ ഉണ്ടായത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത് ആശ്വാസമാണോ? വലിയ വിലക്കുറവാണോ? എന്താണ് വസ്തുത? നമുക്ക് പരിശോധിക്കാം.

കഴിഞ്ഞ വര്‍ഷം ഇതേ സമയം പെട്രോള്‍ ലിറ്ററിന് ഏകദേശം 94 രൂപയായിരുന്നു വില. ഡീസലിനാകട്ടെ 89 രൂപയും. പിന്നീട് ഓരോ ദിവസവും തുച്ഛമായ തുക വര്‍ധപ്പിക്കുന്ന കാഴ്ചയാണ് നാം കണ്ടത്.

ഇങ്ങനെ തുടര്‍ച്ചയായി വില വര്‍ധിപ്പിച്ച് 2021 ജൂലൈയില്‍ പെട്രോളിന്റെ വില 100 കടന്നു. അധികം വൈകാതെ ഒക്ടോബറില്‍ ഡീസലും സെഞ്ച്വറിയടിച്ചു.

കഴിഞ്ഞ രണ്ട് വർഷത്തെ പെട്രോൾ വില വർധനവിന്റെ ഗ്രാഫ്.


ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം, നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി രണ്ടാമത് സത്യപ്രതിജ്ഞ ചെയ്ത സമയത്തെ പെട്രോള്‍ വില ലിറ്ററിന് ഏകദേശം 72 രൂപയോളവും ഡീസലിന് 67 രൂപയോളവുമായിരുന്നു വില. അവിടെ നിന്നാണ് ജനങ്ങള്‍ നരകതുല്യമായ ദുരിതം അനുഭവിച്ച കോവിഡ് കാലത്തെ പോലും പരിഗണിക്കാതെ പെട്രോളിന്റെയും ഡീസലിന്റെയും വില നൂറ് തൊട്ടത്.

അനിയന്ത്രിതമെന്നോണമാണ് പെട്രോള്‍, ഡീസല്‍ വില കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചുകൊണ്ടിരുന്നത്. പിന്നീട് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പടിവാതിലിലെത്തിയ ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ ദീപാവലി സമ്മാനമെന്ന് പറഞ്ഞ് ഇന്ധനവില കുറച്ചത്.

2021 നവംബര്‍ മൂന്നിനാണ് ഈ വിലക്കുറവ് പ്രഖ്യാപിച്ചത്. പെട്രോള്‍ ലിറ്ററിന് അഞ്ച് രൂപയും ഡീസല്‍ ലിറ്ററിന് 10 രൂപയുമാണ് അന്ന് കുറച്ചത്. ഇപ്പോഴത്തേതിന് സമാനമായി എക്‌സൈസ് തീരുവയാണ് കേന്ദ്രം അന്നും കുറച്ചത്. ഈ വിലക്കുറവോടെ ലിറ്ററിന് 110 രൂപയുണ്ടായിരുന്ന പെട്രോള്‍ വില 104 രൂപയിലേക്കും ഡീസല്‍ 104 രൂപയില്‍ നിന്ന് 91 രൂപയിലേക്കും താഴ്ന്നു.

കഴിഞ്ഞ രണ്ട് വർഷത്തെ ഡീസൽ വില വർധനവിന്റെ ഗ്രാഫ്.


ഈ വിലക്കുറവുകള്‍ വലിയ ആശ്വാസമായാണ് പ്രഥമദൃഷ്ടിയില്‍ തോന്നുക എങ്കിലും അതല്ല യാഥാര്‍ത്ഥ്യം. മേല്‍പ്പറഞ്ഞ രണ്ട് വിലക്കുറവുകളും പ്രഖ്യാപിക്കുന്നതിന് മുമ്പ്, കുറച്ചതിനെക്കാള്‍ വലിയ തുക ഓരോ ദിവസമായി കൂട്ടിയിരുന്നു. അതിനാല്‍ തന്നെ യഥാര്‍ത്ഥ ആശ്വാസം ജനങ്ങള്‍ക്ക് ലഭിക്കണമെന്ന് സര്‍ക്കാറിന് ആത്മാര്‍ത്ഥമായ ആഗ്രഹമുണ്ടെങ്കില്‍ പെട്രോള്‍-ഡീസല്‍ വില ഇനിയുമേറെ കുറയ്ക്കണം.

വന്‍തോതില്‍ വില കൂട്ടിയ ശേഷം അല്‍പ്പം വില കുറയ്ക്കുന്ന സര്‍ക്കാറിന്റെ തീരുമാനം കണ്ണില്‍ പൊടിയിടുന്നതാണെന്ന് മനസിലാക്കിയവരാണ് ജനങ്ങളില്‍ ഭൂരിഭാഗവും. വിലക്കുറവ് പ്രഖ്യാപിച്ച ശേഷം ജനങ്ങളില്‍ നിന്ന് ഉണ്ടായ പ്രതികരണം ഇത് വ്യക്തമാക്കുന്നതാണ്. കേന്ദ്രസര്‍ക്കാറിനോട് രാഷ്ട്രീയ ചായ്‌വുള്ളവര്‍ മാത്രമാണ് വിലക്കുറവ് വലിയ ആശ്വാസമാണ് എന്ന് പ്രതികരിച്ചത്. അതേസമയം ആനുപാതികമായുള്ള നികുതി ഇളവിന് പുറമെ സംസ്ഥാന സര്‍ക്കാറും സ്വന്തം നിലയ്ക്ക് നികുതി കുറയ്ക്കണമെന്ന ആവശ്യവും പലരും ഉന്നയിച്ചിട്ടുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ പന്ത് കേന്ദ്രത്തിന്റെ കോര്‍ട്ടില്‍ തന്നെയാണ് എന്നതാണ് വസ്തുത.

ഇന്ധനവില എന്നത് വാഹനങ്ങള്‍ ഓടിക്കുന്നവരെ മാത്രമല്ല; ഓരോ പൗരന്മാരുടെയും ജീവിതത്തെ നേരിട്ട് ബാധിക്കുന്നതാണ്. ഡീസല്‍ വിലയുടെ ഏറ്റക്കുറച്ചില്‍ സര്‍വ്വസാധനങ്ങളുടെയും വിലയിലെ വ്യത്യാസത്തിന് കാരണമാവും. ഡീസല്‍ വില വര്‍ധിക്കുന്നതിനനുസരിച്ച് പഴം, പച്ചക്കറി, യാത്രാനിരക്കുകള്‍ തുടങ്ങി എല്ലാ സാധനങ്ങളുടെയും വില കൂടും.

ഈ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടുകയും വിലക്കയറ്റത്താല്‍ പൊറുതിമുട്ടിയ ജനങ്ങള്‍ക്ക് യഥാര്‍ത്ഥ ആശ്വാസം നല്‍കുകയും വേണമെന്നാണ് എല്ലാവരും പറയുന്നത്. ഡീസല്‍ വില കുറയുന്നതോടെ സമസ്ത മേഖലകളിലും വിലകുറയും. പെട്രോള്‍ വില കുറയുന്നത് വാഹന ഉടമകള്‍ക്കും ആശ്വാസമാകും.

കൊയിലാണ്ടി ന്യൂസ് ഡോട് കോം വിലക്കയറ്റവുമായി ബന്ധപ്പെട്ട് ഇന്ന് നടത്തിയ പ്രത്യേക ക്യാമ്പെയിനില്‍ എല്ലാ മേഖലകളിലുമുള്ളവര്‍ ഇന്ധനവിലയുടെ കാര്യം പരാമര്‍ശിച്ചതും ഇതിന് പ്രത്യക്ഷമായ തെളിവാണ്. ഇന്ധനത്തിന് പുറമെ പാചകവാതകത്തിന്റെ തീ പിടിച്ച വിലയും സര്‍ക്കാര്‍ കുറയ്ക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.