‘ശിരസ്സുയർത്തി പറയുക നമ്മൾ ലഹരിക്ക് അടിമപ്പെടില്ലൊരു നാളും’; പാട്ടും നൃത്തവുമായി ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ച് പെരുവട്ടൂർ എൽ.പി സ്കൂൾ


കൊയിലാണ്ടി: ലഹരിമുക്ത കേരളം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ പെരുവട്ടൂർ എൽ.പി സ്കൂളും ലഹരിമുക്ത കേരളം പദ്ധതിയുടെ ഭാ​ഗമായി പെരുവട്ടൂർമുക്കിൽ ലഹരി വിരുദ്ധ റാലിയും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.

നൂറു കണക്കിന് പിഞ്ചോമനകളിൽ നിന്നുയർന്നു കേട്ട ലഹരിവിരുദ്ധ സന്ദേശ ഗാനം പെരുവട്ടൂർ അങ്ങാടിയെ പുളകം കൊള്ളിച്ചു. ഗാനത്തിന് ചുവട് വെച്ച് ജെ.ആർ.സി കേഡറ്റുകൾ സമൂഹത്തിൻ്റെ മുമ്പിലേക്ക് ചോദ്യശരങ്ങൾ ഉതിർത്തു. നൂറു കണക്കിന് വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും റാലിയായി എത്തി ലഹരി വിരുദ്ധ ക്യാമ്പയിനിൽ നാട്ടുകാരുടെ ഒപ്പുശേഖരണം നടത്തി.

പരിപാടിയുടെ ഉദ്ഘാടനം വാർഡ് കൗൺസിലർ ജിഷ.പി നിർവഹിച്ചു. ഷർഷാദ് മാസ്റ്റർ ലഹരിവിരുദ്ധ സന്ദേശം നൽകി. സ്കൂൾ ഹെഡ്മിസ്ട്രസ് സൗമിനി, രാജഗോപാലൻ, ജാഗ്രതാ സമിതി കൺവീനർ സിറാജ് ഇ എന്നിവർ സംസാരിച്ചു.

Summary: Peruvatur LP School organized an anti-drug rally