പെരിയ ഇരട്ടക്കൊലക്കേസ്; പത്ത്‌ പ്രതികൾക്ക് ഇരട്ട ജീവപര്യന്തം, നാല്‌ പേർക്ക് 5 വർഷം തടവ്


കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിൽ പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ. ഒന്നു മുതൽ എട്ട് വരെയുള്ള പ്രതികൾക്കും 10,15 പ്രതികൾക്കുമാണ് ഇരട്ട ജീവപര്യന്തം ശിക്ഷ കോടതി വിധിച്ചത്. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തവരാണ് 1 മുതൽ 8 വരെ പ്രതികൾ. ഇതു കൂടാതെ മുൻ എം.എൽ.എ കെ.വി കുഞ്ഞിരാമൻ അടക്കം നാല് പ്രതികൾക്ക് അഞ്ച് വർഷം കഠിന തടവും കോടതി വിധിച്ചിട്ടുണ്ട്. എറണാകുളം സിബിഐ പ്രത്യേക കോടതിയാണു വിധി പറഞ്ഞത്.

2019 ഫെബ്രുവരി 17ന് രാത്രി 7.45നാണ് പെരിയ കല്യോട്ട് വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത് ലാൽ (24) എന്നിവർ കൊല്ലപ്പെട്ടത്. പെരുങ്കളിയാട്ടത്തിന്‍റെ സംഘാടകസമിതി യോഗത്തിനുശേഷം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ ജീപ്പിലെത്തിയ അക്രമിസംഘം ഇവരെ ഇടിച്ചുതെറിപ്പിച്ച ശേഷം വെട്ടുകയായിരുന്നു. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചശേഷമാണ് കേസ് സി.ബി.ഐ ഏറ്റെടുത്തത്. സി.ബി.ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഹരജി നൽകിയിരുന്നെങ്കിലും കോടതി അന്വേഷണം ശരിവെക്കുകയായിരുന്നു.

സംഭവത്തിൽ തൊട്ടടുത്ത ദിവസം തന്നെ സിപിഎം പെരിയ ലോക്കൽ കമ്മിറ്റി അംഗം എ പിതാംബരനെയും സുഹൃത്തും സഹായിയുമായ സി ജെ സജിയെയും അറസ്റ്റ് ചെയ്തു. മൂന്ന് ദിവസം കഴിഞ്ഞപ്പോൾ കേസ് ക്രൈം ബ്രാഞ്ചിന് വിട്ട് സർക്കാർ ഉത്തരവിറക്കി. എന്നാൽ പൊലീസ് അന്വേഷണത്തിൽ അസംതൃപ്തരായിരുന്ന കൃപേഷിന്‍റെയും ശരത് ലാലിന്‍റേയും മാതാപിതാക്കൾ അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു.

കേസ് അന്വേഷണവുമായി മുന്നോട്ട് പോയ ക്രൈം ബ്രാഞ്ച് 2019 മെയ് 14ന് സിപിഎം ഉദുമ ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ കെ മണികണ്ഠൻ, പെരിയ ലോക്കൽ സെക്രട്ടറി എൻ ബാലകൃഷ്ണൻ എന്നിവരെ അറസ്റ്റ് ചെയ്തു. മെയ് 20ന് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചപ്പോൾ ആകെ 14 പ്രതികളായിരുന്നു കേസിൽ ഉണ്ടായിരുന്നത്. ഹൈക്കോടതി നിര്‍ദേശപ്രകാരം 2020 ഡിസംബറില്‍ അന്വേഷണം ആരംഭിച്ച സിബിഐ ഒരുവര്‍ഷത്തിനുള്ളില്‍ കുറ്റപത്രം കുറ്റപത്രം സമര്‍പ്പിച്ചു. 2023 ഫെബ്രുവരിയിലാണ് കേസില്‍ വിചാരണ ആരംഭിച്ചത്.

Description: Periya double murder case; 10 accused got double life imprisonment, four got 5 years imprisonment