പ്ലാസ്റ്ററിട്ട കൈവിരലില്‍ മോതിരം കുടുങ്ങി, തിരുവള്ളൂര്‍ സ്വദേശിയുടെ നീരുവന്ന് വീര്‍ത്ത വിരലില്‍ നിന്നും മോതിരം മുറിച്ചുമാറ്റിയത് ഏറെപ്പണിപ്പെട്ട്; സ്റ്റീല്‍മോതിരം സ്ഥിരം അപകടക്കാരനെന്ന് പേരാമ്പ്ര അഗ്നിരക്ഷാ സേന


പേരാമ്പ്ര: സ്റ്റീല്‍മോതിരങ്ങള്‍ ധരിച്ച് നീരുവീര്‍ത്ത കൈകളുമായി അഗ്നിരക്ഷാ സേനയുടെ സഹായം തേടുന്നവര്‍ നിരവധിയാണ്. ഇതുപോലുള്ള മോതിരങ്ങള്‍ ധരിക്കുന്നതിനെതിരെ വെട്ടിയെടുത്ത മോതിരങ്ങള്‍ പ്രദര്‍ശിപ്പിച്ചും സോഷ്യല്‍ മീഡിയയിലൂടെയും അഗ്നിരക്ഷാ സേന ബോധവത്കരണം നടത്തിയിട്ടുമുണ്ട്. എന്നാല്‍ ഇപ്പോഴും ഇതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ട്.

തിരുവള്ളൂര്‍ സ്വദേശികളായ എടക്കണ്ടി ഷരീഫ് കഴിഞ്ഞദിവസം പേരാമ്പ്ര അഗ്നിരക്ഷാ നിലയിലെത്തിയത് സ്റ്റീല്‍ മോതിരം കുടുങ്ങിയത് കാരണം നീരുവന്ന് വീര്‍ത്ത മോതിരവുമാണ്. അസ്ഥിയില്‍ പൊട്ടലുണ്ടായതിനെ തുടര്‍ന്ന് പ്ലാസ്റ്ററിട്ട ചെറുവിരലിലെ മോതിരമാണ് കുടുങ്ങിപ്പോയത്.

സേനാംഗങ്ങള്‍ അരമണിക്കുര്‍ സമയം ഇലക്ട്രിക്ക് കട്ടര്‍ ഉപയോഗിച്ച് വലിയ ജാഗ്രതയോടെ പ്രവര്‍ത്തിച്ചാണ് മോതിരം മുറിച്ചുമാറ്റിയത്. അസി.സ്റ്റേഷന്‍ ഓഫീസ്സര്‍ പി.സി.പ്രേമന്‍, ഫയര്‍&റെസ്‌ക്യൂ ഓഫീസ്സര്‍മാരായ മനോജ്.പി വി, സോജു.പി.ആര്‍, ജിഷാദ് എം.കെ എന്നിവര്‍ ഇതില്‍ പങ്കാളികളായി.

നിലയത്തില്‍ ഇത്തരം ആവശ്യങ്ങളുമായി വരുന്നവരുടെ എണ്ണം പ്രതിദിനം വര്‍ദ്ധിച്ചുവരികയാണെന്ന് അഗ്നിരക്ഷാ പ്രവര്‍ത്തകര്‍ അറിയിച്ചു. കൂടുതലും കുട്ടികളാണ് ഇത്തരം മോതിരങ്ങള്‍ ധരിച്ചതുമുലം നീര്‍ക്കെട്ട് വന്ന് സേനയെ സമീപിക്കുന്നത്. തുച്ഛമായ വിലയും ലഭ്യതയുമാണ് ഇതിന് വലിയ തോതില്‍ പ്രചാരണം ലഭിക്കാനിടവരുത്തുന്നത്. ഇതിന്റെ ഉപയോഗംമൂലമുണ്ടാകുന്ന പ്രയാസങ്ങളെ കുറിച്ചും ,ധരിക്കുന്നതില്‍ നിന്നും കുട്ടികളെ നിരുത്സാഹപ്പെടുത്തണമെന്നും സേന നിരന്തരം പ്രചാരണം നടത്താറുണ്ടെങ്കിലും മുതിര്‍ന്നവര്‍ വരെ ഇത് ധരിച്ചു പ്രയാസത്തിലാവുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

പേരാമ്പ്ര നിലയം കഴിഞ്ഞ വര്‍ഷം മാത്രം ഇരുപതോളം സ്റ്റീല്‍ മോതിരകേസുകളാണ് കൈകാര്യം ചെയ്തത്.