പേരാമ്പ്ര സി.കെ.മെറ്റീരിയല്‍സിലെ തൊഴില്‍ പ്രശ്‌നത്തില്‍ നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ തൊഴിലാളികള്‍ക്ക് വിജയം; നിഷേധിക്കപ്പെട്ട തൊഴില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് തിരിച്ചുകിട്ടിയെന്ന് ക്ഷേമബോര്‍ഡിലെ തൊഴിലാളികള്‍


പേരാമ്പ്ര: പേരാമ്പ്ര സി.കെ മെറ്റീരിയല്‍സില്‍ ക്ഷേമബോര്‍ഡിലെ തൊഴിലാളികള്‍ക്ക് തൊഴില്‍ നിഷേധിച്ച സംഭവത്തില്‍ നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ തൊഴിലാളികള്‍ക്ക് വിജയം. നിഷേധിക്കപ്പെട്ട തൊഴില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ശക്തമായ ഇടപെടലിലൂടെ തിരിച്ചു കിട്ടിയതായി ക്ഷേമ ബോര്‍ഡിലെ തൊഴിലാളികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2019 ല്‍ പേരാമ്പ്രയില്‍ പ്രവര്‍ത്തനം തുടങ്ങിയ സികെ മെറ്റീരിയല്‍സ് എന്ന സ്ഥാപനത്തില്‍ ചുമട്ടു തൊഴിലാളി ക്ഷേമ ബോര്‍ഡ് പേരാമ്പ്ര ഉപകാര്യാലയത്തിന്റെ രണ്ട് പൂളുകളില്‍പെട്ട 21 തൊഴിലാളികളാണ് ചരക്കിറക്കിക്കൊണ്ടിരുന്നത്. ഇവര്‍ക്ക് നിഷേധിക്കപ്പെട്ട തൊഴിലാണ് നിമയപോരാട്ടത്തിലൂടെ തിരികെ ലഭിച്ചിരിക്കുന്നത്.

2022 ജനുവരി മുതല്‍ ഉടമ നിയമിച്ച തൊഴിലാളികള്‍ക്കാണ് ജോലി നല്‍കിയത്. ഇത് പ്രശ്നങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഇടയാക്കി. തുടര്‍ന്ന് തൊഴിലാളികളുടെ സമരവും അരങ്ങേറി. സ്ഥാപനമുടമ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചു. ഇതോടെ തൊഴില്‍ നിഷേധിക്കപ്പെട്ട ക്ഷേമ ബോര്‍ഡ് തൊഴിലാളികള്‍ സമരമാരംഭിച്ചു. ഇതോടൊപ്പം ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് കോടതിയില്‍ റിവ്യൂ പെറ്റീഷന്‍ നല്‍കി.

പരിഹാരമുണ്ടാക്കാന്‍ ലേബര്‍ ഓഫീസര്‍മാര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി വിധിയായി. ഇതിലും പരിഹാരം ഉണ്ടാകാത്ത സാഹചര്യത്തില്‍ വിവിധ തലത്തിലുള്ള ലേബര്‍ ഓഫീസര്‍മാരുടെ സാന്നിധ്യത്തില്‍ തുടര്‍ ചര്‍ച്ചകള്‍ നടന്നു. ഇതും ഫലവത്തായില്ല. ഒടുവില്‍ സികെ മെറ്റീരിയല്‍ സിലെ കയറ്റിറക്ക് ജോലി ചെയ്യാന്‍ പേരാമ്പ്ര ടൗണിലെ രണ്ട് പൂളിലും പെട്ട ചുമട്ടു തൊഴിലാളികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ജില്ലാ ലേബര്‍ ഓഫീസര്‍ ഉത്തരവിറക്കി. ഇത് പ്രകാരം ക്ഷേമ ബോര്‍ഡിന്റെ ക്രമീകരണമനുസരിച്ച് സി പൂളിലെ തൊഴിലാളികള്‍ അവിടെ ജോലി ചെയ്യാന്‍ തുടങ്ങിയതായി സി.ഐ.ടി.യു, എച്ച്.എം.എസ്, എസ്.ടി.യു പ്രതിനിധിക ളായ പി.എം.രാമദാസ്, ഷബീര്‍ ചാലില്‍, എം.എം.മജീദ്, എന്‍.എം.അഷ്‌റഫ്, വി.മനോജന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Summary: Perampra CK Materials workers win after legal battles over labour issue