ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ അപകടങ്ങള്‍ക്ക് കുപ്രസിദ്ധിയാര്‍ജ്ജിച്ച് പേരാമ്പ്ര ബൈപ്പാസ്; വയനാട് സ്വദേശികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് വയലിലേക്ക് മറിഞ്ഞു
പേരാമ്പ്ര: ചുരുങ്ങിയ കാലങ്ങള്‍ക്കുള്ളില്‍ ചെറുതും വലുതുമായ അപകടങ്ങളുടെ പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജുക്കഴിഞ്ഞു പേരാമ്പ്ര ബൈപ്പാസ്. ഏറ്റവുമൊടുവിലായി ഇന്ന് ബൈപ്പാസില്‍ കാര്‍ നിയന്ത്രണംവിട്ട് അപകടത്തില്‍പ്പെട്ടു. വയനാട് സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. ആര്‍ക്കും പരിക്കില്ല. നിയന്ത്രണംവിട്ട് കാര്‍ റോഡ് കടന്ന് സമീപത്തെ വയലിലേക്ക് മറിഞ്ഞ് വീഴുകയായിരുന്നു. പിന്നീട് ക്രെയിന്‍ ഉപയോഗിച്ച് കാര്‍ മാറ്റുകയായിരുന്നു.
ഇത്തരം സംഭവങ്ങള്‍ ബൈപ്പാസില്‍ ആവര്‍ത്തിക്കുകയാണ്. ബൈപാസില്‍ പ്രധാനമായും 4 ജംക്ഷനുകളാണ് ഉള്ളത്. തുടക്കത്തില്‍ കക്കാടും ഇഎംഎസ് ആശുപത്രി, പൈതോത്ത് റോഡ്, അവസാനിക്കുന്ന കല്ലോട് കൊളോറക്കണ്ടി എന്നിവയാണ് പ്രധാനപ്പെട്ടവ. കവലകളില്‍ വേഗം കുറയ്ക്കാത്തതാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്. ഇവയില്‍ ഒന്നിലും അപകടം നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടില്ല.
ബൈപ്പാസിലെ ഇ.എം.എസ് ഹോസ്പിറ്റല്‍ ജങ്ഷനും പൈതോത്ത് റോഡ് ജങ്ഷനും ഏറെ അപകട സാധ്യതയുള്ള ഇടങ്ങളാണ്. ഇ.എം.എസ് ആശുപത്രിയ്ക്ക് സമീപമുള്ള ജങ്ഷനില്‍ നേരത്തെ പലതവണ അപകടങ്ങള്‍ നടന്നിട്ടുണ്ട്. ഇവിടെ ചെമ്പ്ര റോഡില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ അമിത വേഗതയിലും പുതിയ ബൈപ്പാസ് റോഡ് വഴി കടന്നുപോവുന്ന വാഹനങ്ങള്‍ സ്ലോ ഡൗണ്‍ ചെയ്യാതെ പോകുന്നതും അപകടത്തിന് കാരണമാകുന്നു.
കോഴിക്കോട് ഭാഗത്ത് നിന്ന് പോകുമ്പോള്‍ ബൈപ്പാസ് തുടങ്ങുന്ന കൈതക്കല്‍ ഭാഗം തന്നെ അപകട സാധ്യതാ മേഖലയാണ്. കൈതക്കലില്‍ നിന്നു വളവു തിരിഞ്ഞ് എത്തുമ്പോള്‍ പെട്ടെന്നു ബൈപാസ് റോഡ് കാണാന്‍ കഴിയില്ല. ബൈപാസില്‍ സിഗ്‌നല്‍ സംവിധാനം ഇല്ല. ഉദ്ഘാടനത്തിന് കുറച്ച് ദിവസം മുന്‍പാണ് കക്കാട് ബൈപാസിന്റെ തുടക്കത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ കാര്‍ ഇടിച്ച് മരിച്ചത്. ശേഷം ഇങ്ങോട്ട് അപകടങ്ങളുടെ നീണ്ടനിര ആയിരുന്നു. പലദിവസങ്ങളില്‍ ചെറുതും വലുതുമായ ഒന്നിലേറെ അപകടങ്ങള്‍ ഉണ്ടാകുന്നു എന്നാണ് സമീപവാസികള്‍ പറയുന്നത്.