പേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്‌മാന്‍ മുത്തേരി ബലാത്സംഗം അടക്കം 44 കേസുകളില്‍ പ്രതി, ആദ്യമായി കൊലപാതക കേസില്‍ പിടിയിലായത് ഇരുപതാംവയസില്‍
കൊണ്ടോട്ടി: പേരാമ്പ്ര വാളൂരില്‍ യുവതിയെ തോട്ടില്‍ മുക്കിക്കൊന്ന കേസില്‍ പ്രതിയായ കൊണ്ടോട്ടി നെടിയിരുപ്പ് ചെറുപറമ്പ് കോളനിയില്‍ കാവുങ്ങല്‍ നമ്പിലകത്ത് മുജീബ്റഹ്‌മാന്‍ (48) മുത്തേരി ബലാത്സംഗം അടക്കം നിരവധി കേസുകളില്‍ പ്രതി. ഇയാള്‍ക്കെതിരെ കൊണ്ടോട്ടി പോലീസ് സ്റ്റേഷനില്‍ മാത്രം 13 കേസ്. ഇതുകൂടാതെ മലപ്പുറം ജില്ലയിലെ മറ്റു പോലീസ് സ്റ്റേഷനുകളിലും വിവിധ ജില്ലകളിലുമായി 44 കേസുകളിലും ഇയാള്‍ പ്രതിയാണ്.
അഞ്ചുമാസം മുന്‍പ് കിഴിശ്ശേരിയിലെ ആക്രിക്കടയില്‍ നടന്ന മോഷണത്തിന് കൊണ്ടോട്ടി പോലീസ് അറസ്റ്റുചെയ്ത് ജാമ്യത്തില്‍ ഇറങ്ങിയതാണ് മുജീബ്. ഈ സമയത്താണ് വാളൂരിലെ അനുവിനെ കൊലപ്പെടുത്തുന്നത്.
2020ലാണ് മുത്തേരിയില്‍ വയോധികയെ കെട്ടിയിട്ട് അതിക്രൂരമായി ബലാത്സംഗം ചെയ്തത്. മോഷ്ടിച്ച ഓട്ടോയില്‍ ആയിരുന്നു അന്ന് പ്രതി കൃത്യത്തിനായി എത്തിയത്. ഇതിനിടെ വഴിയില്‍ ജോലിയ്ക്ക് പോകാനായി നില്‍ക്കുന്ന വയോധികയെ കാണുകയായിരുന്നു. ജോലി സ്ഥലത്ത് കൊണ്ടുവിടാമെന്ന് പറഞ്ഞാണ് ഇയാള്‍ വയോധികയെ വാഹനത്തില്‍ കയറ്റിയത്. ആളൊഴിഞ്ഞ സ്ഥലത്ത് വാഹനം നിര്‍ത്തി ഇയാള്‍ ഇവരുടെ കൈകാലുകള്‍ ഓട്ടോയില്‍ കെട്ടിയിട്ടശേഷം ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.
ഇതിനുശേഷം ഇവരുടെ കൈവശമുണ്ടായിരുന്ന സ്വര്‍ണവും പണവും കവരുകയായിരുന്നു. തുടര്‍ന്ന് വഴിയില്‍ ഉപേക്ഷിച്ചു. അവശനിലയില്‍ ആയ ഇവര്‍ ഇഴഞ്ഞാണ് അടുത്ത വീട്ടില്‍ എത്തി വിവരം പറഞ്ഞത്. ഇവരുടെ പരാതിയില്‍ പൊലീസ് ഉടനെ തന്നെ മുജീബിനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കോവിഡ് കേന്ദ്രത്തില്‍വെച്ച് ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ഭാര്യവീട്ടില്‍ വച്ചായിരുന്നു ഇയാളെ പൊലീസ് അറസ്റ്റു ചെയ്തത്.
വീടുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ചുള്ള കവര്‍ച്ചക്കേസുകളാണ് മുജീബ് റഹ്‌മാനെതിരേ കൂടുതലുമുള്ളത്. വാഹനമോഷണവുമുണ്ട്. 2022-ല്‍ മുക്കത്തെ ഒരു സ്ത്രീയെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി മലയുടെ മുകളിലെത്തിച്ച് കൈയും കാലും കെട്ടിയിട്ട് മാനഭംഗപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്ന കേസും ഇയാളുടെ പേരിലുണ്ട്.
ആ വര്‍ഷംതന്നെ മുസ്ലിയാരങ്ങാടിയില്‍ വീടിന്റെ വാതില്‍ കത്തിച്ച് അകത്തുകയറി സ്ത്രീയെ ആക്രമിച്ച് കവര്‍ച്ചനടത്തിയതിനും കേസുണ്ട്. ഇരുപതാമത്തെ വയസ്സില്‍ കൊലപാതകക്കേസില്‍ പ്രതിയായിരുന്നെങ്കിലും കോടതി വെറുതെവിട്ടിരുന്നു. തിരൂരില്‍ ജൂവലറി ഉടമയായിരുന്ന ഗണപതിയെ വധിച്ച കേസായിരുന്നു അത്.
ബൈക്കില്‍ കയറിയ അനുവിനെ ആഭരണങ്ങള്‍ മോഷ്ടിക്കുന്നതിനായി തോട്ടിലെ വെള്ളത്തില്‍ മുക്കിക്കൊന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. പിന്നീട് ഇയാള്‍ നാട്ടുകാരനായ അബൂബക്കറിന്റെ സഹായത്തോടെ സ്വര്‍ണാഭരണങ്ങള്‍ വില്‍പ്പന നടത്തി. അബൂബക്കറിനെ പോലീസ് പിടികൂടിയിട്ടുണ്ട്. 1,70,000 രൂപയ്ക്ക് വില്‍പ്പന നടത്തിയ സ്വര്‍ണം പോലീസ് കണ്ടെടുത്തു.