സ്ഥലവും റോഡും സർവ്വേ നടത്താൻ കെെക്കൂലി വാങ്ങി; പേരാമ്പ്ര സ്വദേശിയായ സർവേയർ വിജിലൻസിൻ്റെ പിടിയിൽ


താമരശ്ശേരി: കൈക്കൂലി വാങ്ങിയ പേരാമ്പ്ര സ്വദേശിയായ സർവേയർ വിജിലൻസിൻ്റെ പിടിയിൽ. താമരശ്ശേരി താലൂക്ക് സർവേയർ പേരാമ്പ്ര അവട്ക്ക വണ്ണാറത്ത് എൻ അബദുൽ നസീറാണ് പിടിയിലായത്. കൊടിയത്തൂർ സ്വദേശി അജ്മലിൻ്റെ പരാതിയിലാണ് വിജിലൻസ് പരിശോധന നടത്തിയത്.

അജ്മലിൻ്റെ വാപ്പായുടെ പേരില്‍ കൂടരങ്ങി വില്ലേജിലുള്ള വസ്തുവില്‍ നിന്നും, കൂമ്പാറ-പുന്നക്കാട് റോഡ് വികസനത്തിന് സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തിരുന്നു. ഇതിന് ശേഷം അവശേഷിക്കുന്ന വസ്തു അളന്ന് തിട്ടപ്പെടുത്തി സ്‌കെച്ച് നല്‍കുന്നതിനായി കഴിഞ്ഞ ഏപ്രില്‍ ആദ്യ ആഴ്ചയാണ് കൂടരങ്ങി വില്ലേജ് ഓഫീസില്‍ സമര്‍പ്പിച്ചിരുന്ന അപേക്ഷ തുടര്‍ നടപടികള്‍ക്കായി താമരശ്ശേരി താലൂക്ക് സര്‍വ്വേയര്‍ക്ക് അയച്ച് കൊടുത്തത്. എന്നാൽ ഈ അപേക്ഷയില്‍ തുടര്‍ നടപടികള്‍ ഉണ്ടാകാതിരുന്നതിനെ തുടര്‍ന്ന് അജ്മൽ താലൂക്ക് സര്‍വ്വേയറായ അബ്ദുള്‍ നസീറിനെ സമീപിക്കുകയായിരുന്നു.

സർവ്വേ നടത്താൻ നൽകിയ അപേക്ഷയിൽ നസീർ കെെക്കൂലി ആവശ്യപ്പെട്ടു. തുടർന്ന് നസീറിൻ്റെ ആവശ്യപ്രകാരം ജൂൺ 17-ന് 10000 രൂപ ആദ്യം കൈക്കൂലിയായി ​ഗൂ​ഗിൾ പേ വഴി നൽകി. കെെക്കൂലി പണം വാങ്ങി സ്ഥലം മാത്രം സർവ്വേ നടത്തി. പിന്നീട് നസീറിന്റെ കാർ റിപ്പയറിങ്ങിനായി രണ്ടായിരത്തിൽ അധികം രൂപ വർഷോപ്പിൽ കൊടുപ്പിച്ചതായും പരാതിയിൽ പറയുന്നു.

19-ാം തീയതി അബ്ദുള്‍ നസീറിനെ സമീപിച്ച പരാതിക്കാരനോട് വസ്തു അളന്ന് സ്‌കെച്ച് നല്‍കുന്നതിന് വീണ്ടും 10000/- രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഈ വിവരം പരാതിക്കാരന്‍ വിജിലന്‍സ് കോഴിക്കോട് വടക്കന്‍ മേഖല പോലീസ് സൂപ്രണ്ട് പ്രജീഷ് തോട്ടത്തിലിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം കോഴിക്കോട് യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ശ്രീ.ഇ. സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം കെണിയൊരുക്കുകയായിരുന്നു.

റോഡ് സർവ്വേക്കായി 20000 രൂപയാണ് നസീർ ആവശ്യപ്പെട്ടത്. ഇതിൽ ആദ്യ ഘഡു 10000 രൂപ വാങ്ങി. പിന്നീട് തഹസിൽദാരുടെ യാത്രയയപ്പ് നടക്കുന്ന സ്ഥലത്ത് നിന്ന് 10000 രൂപയും വാങ്ങി. കൈക്കൂലി വാങ്ങി താലൂക്ക് തഹസീല്‍ദാര്‍ ഓഫീസിലേയ്ക്ക് കയറുന്ന സമയം വിജിലന്‍സ് സംഘം കൈയ്യോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.

വിജിലന്‍സ് സംഘത്തില്‍ ഡി.വൈ.എസ്.പി സുനില്‍കുമാര്‍.ഇ യെ കൂടാതെ പോലീസ് ഇന്‍സ്‌പെക്ടറായ മൃദുല്‍കുമാര്‍, പോലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരായ സുനില്‍, ഷാജി, ഹരീഷ് കുമാര്‍, രാധാകൃഷ്ണന്‍, സുജിത്ത് പോലീസ് ഉദ്ദ്യോഗസ്ഥരായ അനില്‍കുമാര്‍, ശ്രീ.ജയേഷ്, ഷൈജിത്ത് എന്നിവരും ഉണ്ടായിരുന്നു.

പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്‌സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറ്കടര്‍ ജനങ്ങളോട് അറിയിച്ചു.