ഏത് കാര്യത്തിനും ഓടിയെത്തുന്ന ഉത്സാഹിയായ സാമൂഹ്യ പ്രവർത്തകൻ, ​ഗൾഫിൽ നിന്ന് നാട്ടിലെത്തി മാസങ്ങൾക്കുള്ളിൽ അപ്രതീക്ഷിത മരണം; പേരാമ്പ്രയിൽ ഷോക്കേറ്റ് മരിച്ച മുനീബിന്റെ വിയോ​ഗത്തിൽ കണ്ണീരണിഞ്ഞ് നാട്


പേരാമ്പ്ര: ഷോക്കേറ്റ് മരിച്ച കക്കാട് സ്വദേശി മുനീബിന്റെ അപ്രതീക്ഷിത വിയോഗം താങ്ങാനാതെ നാട്. പ്രവാസിയായിരുന്ന മുനീബ് മൂന്നു മാസം മുമ്പാണ് നാട്ടില്‍ എത്തിയത്. രണ്ടാഴ്ച മുമ്പാണ് മുനീബിന്റെ നിക്കാഹ് കഴിഞ്ഞത്. പ്രിയതമയുമായി ഒന്നിച്ച് കണ്ട ജീവിത സ്വപ്‌നങ്ങള്‍ ബാക്കിയാക്കിയാണ് അവന്‍ മടങ്ങിയത്.

ജോലിക്കിടെ ഇന്ന് ഉച്ചയോടെയാണ് മുനീബിന് ദാരുണ മരണം സംഭവിക്കുന്നത്. പേരാമ്പ്രയിലെ അജ്‌വ എന്ന പരസ്യ സ്ഥാപനം നടത്തുന്ന മുനീബ് ഫ്‌ലക്‌സ് ബോര്‍ഡ് വെക്കുന്നതിനിടയില്‍ വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍ പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പേരാമ്പ്രയിലെ മുസ്ലീംലീഗിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. പ്രവാസിയായിരുന്നെങ്കിലും നാട്ടിലെത്തുമ്പോള്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കാരുണ്യ പ്രവര്‍ത്തനങ്ങളിലും പള്ളി കമ്മിറ്റികളിലും സജീവമായി ഓടി നടന്ന് പ്രവര്‍ത്തിക്കുന്ന ചെറുപ്പക്കാരനെയാണ് നാടിന് നഷ്ടമായത്. രാഷ്ട്രീയ സാമുദായിക രംഗങ്ങളിലും കല്യാണ വീടുകളിലും മറ്റുള്ളവര്‍ക്ക് സഹായമാകുന്ന ചെറുപ്പക്കാരന്റെ വിയോഗം നാടിനെ ഉള്‍കൊള്ളാനാവാത്ത തീര വേദനയാണ്.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം നാളെ ചേനോളി ജുമാ മസ്ജിദില്‍ ഖബറടക്കും.