ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക പന്തായ ‘അല്‍ രിഹ്‌ല’ പേരാമ്പ്രയുടെ മണ്ണില്‍ ഉരുളും; പേരാമ്പ്ര സ്വദേശി ജൈസലിന് പന്ത് സമ്മാനിച്ച് ഫിഫ
പേരാമ്പ്ര: ഈ വര്‍ഷം ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ഔദ്യോഗിക പന്തായ ‘അല്‍ രിഹ്‌ല’ പേരാമ്പ്രയുടെ മണ്ണിലും ഉരുളും. പേരാമ്പ്ര മരുതേരി സ്വദേശി ജൈസലാണ് നവംബറില്‍ നടക്കുന്ന ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക പന്ത് സ്വന്തമാക്കിയിരിക്കുന്നത്.
കോഴിക്കോട് തൊണ്ടയാടുള്ള ഹൈലൈറ്റ് മാളില്‍ പ്രവര്‍ത്തിക്കുന്ന ലോന ആര്‍ട്ട് ആന്‍ഡ് ഗിഫ്റ്റിന്റെ മാനേജറാണ് ജൈസല്‍. നല്ലൊരു ചിത്രകാരനായ ജൈസല്‍ നേരത്തേ ഫിഫ അധ്യക്ഷനായ ഗിയാനി ഇന്‍ഫാന്റിനോയ്ക്ക് അദ്ദേഹത്തിന്റെ ചിത്രം വരച്ച് നല്‍കിയിരുന്നു. ഇതിനുള്ള സ്‌നേഹോപഹാരമായാണ് ഫിഫ ജൈസലിന് അല്‍ രിഹ്‌ല പന്ത് സമ്മാനിച്ചത്.
ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് ഉപയോഗിക്കുന്ന ഔദ്യോഗിക പന്ത് സ്വന്തമാക്കാന്‍ കഴിഞ്ഞതിന്റെ ആവേശത്തിലാണ് ഇപ്പോള്‍ ജൈസല്‍. അല്‍ രിഹ്‌ല പന്ത് സ്വന്തമാക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നാണ് ജൈസലിന്റെ പ്രതികരണം.
അല്‍ രിഹ്‌ല
ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ ഉപയോഗിക്കുന്ന ഔദ്യോഗിക പന്താണ് അല്‍ രിഹ്‌ല. അഡിഡാസ് കമ്പനി തന്നെയാണ് ഇത്തവണയും പന്ത് നിര്‍മ്മിക്കുന്നത്.
ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വേഗതയേറിയ പന്ത് എന്ന വിശേഷണത്തോടെയാണ് അല്‍ രിഹ്‌ല ഖത്തറിലെ എട്ട് മൈതാനങ്ങളെയും തീ പിടിപ്പിക്കാനായി എത്തുന്നത്. യാത്ര, സഞ്ചാരം എന്നൊക്കെയാണ് അല്‍ രിഹ്‌ല എന്ന അറബി പദത്തിന്റെ അര്‍ത്ഥം.
തുടര്‍ച്ചയായ 14-ാം തവണയാണ് അഡിഡാസ് ലോകകപ്പ് ഫുട്‌ബോളിന്റെ ഔദ്യോഗിക നിര്‍മാതാക്കളാവുന്നത്. 2010 ലെ ദക്ഷിണാഫ്രിക്ക ലോകകപ്പില്‍ ഉപയോഗിച്ച ജബുലാനി, 2014 ലെ ബ്രസീല്‍ ലോകകപ്പില്‍ ഉപയോഗിച്ച ബ്രസൂക്ക, 2018 ലെ റഷ്യ ലോകകപ്പില്‍ ഉപയോഗിച്ച ടെല്‍സ്റ്റാര്‍ 18 എന്നിവയും ഇതിനുമുമ്പ് ആരാധകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. 1970 മുതലാണ് ഫുട്‌ബോള്‍ ലോകകപ്പിലെ പന്തുകളുടെ ഔദ്യോഗിക നിര്‍മാണം അഡിഡാസ് ആരംഭിക്കുന്നത്.
ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറിന്റെ പൈതൃകവും സംസ്‌കാരവും ദേശീയ പതാകയുടെ നിറവുമെല്ലാം പന്തിന്റെ രൂപകല്‍പ്പനയില്‍ ഉള്‍പ്പെടുത്താന്‍ നിര്‍മാതാക്കള്‍ ശ്രദ്ധിച്ചിട്ടുണ്ട്.
മൈതാനത്തെ അതിവേഗതയും, ഷോട്ടുകളിലെ കൃത്യതയുമെല്ലാമാണ് ഇത്തവണ അഡിഡസ് ലോകകപ്പിനായി ഒരുക്കുന്ന അല്‍ രിഹ്‌ലയുടെ പ്രധാന സവിശേഷത. ആധുനിക ഫുട്ബോളില്‍ കളിയുടെ വേഗം വര്‍ധിച്ച് കൊണ്ടിരിക്കുന്നതിനാല്‍ പന്തിന്റെ വേഗതയും കൃത്യതയും സ്ഥിരതയും നിര്‍ണായകമാണെന്നാണ് അഡിഡാസ് ഡിസൈനിങ് ഡയറക്ടര്‍ പറഞ്ഞത്.