ഫോര്‍മുല വണ്‍ കാര്‍ റേസിങ്ങിൽ അന്താരാഷ്ട്ര താരമാകാനൊരുങ്ങി പേരാമ്പ്ര സ്വദേശിനി സൽവ
പേരാമ്പ്ര: ഇന്ത്യയില്‍ നിന്നുള്ള പ്രഥമ വനിതാ ഇന്റര്‍നാഷണല്‍ ഫോര്‍മുല വണ്‍ റേസിംഗ് താരമാകാന്‍ ഒരുങ്ങി ചെമ്പ്ര സ്വദേശിനി. ചെമ്പ്ര പനിച്ചിങ്ങള്‍ കുഞ്ഞാമൂ- സുബൈദ ദമ്പതികളുടെ മകള്‍ സല്‍വ മര്‍ജാനാണ് റേസിംഗിനായുള്ള ഒരുക്കങ്ങള്‍ നടത്തുന്നത്.
ആത്മവിശ്വാസവും അര്‍പ്പണബോധവും കൈമുതലാക്കി എഫ് വണ്‍ റേസിംഗില്‍ സ്വന്തം ജീവിതചര്യ തന്നെ കെട്ടിപടുക്കുവാനുള്ള പ്രയാണത്തിലാണ് ഈ 23കാരി. വരാനിരിക്കുന്ന എഫ് ഫോര്‍ യു.എ.ഇ, എഫ് ഫോര്‍ ബ്രിട്ടന്‍ തുടങ്ങിയ ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കുന്നതിനായുള്ള പരിശീലനത്തിലും അതിനായുള്ള തയ്യാറെടുപ്പിലുമാണ് സല്‍വ ഇപ്പോള്‍.
ഇന്ത്യയിലെ തന്നെ പ്രഥമ വനിതാ ചാമ്പ്യന്‍ ആകുവാ എന്നതാണ് ലക്ഷ്യമെന്നും അതിനായുള്ള പരിശീലനം നടത്തുന്നതായും സല്‍വ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. കുട്ടിക്കാലം മുതല്‍ ഡ്രൈവിങ്ങിനോട് വലിയ താല്‍പര്യമായിരുന്നു. എട്ട് വര്‍ഷത്തോളം ഈ സ്വപ്‌നവുമായി നടന്നു. പിന്നീട് ലക്ഷ്യത്തിലേക്ക് ഇറങ്ങിത്തിരിക്കുകയായിരുന്നു.
വീട്ടുകാരുടെ ഭാഗത്തുന്നിനും ലഭിച്ച പിന്‍ന്തുണ കാരണമാണ് ഇന്നും മുന്നോട്ട് പോവുന്നത്. ഓരോ ചാമ്പ്യന്‍ഷിപ്പുകളിലും പങ്കെടുക്കാന്‍ വലിയ തുകയാണ് വേണ്ടി വരുന്നത്. അതും പിന്നെ റേസിംഗിനാവശ്യമായ ട്രാക്കുകള്‍ കിട്ടാനുള്ള പ്രയാസവും സ്വപ്‌നവുമായി മുന്നോട്ടുപോവുമ്പോള്‍ വലിയ വെല്ലുവിളിയായെന്നും സല്‍വ പറയുന്നു. ചെന്നൈയിലായിരുന്നു ആദ്യഘട്ട പരിശീലനവും മറ്റും പൂര്‍ത്തീകരിച്ചത്. ഇപ്പോള്‍ ദുബായിലാണ് ചാമ്പ്യന്‍ഷിപ്പിനായി ഒരുങ്ങുന്നത്.
എഫ് ഫോര്‍ ചാമ്പ്യന്‍ഷിപ്പിനായുള്ള പരിശീലനത്തോടൊപ്പം എഫ് വണ്‍ ചാമ്പ്യന്‍ഷിപ്പിലേക്ക് നേരിട്ട് പങ്കെടുക്കുന്നതിനായി എഫ് വണ്‍ അക്കാദമിയില്‍ ഒരുക്കങ്ങള്‍ നടത്തുന്നുണ്ട്. സ്ത്രീകള്‍ അധികം കടന്നു ചെല്ലാത്ത ഈ ഒരു മേഖലയില്‍ വിജയക്കൊടി പാറിക്കുന്നത്തിലൂടെ സമൂഹം അടിച്ചേല്‍പ്പിക്കുന്ന മുന്‍വിധികള്‍ക്കും എതിരെ മാതൃകയായി മാറുന്ന സല്‍വ അടുത്തിടെ വുമണ്‍ ഇന്നൊവേറ്റര്‍ അവാര്‍ഡിനും നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.
തന്റെ വ്യത്യസ്തമായ ജീവിതയാത്രയിലൂടെ ചരിത്രം കുറിക്കുന്ന സല്‍വ വരും തലമുറയ്ക്ക് തങ്ങളുടെ സ്വപ്നങ്ങള്‍ കീഴടക്കാനുള്ള ആത്മവിശ്വാസവും കൂടെ പകര്‍ന്നു നല്‍കുകയാണ്.
Summary: Perambra Chembra native girl is preparing to become an international star in formula one car racing.