ഉത്സവമിങ്ങെത്താറായി, ആഘോഷങ്ങൾ പൊടിപൊടിക്കും; കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിനായുള്ള ജനകീയ കമ്മിറ്റി രൂപീകരിച്ചു


കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ ഈ വർഷത്തെ കാളിയാട്ട മഹോത്സവത്തിന്റെ  ആഘോഷപരിപാടികളുടെ വിജയകരമായ നടത്തിപ്പിനായി ജനകീയ ഉത്സവ കമ്മിറ്റി രൂപീകരിച്ചു. ട്രസ്റ്റി ബോർഡ്‌ ചെയർമാൻ വാഴയിൽ ബാലൻ നായരാണ് കമ്മിറ്റി ചെയർമാൻ.

ഇ.എസ്.രാജൻ (വൈസ് ചെയർമാൻ), അഡ്വ. ടി.കെ.രാധാകൃഷ്ണൻ (ജനറൽ കൺവീനർ), എ.കെ.ശ്രീജിത്ത്, എ.പി.സുധീഷ്, മധു മീത്തൽ (കൺവീനർമാർ), ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ജഗദീഷ് പ്രസാദ് (ട്രഷറർ) എന്നിവരാണ് ആഘോഷ കമ്മിറ്റിയുടെ ഭാരവാഹികൾ.

നേരത്തെ ഭക്തജന പങ്കാളിത്തമില്ലാതെ ക്ഷേത്ര ജീവനാക്കാരെ മാത്രം ഉൾപ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിച്ചതായി വാർത്തകൾ വന്നിരുന്നു. ഇതിനെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് ട്രസ്റ്റി ബോർഡ് തീരുമാനപ്രകാരം ഭക്തജനങ്ങളുടെ യോഗം വിളിച്ചു ചേർത്ത് ജനകീയ കമ്മിറ്റി രൂപീകരിച്ചത്.

മാർച്ച് 24 നാണ് പിഷാരികാവ് ക്ഷേത്രത്തിൽ കാളിയാട്ട മഹോത്സവത്തിന് കൊടിയേറുക. മാർച്ച് 29 ന് ചെറിയ വിളക്കും 30 ന് വലിയ വിളക്കും നടക്കും. മാർച്ച് 31 നാണ് കാളിയാട്ടം.

ഫെബ്രുവരി 21 നാണ് പിഷാരികാവ് ക്ഷേത്രത്തിലെ വര്‍ഷാന്ത ഉത്സവമായ കാളിയാട്ടത്തിന്റെ തിയ്യതി കുറിക്കൽ ചടങ്ങ് നടന്നത്. പ്രഭാത പൂജയ്ക്ക് ശേഷം ഒമ്പതുമണിയോടെ പൊറ്റമ്മല്‍ നമ്പീശനായ പൊറ്റമ്മല്‍ ഉണ്ണിക്കൃഷ്ണന്‍ നമ്പീശന്റെ കാര്‍മ്മികത്വത്തിലായിരുന്നു കാളിയാട്ടം കുറിക്കല്‍.

ഉത്സവം മീനമാസത്തില്‍തന്നെ നടത്തണമെന്നല്ലാതെ നിശ്ചിത ദിവസം തന്നെ നിശ്ചിത നാളില്‍ നടത്തണമെന്ന് നിര്‍ബന്ധമില്ല. അത് ഓരോ കൊല്ലവും നിശ്ചയിക്കുകയാണ് പതിവ്. കാളിയാട്ടം കുറിച്ച ശേഷം അന്നേ ദിവസം അത്താഴ പൂജയ്ക്ക് കഴിഞ്ഞ് രാത്രി എട്ട് മണിയോടെ ഷാരടി കുടുംബാംഗമായ ബാലകൃഷ്ണ പിഷാരടിയാണ് ക്ഷേത്രത്തിന്റെ അകത്തെ നടയില്‍വെച്ച് കാളിയാട്ടത്തിന്റെ തിയ്യതി വിളംബരം ചെയ്തത്.