ഇനി മുതല്‍ മൂന്ന് സെന്റ് ഭൂമിയില്‍ താഴെയുള്ളവര്‍ക്കും സഹകരണ ബാങ്കുകളില്‍ നിന്ന് വായ്പ ലഭിക്കും; അനുമതി നല്‍കി സഹകരണ സംഘം രജിസ്ട്രാര്‍


കോഴിക്കോട്: ഇനി മുതല്‍ മൂന്ന് സെന്റ് ഭൂമിയില്‍ താഴെയുള്ളവര്‍ക്കും സഹകരണ ബാങ്കുകളില്‍ നിന്നും വായ്പ ലഭിക്കും. ഇതിനായി സഹകരണ സംഘം രജിസ്ട്രാര്‍ അനുമതി നല്‍കി. സ്ഥലമൂല്യം കണക്കാക്കി വായ്പാ തിരിച്ചടവ് ഉറപ്പാക്കിയും സംഘത്തിന്റെ നിയമാവലിക്ക് വിധേയമായും മാത്രമേ വായ്പ അനുവദിക്കൂവെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

മൂന്ന് സെന്റില്‍ താഴെ വിസ്തീര്‍ണ്ണമുള്ള ഭൂമിയുടെ ഉടമസ്ഥരായ സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ളവരുടെ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകനായ തത്തമംഗലം നെല്ലിക്കാട് പുത്തന്‍കളം ചന്ദ്രന്‍ സ്വാമി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി നല്‍കിയിരുന്നു. ഈ പരാതിയിന്മേലാണ് നടപടിയുണ്ടായിരിക്കുന്നത്.

ഇത്തരം സ്ഥലങ്ങളുള്ള ഈടിന്മേല്‍ വായ്പ നല്‍കി കുടിശ്ശികയായാല്‍ തിരിച്ചുപിടിക്കാനുള്ള ജപ്തിനടപടിക്രമങ്ങള്‍ക്ക് ബുദ്ധിമുട്ടുള്ളതിനാലാണ് നേരത്തെ വായ്പ നിഷേധിച്ചിരുന്നതെന്ന് സഹകരണ സംഘം രജിസ്ട്രാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. വായ്പ അനുവദിക്കുന്നത് സംബന്ധിച്ച് ബാങ്ക് ഭരണസമിതിക്ക് തീരുമാനമെടുക്കാമെന്നും രജിസ്ട്രാര്‍ വ്യക്തമാക്കിയിട്ടുണ്ട്.