ദൈനംദിന വിളക്കും നിത്യപൂജാദികര്‍മ്മകളും മുടങ്ങിയിട്ട് കാലങ്ങളായി; കൊല്ലം കൊണ്ടാടുംപടി ക്ഷേത്രം പിഷാരികാവ് ദേവസ്വം ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു
കൊയിലാണ്ടി: കൊല്ലം കൊണ്ടാടുംപടി ക്ഷേത്രം പിഷാരികാവ് ദേവസ്വം ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. പിഷാരികാവ് ദേവസ്വത്തിന്റെ അനുബന്ധ ക്ഷേത്രമാണ് കൊണ്ടാടുംപടി. പോര്‍ക്കലി ഭഗവതിയെ നാന്തകത്തില്‍ ആവാഹിച്ച് പന്തലായനി കൊല്ലത്തെത്തിയ വിഷഹാരിയും സംഘവും വിശ്രമിച്ച ഇടമായിട്ടാണ് പഴമക്കാര്‍ കൊണ്ടാടുംപടിയെ കാണുന്നത്.
പിഷാരികാവില്‍നിന്നും കൊടിക്കൂറയും മുളയും കൊണ്ടുവന്നാണ് ഉത്സവനാളില്‍ ഇവിടെ കൊടിയേറ്റം നടത്താറുള്ളത്. കാവിലേക്കുള്ള ആദ്യ അവകാശവരവും പുറപ്പെടുന്നതും ഇവിടെ നിന്നാണ്. ഈവരവ് എത്തിയാലേ ക്ഷേത്രത്തിലെ മറ്റുവരവുകള്‍ അവിടെ പ്രവേശിക്കുക പതിവുള്ളൂ. കാളിയാട്ട മഹോത്സവത്തിലെ സുപ്രധാന ചടങ്ങായ ഭഗവതിയുടെ ഊരുചുറ്റല്‍ എഴുന്നെള്ളത്ത് ഇവിടെയെത്തി തെയ്യമ്പാടിക്കുറുപ്പും പ്രധാനികളും ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ച് ചില ചടങ്ങുകള്‍ ചെയ്താണ് കാവിലേക്ക് മടങ്ങുന്നത്.
കെ.പി.കേശവമേനോനാണ് പഴയ കൊണ്ടാടുംപടിക്ഷേത്രത്തിനു തറക്കല്ലിട്ടത്. ഇ.രാജഗോപാലന്‍നായര്‍ അധ്യക്ഷനും പ്രൊഫ. എ.പദ്മനാഭക്കുറുപ്പ് മുഖ്യപ്രഭാഷകനും ആയിരുന്നു. പ്രസ്തുത ക്ഷേത്രം കാലപ്പഴക്കംകൊണ്ട് ജീര്‍ണ്ണിച്ചപ്പോള്‍ സ്വര്‍ണ്ണ പ്രശ്‌നവിധിപ്രകാരം പൊളിച്ചുമാറ്റി പരിഹാരക്രിയകള്‍ ചെയ്ത് പുതിയ ക്ഷേത്രം പണിത് പ്രതിഷ്ഠാദിനം കൊണ്ടാടാന്‍ ക്ഷേത്ര ക്ഷേമപരിപാലന സമിതിക്ക് കഴിഞ്ഞെങ്കിലും ക്ഷേത്ര പരിപാലനം തുടര്‍ന്ന് കൊണ്ടുപോവാന്‍ സമിതിക്ക് പറ്റാത്ത അവസ്ഥയാണുള്ളത്.
ക്ഷേത്രത്തിലെ ദൈനംദിന വിളക്കുതെളിയിക്കലും നിത്യ പൂജാദികര്‍മ്മങ്ങളും മുടങ്ങിയിട്ട് കുറച്ചു നാളുകളായി. ഇത് ഭക്തരെയെല്ലാം ദുഖിപ്പിക്കുന്നകാര്യമാണ്. ക്ഷേത്ര പരിപാലനം മുടങ്ങാതെ നടത്താന്‍ പിഷാരികാവ് ദേവസ്വം ഏറ്റെടുക്കണമെന്ന ആവശ്യം മുന്‍നിര്‍ത്തി നിവേദനങ്ങള്‍ പലകുറി നല്കുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്‌തെങ്കിലും ഇതുവരെയും ഫലപ്രാപ്തിയുണ്ടായില്ല. കാളിയാട്ട മഹോത്സവത്തിനു മുന്‍പുതന്നെ കൊണ്ടാടുംപടിക്ഷേത്രം പിഷാരികാവ് ദേവസ്വം ഏറ്റെടുത്ത് അരക്ഷിതാവസ്ഥയില്‍നിന്നും രക്ഷിക്കണമെന്ന അഭിപ്രായം ശക്തമാണ്.