കര്‍ണാടകത്തിന്റെ എതിര്‍പ്പ്: ബെംഗളൂരു-കണ്ണൂര്‍ എക്‌സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടുന്നത് അനിശ്ചിതത്വത്തില്‍


ബെംഗളൂരു: ബെംഗളൂരു-കണ്ണൂര്‍ എക്‌സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടുന്നത് അനിശ്ചിതത്വത്തില്‍. കര്‍ണ്ണാടക എതിര്‍പ്പുയര്‍ത്തിയതിനെ തുടര്‍ന്ന് നടപടി നടപടി താത്കാലികമായി നിര്‍ത്തിവെക്കാനാണ് ദക്ഷിണ റെയില്‍വേയോട് നിര്‍ദേശിച്ചിരിക്കുന്നത്.

ജനുവരി 23-നാണ് കെ.എസ്.ആര്‍.ബെംഗളൂരു-കണ്ണൂര്‍ എക്‌സ്പ്രസ്(16511/16512) കോഴിക്കോട്ടേക്ക് നീട്ടാന്‍ അനുമതിനല്‍കി റെയില്‍വേ മന്ത്രാലയം ഉത്തരവിറക്കിയത്. അടിയന്തര നടപടി സ്വീകരിക്കാന്‍ ദക്ഷിണ റെയില്‍വേയോടും ദക്ഷിണ-പശ്ചിമ റെയില്‍വേയോടും നിര്‍ദേശിച്ചിരുന്നു. ഇതിനിടെയാണ് തീവണ്ടി നീട്ടുന്നതില്‍ മംഗളൂരു ഉള്‍പ്പെടുന്ന ദക്ഷിണ കന്നഡ ലോക്‌സഭാ മണ്ഡലം എം.പി. നളിന്‍കുമാര്‍ കട്ടീല്‍ എതിര്‍പ്പുയര്‍ത്തിയത്. തുടര്‍ന്ന് ഉത്തരവ് റദ്ദാക്കണെമന്നാവശ്യപ്പെട്ട് റെയില്‍വേ മന്ത്രിയ്ക്ക് കത്തയയ്ക്കുകയായിരുന്നു.

ബെംഗളൂരുവില്‍നിന്ന് കോഴിക്കോട്ടേക്ക് ആകെ ഒരു തീവണ്ടി മാത്രമാണുള്ളത്. അതുകൊണ്ട് തന്നെ തീവണ്ടി കോഴിക്കോട്ടേക്ക് നീട്ടുന്നത് ഗുണകരമാണെന്നാണ് റെയില്‍വേയുടെ നിലപാട്. യാത്രക്കാര്‍ കൂടുന്നത് വരുമാനം വര്‍ധിപ്പിക്കും. അതുകൊണ്ടാണ് ഇതിന് റെയില്‍വേമന്ത്രാലയം അനുമതി നല്‍കിയത്.

വലിയ സാങ്കേതികപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഉത്തരവ് ഉടന്‍ നടപ്പാകുമെന്നായിരുന്നു പ്രതീക്ഷ. കോഴിക്കോട്ടേക്ക് ഒരു തീവണ്ടികൂടി വേണമെന്നത് യാത്രക്കാരുടെ ഏറെക്കാലത്തെ ആവശ്യമാണ്. നിലവില്‍ ഉളള യശ്വന്ത്പുര- കണ്ണൂര്‍ എക്സ്സ്പ്രസില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്.