അകലാപ്പുഴയിലെ ബോട്ടുകൾ സുരക്ഷിതമോ? അല്ലെന്ന് യാത്രക്കാർ, ഇനിയൊരു അപകടമുണ്ടാകുന്നതിന് മുമ്പേ പരിശോധന കർശനമാക്കണമെന്ന് ആവശ്യം; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ബോട്ട് ഉടമകൾ
കൊയിലാണ്ടി: താനൂർ ബോട്ട് അപകടത്തിന് പിന്നാലെ കേരളത്തിലെ വിനോദസഞ്ചാരത്തിനായുള്ള ബോട്ടുകളുടെ സുരക്ഷ വീണ്ടും ചർച്ചയായിരിക്കുകയാണ്. 22 പേരുടെ മരണത്തിന് ഇടയാക്കിയ താനൂർ അപകടത്തെ തുടർന്ന് സംസ്ഥാനത്ത് ബോട്ട് പരിശോധന കർശനമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് അകലാപ്പുഴയിലെ ബോട്ട് സർവ്വീസുകളുടെ സുരക്ഷയും ചർച്ചയാവുന്നത്.
അടുത്ത കാലത്തായാണ് അകലാപ്പുഴ കോഴിക്കോട് ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറുന്നത്. കൊയിലാണ്ടി നഗരസഭയിലും തിക്കോടി, മൂടാടി പഞ്ചായത്തുകളിലാണ് അകലാപ്പുഴയിലെ വിനോദസഞ്ചാര ബോട്ടുകൾ പ്രധാനമായി സർവ്വീസ് നടത്തുന്നത്.
ഓരോ ദിവസവും അകലാപ്പുഴയിലെ വിനോദസഞ്ചാര ബോട്ടുകളുടെ എണ്ണം വർധിക്കുകയാണ്. ഒറ്റയ്ക്കും കൂട്ടായുമെല്ലാം നിരവധി പേരാണ് അകലാപ്പുഴയിൽ ശിക്കാര ബോട്ടുകളും ഹൗസ് ബോട്ടുകളും ഇറക്കുന്നത്. രണ്ട് വർഷം മുമ്പ് വിരലിലെണ്ണാവുന്ന ബോട്ടുകൾ മാത്രം ഉണ്ടായിരുന്ന അകലാപ്പുഴയിൽ ഇപ്പോൾ പതിനേഴോളം ഉല്ലാസ ബോട്ടുകളാണ് ഇപ്പോൾ സർവ്വീസ് നടത്തുന്നത്.
ഇത് കൂടാതെ അകലാപ്പുഴയിലിറങ്ങാൻ കാത്തിരിക്കുന്ന പുതിയ ബോട്ടുകളും ഉണ്ട്. അഞ്ച് അപ്പർ ഡക്ക് ഹൗസ് ബോട്ടുകളാണ് അകലാപ്പുഴയിൽ ഉടൻ സർവ്വീസ് തുടങ്ങാനിരിക്കുന്നത്. ഇതില്‍ രണ്ടെണ്ണത്തിന് 110 അടി നീളമുണ്ട്. മുകളിലത്തെ തട്ടില്‍ മുന്നൂറോളം പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന വലിയ ബോട്ടുകളാണിവ.അകലാപ്പുഴയുടെ ഭാഗമായ നെല്യാടിപ്പുഴയിലും അടുത്ത കാലത്ത് ശിക്കാര ബോട്ട് സര്‍വ്വീസ് തുടങ്ങിയിട്ടുണ്ട്.
ഈ ബോട്ടുകൾ എല്ലാം സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് സർവ്വീസ് നടത്തുന്നത് എന്നാണ് ഉടമകൾ പറയുന്നത്. എന്നാൽ സുരക്ഷാ മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിക്കാതെയാണ് അകലാപ്പുഴയിൽ ബോട്ടുകൾ ഓടുന്നത് എന്നാണ് യാത്രക്കാർ പറയുന്നത്. യാത്രക്കാർക്ക് ടിക്കറ്റ് നൽകാൻ പോലും പല ബോട്ടുകളും തയ്യാറാകുന്നില്ല എന്ന ആരോപണവും യാത്രക്കാർ ഉയർത്തുന്നു.
20 പേര്‍ക്ക് സഞ്ചരിക്കാന്‍ അനുവാദമുളള ബോട്ടുകളില്‍ സ്രാങ്ക്, ലസ്‌ക്കര്‍ എന്നിവര്‍ക്ക് പുറമെ 18 പേര്‍ക്ക് മാത്രമേ യാത്ര ചെയ്യാന്‍ അനുവാദമുളളു. എന്നാല്‍ ഇതിന്റെ ഇരട്ടിയോളം പേരെ കയറ്റി സര്‍വ്വീസ് നടത്തുന്നത് പതിവ് കാഴ്ചയാണ്. കൈക്കുഞ്ഞുങ്ങളുമായി ഉൾപ്പെടെയാണ് പലരും യാത്രയ്‌ക്കെത്തുന്നത്. ഓരോ ബോട്ടിലും യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് ലൈഫ് ജാക്കറ്റ്, ലൈഫ് ബോയ എന്നിവ നിര്‍ബന്ധമാണ്. ലൈഫ് ജാക്കറ്റ് യാത്രികരെ കൊണ്ട് നിര്‍ബന്ധപൂര്‍വ്വം ധരിപ്പിക്കണം. എന്നാല്‍ ഇതൊന്നും കൃത്യതയോടെ നടപ്പാക്കാറില്ലെന്ന് യാത്രക്കാര്‍ പറയുന്നു.
ബോട്ട് യാത്രികര്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നാണ് ബോട്ടുടമകള്‍ പറയുന്നത്. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന യാത്ര വൈകീട്ട് ആറ് മണിയോടെ അവസാനിപ്പിക്കണം. എന്നാല്‍ പലപ്പോഴും യാത്ര ഏഴ് മണിവരെ നീളുന്ന അവസ്ഥയുണ്ട്. ബോട്ട് ഓടിക്കുന്നയാള്‍ക്കും സഹായിക്കും രണ്ട് വര്‍ഷത്തില്‍ കുറയാത്ത പരിശീലനം വേണം. എന്നാല്‍ പലപ്പോഴും വേണ്ടത്ര പരിശീലനം കിട്ടാത്തവരെ ഉപയോഗിച്ചും സര്‍വ്വീസ് നടത്തുന്നുണ്ട്. വെളളവും തോണിയും പുഴയുമൊക്കെയായി അടുത്ത് ഇടപഴകി പരിചയമുള്ളവരായിരിക്കണം ബോട്ട് സര്‍വ്വീസ് നടത്തേണ്ടത്.
തട്ടേക്കാട്ട് ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നിലവില്‍ വന്ന 2010ലെ ഉള്‍നാടന്‍ ജലഗതാഗത നിയമം(കേരള ഇന്‍ലാന്റ് വെസല്‍സ് ആക്ട്)പ്രകാരമാണ് ബോട്ടുകള്‍ നിര്‍മ്മിക്കേണ്ടത്. കൊച്ചി കുസാറ്റാണ് ബോട്ടിന്റെ രൂപ ഘടനയ്ക്ക് ആദ്യഘട്ടത്തില്‍ അനുമതി നല്‍കേണ്ടത്. നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടത്തില്‍ സംസ്ഥാന ചീഫ് സര്‍വ്വേയര്‍ പരിശോധന നടത്തണം. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ബോട്ടിന് അവസാന പെര്‍മ്മിറ്റ് നല്‍കേണ്ടത് ബേപ്പൂര്‍ പോര്‍ട്ട് ഓഫീസറാണ്.
ഇരുമ്പ് തകിട് കൊണ്ടാണ് മിക്ക ബോട്ടുകളും നിര്‍മ്മിക്കുന്നത്.അമ്ല ഗുണമുളള ജലാശയങ്ങളില്‍ ഇരുമ്പ് നിര്‍മ്മിതമായ തകിട് തുരുമ്പെടുത്ത് ബോട്ടുകള്‍ക്ക് ദ്വാരം വീഴാന്‍ സാധ്യതയുണ്ട്. ബോട്ടിന്റെ അടിത്തട്ട് പരിശോധിക്കാനും,ഏതെങ്കിലും സാഹചര്യത്തില്‍ അടിത്തട്ടില്‍ വെളളം കയറിയാല്‍ ഓട്ടോമാറ്റിക്ക് സംവിധാനത്തിലൂടെ വെളളം പമ്പ് ചെയ്യാനുളള സാമഗ്രികളും വേണം. വലിയ ബോട്ടുകളിലെല്ലാം ഈ സംവിധാനമുണ്ട്.എല്ലാ ദിവസവും ബോട്ടിന്റെ അടിത്തട്ട് പരിശോധിക്കാന്‍ ഓപ്പറേറ്റര്‍മാര്‍ തയ്യാറാകണം.തീ അണക്കാനുളള സംവിധാനവും ബോട്ടുകളില്‍ വേണം. വേനലവധിക്കാലത്ത് അകലാപ്പുഴയില്‍ ബോട്ട് സര്‍വ്വീസിന് ധാരാളം പേര്‍ എത്തുന്നുണ്ട്.