നമ്മളെ കാത്തിരിക്കുന്നത് വരൾച്ചയോ? കാട്ടിൽ നിന്ന് നാട്ടിലിറങ്ങുന്ന മയിലുകൾ നൽകുന്ന സൂചനയെന്ത്? വിദഗ്ധർ പറയുന്നത് ഇങ്ങനെ


ണ്ട് കാലത്ത് മൃ​ഗശാലയിലും പക്ഷി സങ്കേതത്തിലും പോകുമ്പോൾ ആശ്ചര്യത്തോടെയും അത്ഭുതത്തോടെയും നോക്കിയിരുന്നവയായിരുന്നു മയിലുകൾ. പീലി നിവർത്തി മയിലുകൾ നിന്നിരുന്നെങ്കിൽ എന്ന് നമ്മളിൽ പലരും ആ​ഗ്രഹിച്ചിരുന്നു. ഇടയ്ക്കൊക്കെ വലിയ സര്‍പ്രൈസ് തന്നുകൊണ്ട് വീട്ടുമുറ്റത്ത് എത്തിയിരുന്ന മയിലുകള്‍ ഇപ്പോള്‍ വീട്ടുപറമ്പിലെ സ്ഥിരം കാഴ്ചയാണിപ്പോൾ. കാട്ടിൽ കണ്ടിരുന്ന മയിലുകൾ ഇപ്പോൾ കൊയിലാണ്ടി ഉൾപ്പെടെ കേരളത്തിന്റെ പല പ്രദേശങ്ങളിലെയും നിത്യ സന്ദർശകരായി മാറി. കാണാൻ ഇമ്പമുള്ള ഇവയ്ക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്ന ചില ആപത്തുകളുണ്ട്.

എന്തിനാണ് മയിലുകളെ ഇങ്ങനെ പേടിക്കുന്നത്? കാണാന്‍ അഴകല്ലേ പീലിവിരിച്ചാടിയാല്‍ വലിയ സര്‍പ്രൈസാകില്ലേ മയിലുകള്‍ വീട്ടുമുറ്റത്തെത്തിയാല്‍ ഇത്ര കുഴപ്പമുണ്ടോ എന്നാണ് സ്വാഭാവികമായും ഇത് പറയുമ്പോൾ എല്ലാവരുടേയും മനസില്‍ വരാന്‍ സാധ്യതയുള്ള ചോദ്യം. ഏത് ജീവിയുടെ എണ്ണവും വളരെ കുറച്ച് സമയത്തിനുള്ളില്‍ വളരെക്കൂടുതലായി വര്‍ധിച്ചാല്‍ ആവാസവ്യവസ്ഥ താളം തെറ്റുമെന്ന് എല്ലാവർക്കും അറിയാമല്ലോ. അത്തരത്തിലാണ് മയിലിന്റെ വളർച്ചയേയും നോക്കി കാണേണ്ടത്.

പീലിയില്‍ നീല കലര്‍ന്ന നിറമുള്ള ഇന്ത്യന്‍ മയിലുകളെ കേരളത്തില്‍ കണ്ടുതുടങ്ങുന്നത് 1988-കള്‍ മുതലാണ്. കഴിഞ്ഞ കുറച്ചു പതിറ്റാണ്ടുകള്‍ കൊണ്ട് രാജ്യത്താകമാനം മയിലുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി. ദേശീയപക്ഷിയായതുകൊണ്ട് മയിലുകളെ ഉപദ്രവിച്ചാല്‍ കനത്ത ശിക്ഷ ലഭിക്കുമെന്നതും വര്‍ഷങ്ങളായി നടത്തിവരുന്ന സംരക്ഷണ പദ്ധതികളും ഈ എണ്ണപ്പെരുക്കത്തിന് സഹായിച്ചിട്ടുണ്ട്. കേരളത്തിലും മയിലുകള്‍ കൂടാന്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ സഹായിച്ചിട്ടുണ്ടാകാം. 2000 മുതല്‍ കേരളത്തിലെ മയിലുകളുടെ എണ്ണത്തില്‍ 150 ശതമാനത്തിലധികം വര്‍ധനവുണ്ടായെന്നാണ് 2023ലെ ദേശീയ പക്ഷി റിപ്പോര്‍ട്ട് പറയുന്നത്.

ഇന്ത്യന്‍ മയിലുകളുടെ എണ്ണത്തിലെ ഈ വര്‍ധന കാലാവസ്ഥാ വ്യതിയാനം തന്നെയാണ് സൂചിപ്പിക്കുന്നതെന്ന് വി സഞ്ജോ ജോസ് അദ്ദേഹത്തിന്റെ ഗവേഷണ പ്രബന്ധത്തില്‍ സൂചിപ്പിക്കുന്നുണ്ട്. മയിലുകളുടെ എണ്ണം കൂടുന്നത് വരള്‍ച്ച വര്‍ധിക്കുന്നതിന്റെ സൂചന തന്നെയായി കാണാം. ഇടുക്കി, വയനാട് പോലുള്ള ജില്ലകളിലുള്ളവര്‍ ഒഴിച്ച് മറ്റുള്ള പലരും മൃഗശാലകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും പാര്‍ക്കുകളിലും മാത്രം കണ്ടിട്ടുള്ള മയിലുകള്‍ എല്ലായിടത്തും സര്‍വസാധാരണമാകുന്നത് അത്ര ശുഭകരമായ സൂചനയല്ലെന്ന് ചുരുക്കം.കേരളത്തിന്റെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലും കര്‍ണാടകയിലും വരണ്ട കാലാവസ്ഥയില്‍ ജീവിച്ചിരുന്ന മയിലുകള്‍ കേരളത്തില്‍ വര്‍ധിച്ചു വരുന്നത് സംസ്ഥാനത്തെ കാലാവസ്ഥാ മാറ്റത്തെ കുറിച്ചുള്ള സൂചന നല്‍കുന്നു. ഒരു കാലത്ത് എണ്ണത്തില്‍ കുറവായിരുന്നെങ്കിലും വയനാട്, ഇടുക്കി എന്നിവിടങ്ങളിലായിരുന്നു മയിലുകളെ കണ്ടിരുന്നത്. അധികം വൈകാതെ മധ്യകേരളത്തില്‍ മയിലുകളുടെ സാന്നിധ്യം വര്‍ധിച്ചു. പിന്നാലെ കേരളത്തിന്റെ മറ്റിടങ്ങളിലും മയിലുകള്‍ വ്യാപിച്ചു. ഒരു പഠനം പറയുന്നത് സംസ്ഥാനത്തിന്റെ ഭൂവിസ്തൃതിയുടെ 19 ശതമാനത്തിലും മയിലുകള്‍ക്ക് ജീവിക്കാന്‍ അനുകൂലമായ ആവാസവ്യവസ്ഥയുണ്ടെന്നാണ്.

വരണ്ട കാലാവസ്ഥയിലാണ് മയിലുകള്‍ക്ക് ജീവിക്കാന്‍ അനുയോജ്യമെന്നതാണ് ആശങ്കയുണ്ടാക്കുന്ന ഒരു കാര്യം. കേരളത്തിന്റെ കാലാവസ്ഥാമാറ്റത്തിന് മയിലുകള്‍ കാരണമാകുന്നില്ലെങ്കിലും സംസ്ഥാനത്തിലേക്കുള്ള അവയുടെ വരവ് പല പ്രതിസന്ധികള്‍ക്കും കാരണമാകും. മയിലുകളുടെ വര്‍ധന കാര്‍ഷിക മേഖലയെ പ്രതികൂലമായി ബാധിക്കും. മറ്റുപല വന്യ-ക്ഷുദ്ര ജീവികളെയും പോലെ കൃഷി നശിപ്പിക്കുന്ന കാര്യത്തില്‍ മയിലുകളും മോശക്കാരല്ല. നെല്ലും, പച്ചക്കറി വിളകളും മാത്രമല്ല കര്‍ഷകരുടെ മിത്രകീടങ്ങളും ചെറുജീവികളും മയിലുകളുടെ ഭക്ഷണമാണ്. ഒരു പ്രദേശത്തിന്റെ ആവാസ വ്യവസ്ഥയെയും ഭക്ഷണശൃംഖലയെയും തകര്‍ക്കാന്‍ മയിലുകള്‍ ധാരാളം മതി. കേരളത്തില്‍ പല ജില്ലകളിലും മയിലുകള്‍ ഇപ്പോള്‍ തന്നെ കൃഷിക്ക് ഭീഷണിയായി മാറിയിട്ടുണ്ട്. അവയുടെ വര്‍ധന നിയന്ത്രിച്ചില്ലെങ്കില്‍ വരുംവര്‍ഷങ്ങളില്‍ കേരളത്തിന്റെ കാര്‍ഷിക മേഖല മറ്റൊരു പ്രതിസന്ധി കൂടി കാണേണ്ടി വരും.

കൃഷിയില്‍ മയിലുകള്‍ ചെറുതല്ലാത്ത നാശനഷ്ടങ്ങള്‍ വരുത്തുമെന്നാണ് പഠനങ്ങളും മുന്‍ അനുഭവങ്ങളും സൂചിപ്പിക്കുന്നത്. കാണാന്‍ കൗതുകമാണെങ്കിലും കേരളത്തില്‍ മയിലുകള്‍ ഒരു അധിനിവേശ ജീവിയാണെന്ന വസ്തുത കാണാതിരുന്നുകൂട. മയിലുകള്‍ക്ക് നെല്‍കൃഷി ഉള്‍പ്പെടെയുള്ളവയില്‍ 46 ശതമാനം വരെ വിളനാശം ഉണ്ടാക്കാനാകുമെന്ന് കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വകുപ്പ് മേധാവിയായ ഇ എ ജെയ്സണും ക്രൈസ്റ്റ് കോളജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ സുരേഷ് കെ ഗോവിന്ദും ചേര്‍ന്ന് 2018ല്‍ തയാറാക്കിയ പഠനം പറയുന്നു.

മഴക്കാലമായിട്ടും ആവശ്യത്തിന് ഇത്തവണ മഴ ലഭിക്കാത്തത് കൃഷിയെ ഉൾപ്പെടെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സാധാരണ ഓണക്കാലത്തിന് മുന്‍പ് ലഭിച്ചിരുന്ന മഴ ഇത്തവണ ലഭിച്ചിട്ടില്ല. ഇത്തവണ നന്നേ കുറവ് മഴയാണ് നമ്മുക്ക് ലഭിച്ചിരിക്കുന്നത്. അതിനാൽ തന്നെ മയിലുകളുടെ എണ്ണത്തിലുള്ള വർദ്ധനവ് വരൾച്ചയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

Summary: Peacock rapidly expanding in Kerala what does its mean