പന്തലായനിയില്‍ സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പില്‍ മയിലിനെ ചത്തനിലയില്‍ കണ്ടെത്തി; വനംവകുപ്പ് അധികൃതര്‍ പരിശോധന നടത്തി


കൊയിലാണ്ടി: പന്തലായനിയില്‍ മയിലിനെ ചത്തനിലയില്‍ കണ്ടെത്തി. നഗരസഭയിലെ പതിനഞ്ചാം വാര്‍ഡില്‍ സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പില്‍ ഇന്ന് രാവിലെയാണ് മയിലിനെ ചത്ത നിലയില്‍ കണ്ടെത്തിയത്.

വീട്ടുടമസ്ഥനായ ചെരിയാലതാഴ പയറ്റുവളപ്പില്‍ ബാലകൃഷ്ണനാണ് മയിലിനെ ആദ്യം കണ്ടത്. തുടര്‍ന്ന് വാര്‍ഡ് മെമ്പറും നഗരസഭാ വൈസ് ചെയര്‍മാനുമായ അഡ്വ.കെ.സത്യന്‍ സ്ഥലത്തെത്തുകയും വനംവകുപ്പ് അധികൃതരെ വവരം അറിയിക്കുകയുമായിരുന്നു.

പെരുവണ്ണാമൂഴി ഫോറസ്റ്റ് ഡെപ്യൂട്ടി റെയിഞ്ച് ഓഫീസര്‍ വിജയന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഡെപ്യൂട്ടി റെയിഞ്ച് ഓഫീസര്‍ വിജയന് പുറമേ ദേവാനന്ദ്, അഭിലാഷ്, ബാലന്‍, പ്രകാശന്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. കൊയിലാണ്ടി നഗരസഭ ആരോഗ്യവിഭാഗവും പരിശോധന നടത്തി.

മയിലിനെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കും വിദഗ്ധ പരിശോധനയ്ക്കുമായി വനംവകുപ്പ് അധികൃതര്‍ കൊണ്ടുപോയെന്ന് അഡ്വ. കെ.സത്യന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. പോസ്റ്റുമോര്‍ട്ടത്തിനുശേഷമേ മരണകാരണം സംബന്ധിച്ച് വ്യക്തതവരൂ. മയിലിനെ മരിച്ച നിലയില്‍ കണ്ടെത്തിയതിന് സമീപത്തായി ഒരു ട്രാന്‍സ്‌ഫോര്‍മറുണ്ട്. എന്നാല്‍ മരണകാരണം ഷോക്കേറ്റതാണോയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലേ പറയാനാവൂവെന്നും അദ്ദേഹം വ്യക്തമാക്കി.