പയ്യോളി മുന്‍സിപ്പല്‍ ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 21ന്
പയ്യോളി: പയ്യോളി മുന്‍സിപ്പാലിറ്റിയുടെ പുതിയ ചെയര്‍മാനെ സെപ്റ്റംബര്‍ 21ന് തെരഞ്ഞെടുക്കും. അന്നേദിവസം രാവിലെ ചെയര്‍മാന്‍ തെരഞ്ഞെടുപ്പും പിന്നീട് വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പും നടക്കും.
യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തില്‍ മുസ്‌ലിം ലീഗിന്റെ വി.കെ.അബ്ദുറഹമാന്‍ ആണ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. മുനിസിപ്പാലിറ്റിയിലെ 24ാം ഡിവിഷനായ പയ്യോളി വെസ്റ്റില്‍ നിന്നുള്ള കൗണ്‍സിലറാണ് അദ്ദേഹം.
27ാം വാര്‍ഡായ ഗാന്ധി നഗറില്‍ നിന്നുള്ള കൗണ്‍സിലര്‍ പത്മശ്രീയാണ് വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസ് പ്രതിനിധിയാണ് പത്മശ്രീ.
യു.ഡി.എഫിലെ ധാരണ പ്രകാരമാണ് പയ്യോളി മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ സ്ഥാനം രണ്ടാം ടേമില്‍ മുസ്‌ലിം ലീഗിന് നല്‍കിയത്. ധാരണയുടെ അടിസ്ഥാനത്തില്‍ നേരത്തെ ചെയര്‍മാന്‍ ആയിരുന്ന കോണ്‍ഗ്രസ് പ്രതിനിധി ഷഫീഖ് വടക്കയില്‍ ഈമാസം ആദ്യം രാജിവെച്ചിരുന്നു.
അതേസമയം ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ ഇതുവരെ തീരുമാനിച്ചിട്ടില്ല.