പയ്യോളി മത്സ്യ മാര്‍ക്കറ്റ് ഒഴിപ്പിക്കാനെത്തി; നഗരസഭ അധികൃതരും മത്സ്യ തൊഴിലാളികളും തമ്മില്‍ വാക്കുതര്‍ക്കം
പയ്യോളി: നവീകരണ പ്രവൃത്തിയുടെ ഭാഗമായി പയ്യോളി മത്സ്യ മാര്‍ക്കറ്റ് ഒഴിപ്പിക്കാനെത്തിയ നഗരസഭാ ഉദ്യോഗസ്ഥരും മത്സ്യ മാര്‍ക്കറ്റ് തൊഴിലാളികളും തമ്മില്‍ വാക്കുതര്‍ക്കം. ഇന്ന് രാവിലെ 11മണിയോടെയാണ് സംഭവം. മുന്‍കൂട്ടി അറിയിച്ച പ്രകാരം തൊഴിലാളികളുമായി നഗരസഭാ അധികൃതര്‍ മാര്‍ക്കറ്റിലെത്തിയപ്പോഴാണ് വാക്കു തര്‍ക്കമുണ്ടായത്. മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന മത്സ്യതൊഴിലാളികള്‍ക്ക് നഗരസഭയുടെ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കണമെന്നും രേഖാപരമായ ഉറപ്പ് ലഭിച്ചതിന് ശേഷം മാത്രമേ മാര്‍ക്കറ്റില്‍ നിന്നും ഒഴിയുമെന്ന് തൊഴിലാളികള്‍ പറഞ്ഞതോടെയാണ് വാക്ക് തര്‍ക്കം ആരംഭിച്ചത്.
പിന്നാലെ നഗരസഭാ ജീവനക്കാര്‍ നഗരസഭാ സെക്രട്ടറി എം.വിജിലെയെ വിവരം അറിയിച്ചു. വിവരം അറിഞ്ഞ് പയ്യോളി പോലീസും സ്ഥലത്തെത്തിയിരുന്നു. തുടര്‍ന്ന് പോലീസിന്റെ നേതൃത്വത്തില്‍ സെക്രട്ടറി മത്സ്യതൊഴിലാളികളുമായി സംസാരിച്ച് തിരിച്ചറിയൽ കാർഡ് നൽകുമെന്ന് ഉറപ്പു നൽകി പ്രശ്‌നം പരിഹരിച്ചു. ഹെല്‍ത്ത് സൂപ്രണ്ട് കെ.സി ലതീഷ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ടി.പി പ്രജീഷ് കുമാര്‍, സി.ടി.കെ മേഘനാഥന്‍ എന്നിവരുടെ സംഘമാണ് മാര്‍ക്കറ്റില്‍ എത്തിയത്.
മാര്‍ക്കറ്റിന്റെ നവീകരണം കഴിയുന്നതിനനുസരിച്ച് അപേക്ഷ നല്‍കിയവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുമെന്ന് നേരത്തെ തന്നെ നഗരസഭാ മത്സ്യതൊഴിലാളികളെ അറിയിച്ചിരുന്നു. മാത്രമല്ല മാര്‍ക്കറ്റ് ഒഴിയാനായി രണ്ട് ദിവസം മുമ്പ് തന്നെ വിവരം നല്‍കിയിരുന്നുവെന്നും, എന്നാല്‍ തൊഴിലാളികള്‍ അവിടെനിന്നും ഒഴിയാതായതോടൊയാണ് മാര്‍ക്കറ്റ് ഒഴിപ്പാക്കാനായി എത്തിയതെന്നും പയ്യോളി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.ടി.കെ മേഘനാഥന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പ്രശ്‌നം പരിഹരിച്ചതിനാല്‍ ഇന്ന് മാര്‍ക്കറ്റ് ഒഴിയുമെന്നും, നാളെ മുതല്‍ മാര്‍ക്കറ്റിന് മുമ്പില്‍ ഒരുക്കിയ ബദല്‍ സംവിധാനം ഉപയോഗിക്കുമെന്നും തൊഴിലാളികള്‍ പറഞ്ഞതായി അദ്ദേഹം പറഞ്ഞു.
Description: payyoli fish market to be evacuated; Argument between municipal officials and fishermen