പത്തുവര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹം; മൂന്നാം നാള്‍ വിമാനം കയറി, സുഹൃത്തുക്കളുടെ ചതിയില്‍ ജയില്‍വാസം, നാലുവര്‍ഷമായി ഖത്തറിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശിയായ യുവാവിന്റെ മോചനത്തിന് സഹായം തേടി കുടുംബം


കോഴിക്കോട്: നാലുവര്‍ഷമായി ഖത്തറിലെ ജയിലില്‍ കഴിയുകയാണ് കോഴിക്കോട് പാവങ്ങാട് സ്വദേശിയായ അരുണ്‍. ജോലി ചെയ്ത സ്ഥാപനത്തിന്റെ ഉടമകളായ നാല് മലയാളികളാണ് അരുണിനെ ചതിച്ചതെന്നാണ് കുടുംബം ആരോപിക്കുന്നു. ഇനിയും എട്ടുവര്‍ഷം ശിക്ഷബാക്കിയുണ്ട്, ഇത് ഒഴിവാക്കി അരുണിനെ നാട്ടിലെത്തിക്കണമെങ്കില്‍ അഞ്ച് കോടി രൂപയോളം കെട്ടിവെക്കണം. അരുണിന്റെ മോചനത്തിന് വേണ്ടി സര്‍ക്കാരുകളുടെയും പ്രവാസി സമൂഹത്തിന്റെയും സഹായം അഭ്യര്‍ത്ഥിക്കുകയാണ് ഉറ്റവര്‍.

10 വര്‍ഷത്തെ പ്രണയത്തിന് ഒടുവിലായിരുന്നു അനുസ്മൃതിയുമായുള്ള അരുണിന്റെ വിവാഹം. വിവാഹം കഴിഞ്ഞ് മൂന്നാം നാള്‍ അരുണ്‍ വിമാനം കയറി. പിന്നീട് അരുണ്‍ ചെക്ക് കേസില്‍പ്പെട്ട് ജയിലില്‍ ആവുകയായിരുന്നു.

വീടുവച്ചതിന്റെ ബാധ്യത തീര്‍ക്കാനാണ് 27ാമത്തെ വയസില്‍ അരുണ്‍ ഖത്തറില്‍ പോയത്. നാല് മലയാളികളുടെ ഉടമസ്ഥതയിലുള്ള പണമിടപാട് സ്ഥാപനത്തിലായിരുന്നു ജോലി. അരുണിനെ കൊണ്ട് ബാങ്ക് അക്കൗണ്ട് തുടങ്ങിയ ശേഷം ചെക്കുകള്‍ ഒപ്പിട്ടുവാങ്ങി ഉടമകള്‍ കോടികളുടെ ക്രമക്കേട് നടത്തി. പക്ഷേ മകന് ആ ചതി മനസിലായില്ലെന്നാണ് മാതാപിതാക്കള്‍ പറയുന്നത്.

2019 മുതല്‍ ഖത്തര്‍ ജയിലിലാണ് പാവങ്ങാടി കണിയാംതാഴത്ത് വീട്ടില്‍ അരുണ്‍. 12 വര്‍ഷത്തെ ശിക്ഷയില്‍ 4 വര്‍ഷം കഴിഞ്ഞു. 23 ചെക്കുകള്‍ മടങ്ങിയ കേസില്‍ 7 എണ്ണം അവസാനിച്ചു. നാലുവര്‍ഷം ജയില്‍ വാസം അനുഭവിച്ചതോടെ ബാക്കിയുള്ള 16 കേസുകളില്‍ പണം കെട്ടിവച്ചാലും മോചനം കിട്ടാന്‍ സാധ്യതയുണ്ട്. പക്ഷേ അതിന് 5 കോടി രൂപ വേണം. വീട് ഉള്‍പ്പടെ ജപ്തി ഭീഷണിയിലാണ്.

സ്വയം പണം കണ്ടെത്താന്‍ വഴിയില്ല. അരുണിന്റെ മോചനത്തിന് വേണ്ടി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെയും പ്രവാസി സമൂഹത്തിന്റെ സഹായം തേടുകയാണ് കുടുംബം.