പുതുമഴ വന്നു, വെള്ളമുയർന്നു, വെള്ളക്കെട്ടായി സൗന്ദര്യ വൽക്കരണത്തിന്റെ ഭാഗമായി ഇന്റർലോക്ക് ടൈലുകൾ പതിച്ച കൊയിലാണ്ടി ബാങ്ക് സ്റ്റോപ്പിലെ ബസ് ബേയും പരിസരവും
കൊയിലാണ്ടി: വേനൽക്കാലത്ത് നടപ്പാതയും മഴക്കാലത്തു തോടുമായിരിക്കുകയാണ് കൊയിലാണ്ടി ടൗണിലെ എസ്.ബി.ഐ യുടെ മുൻവശത്തെ ബസ്‌ബേ. ഏറെ പണം മുടക്കി സൗന്ദര്യവൽക്കരണം ചെയ്ത ഇന്റർലോക്കിട്ടെങ്കിലും ഇപ്പോൾ ഇരട്ടി ദുരിതത്തിലാണ് യാത്രക്കാർ.
ഇന്നലെയും ഇന്നുമായി പെയ്ത മഴയിൽ കൊയിലാണ്ടി സ്റ്റേറ്റ് ബാങ്കിന്റെ മുൻവശം വെള്ളക്കെട്ടായി മാറുകയായിരുന്നു. സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി കൊയിലാണ്ടിയിൽ കോടിക്കണക്കിനു രൂപയാണ് ചിലവഴിച്ചത്. എന്നാൽ അതെല്ലാം വെള്ളത്തിലായി അവസ്ഥയാണിപ്പോൾ.
ബസ് ബേയ്ക്ക് വേണ്ടിയാണു സ്റ്റേറ്റ് ബാങ്കിന് മുൻപുള്ള വലിയൊരു സ്ഥലം ഏറ്റെടുത്തത്. ബസ് ബൈക്ക് മുൻപിലുള്ള വീതിയേറിയ സ്ഥലം സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ഇന്റർ ലോക്കിടുകയായിരുന്നു. എന്നാൽ മഴ പെയ്യുമ്പോൾ വെള്ളം താഴാനാവാതെ വെള്ളകെട്ടുണ്ടാവുന്ന സ്ഥിതിയാണിപ്പോൾ. വെള്ളം ഒഴുകി പോകാനാവാത്ത വിധം താഴ്ത്തിയാണ് ഇന്റെർലോക്കുകൾ ഇട്ടിരുന്നത്. അതിനാൽ ബസ് സ്റ്റോപ്പിൽ നിൽക്കാനോ ബസ് കാത്തു നിൽക്കാനോ പറ്റാത്ത അവസ്ഥയായതിനെ തുടർന്ന് യാത്രക്കാർ ഏറെ വലയുകയാണ്. സമീപത്തെ കടകളിലേക്കും കയറാനാവുന്നില്ല.
ഇന്റെർലോക്കുകൾ ഉയർത്തി ഇട്ടാൽ മാത്രമേ ഇതിനൊരു പരിഹാരം കാണാൻ സാധിക്കുകയുള്ളു. കൊയിലാണ്ടി ടൗണിലെ പിക്കപ്പ് ലോറി സ്ന്റാന്റിലും ഇന്റര്‍ലോക്ക് പാകിയ സ്ഥലത്ത് സമാനമായ രീതിയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.
മഴ ശക്തമായി വെള്ളക്കെട്ട് താഴാത്തതോടെ യാത്രക്കാരുടെ ദുരിതവും ഇരട്ടിയാവുകയാണ്.