‘ഡ്രൈവര്‍ അയ്യോ എന്ന് പറയുന്നത് കേട്ടു, പിന്നെ ബസ്സ് കുത്തനെ പുഴയിലേയ്ക്ക് വീണു’; തിരുവമ്പാടിയിലെ ബസ്സ് അപകടം, യാത്രക്കാര്‍ പറയുന്നതിങ്ങനെ


തിരുവമ്പാടി: തിരുവമ്പാടി ആനക്കാംപൊയിലില്‍ കെ.എസ്.ആര്‍.ടി.സി ബസ്സ് മറിഞ്ഞത് കാളിയാമ്പുഴ കലുങ്ങില്‍ ഇടിച്ചെന്ന് യാത്രക്കാര്‍. വീതികുറഞ്ഞ കാളിയാമ്പുഴ പാലത്തിന്റെ സമീപത്തുള്ള കലുങ്കില്‍ ഇടിച്ച് ബസ്സ് പുഴയിലേയ്ക്ക് മറിയുകയായിരുന്നു. പുഴയ്ക്ക് സമീപത്തെ മരത്തിന്റെ കമ്പ് ബസ്സിന്റെ ഉള്ളില്‍ തട്ടിയാണ് ബസ്സ് നിന്നത്. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം.

എല്ലാ സീറ്റിലും ആളുകള്‍ ഉണ്ടായിരുന്നെന്ന് പരിക്കേറ്റവര്‍ പറയുന്നു. സ്ത്രീകളും കുട്ടികളും പുരുഷന്‍മ്മാരുമായി നാല്‍പ്പതോളം പേരാണ് ബസ്സിലുണ്ടായിരുന്നതെന്നാണ് ലഭിക്കുന്ന വിവരം. പലര്‍ക്കും തലയ്ക്കും നെറ്റിയ്ക്കുമൊക്കെയാണ് പരിക്കേറ്റത്. മുന്‍സീറ്റില്‍ ഇരുന്നവരെല്ലാം വെള്ളത്തില്‍ വീഴുകയും പിന്‍സീറ്റില്‍ ഉണ്ടായിരുന്നവരെല്ലാം മുന്‍പില്‍ ഇരുന്നവരുടെ മുകളിലേയ്ക്ക് കൂട്ടമായി വീഴുകയായിരുന്നെന്ന് ബസ്സിലുണ്ടായിരുന്നവര്‍ പറയുന്നു. രക്ഷാപ്രവര്‍ത്തനത്തിനായി നാട്ടുകാര്‍ എത്തുമ്പോള്‍ മറ്റുള്ളവരുടെ മേല്‍ ചവിട്ടി രക്ഷപ്പെടാനുള്ള പരിശ്രമത്തിലായിരുന്നു യാത്രക്കാര്‍.

ഉടനെ തന്നെ നാട്ടുകാരെല്ലാം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി പരിക്കേറ്റവരെ രക്ഷപ്പെടുത്തുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രണ്ട് പേരെയാണ് എത്തിച്ചത്. ലിസ ആശുപത്രിയിലും ഓമശ്ശേരി ശാന്തി ആശുപത്രി, കെ,എം.സി.ടി മെഡിക്കല്‍ കോളേജ്, മിംസി ആശുപത്രിയില്‍ ഒരാളും മാത്രമാണ് ചികിത്സ തേടിയത്. എന്താണ് സംഭവിച്ചതെന്ന് യാത്രക്കാര്‍ക്കും വ്യക്തമായിരുന്നില്ല. ബസ്സ് ഡ്രൈവറുടെ അശ്രദ്ധയോ അമിതവേഗതയോ അല്ല അപകട കാരണമെന്ന് രക്ഷപ്പെട്ട യാത്രക്കാര്‍ പറയുന്നത്.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ച സ്ത്രീയും മറ്റൊരു സ്ത്രീയുമാണ് മരിച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ കെ.എസ്.ആര്‍.ടി.സി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജനങ്ങളും ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. ഒരു ക്രെയിനും ജെ.സി.ബി.യും എത്തിച്ചാണ് ബസ്സ് പുഴയില്‍ നിന്നും പുറത്തെടുക്കാനുള്ള ശ്രമം നടത്തുന്നത്.

Summary: Passengers say that the KSRTC bus overturned in Anakampoil and hit the Kaliyampuzha culvert.