റോഡ് പണിയും ജല്‍ ജീവന്‍ മിഷന്‍ നിര്‍മ്മാണ പ്രവൃത്തിയും; പൊടിപടലം കൊണ്ട് പൊറുതിമുട്ടി മേപ്പയൂര്‍-നെല്ലിയാടി റോഡിലെ യാത്രക്കാര്‍


മേപ്പയ്യൂര്‍: മേപ്പയൂര്‍-നെല്ലിയാടി റോഡില്‍ പൊടിപടലം കൊണ്ട് പൊറുതിമുട്ടി ജനങ്ങള്‍. ജല്‍ ജീവന്‍ മിഷന്റെ നിര്‍മ്മാണം നടക്കുന്നത് കാരണമാണ് നിവില്‍ റോഡില്‍ വലിയ തോതിലുളള പൊടി ഉയരാന്‍ കാരണം. റോഡിന്റെ ഒരുവശം മുഴുവനായും കീറിയിട്ടതിനാല്‍ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ വലിയ പൊടിശല്യം ഉണ്ടാകുന്നുവെന്നും അധികൃതര്‍ വെളളം ഉപയോഗിച്ച് പൊടിശല്യത്തിന് അറുതി വരുത്തിയില്ലെന്നും കെ.എസ്.യൂ നിയോജകമണ്ഡലം കമ്മിറ്റി ജനറല്‍ സെക്രട്ടറി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

നിലവില്‍ റോഡ് പൊട്ടി പൊളിഞ്ഞ നിലയിലാണ് ഉളളത്. ഇതിനിടയില്‍ ജല്‍ജീവന്‍ നിര്‍മ്മാണം നടക്കുന്നതോടെ യാത്രക്കാര്‍ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. റോഡിന്റെ ഇരുവശവും നിര്‍മ്മാണ പ്രവൃത്തികള്‍ക്കായി കീറിയിരുന്നു. ഇതില്‍ ഒരുവശം മണ്ണിട്ട് നികത്തിയെങ്കിലും നികത്തിയ ഭാഗത്ത് കുഴികള്‍ രൂപപ്പെട്ട് മറ്റ് വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണുളളതെന്ന് അമീന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

ജല്‍ജീവന്‍ പദ്ധതിയുമായി ബന്ധപ്പെട്ട അധികൃതരെ വിവരമറിയിച്ചിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്നാണ് ആരോപണം. കൂടാതെ റോഡിന് സമീപത്തുളള വീട്ടുകാര്‍ക്കും പൊടിശല്യം കാരണം പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. പൊടിശല്യം സഹിച്ചാണ് നിരവധി വിദ്യാര്‍ത്ഥികളും ഈ വഴിയിലൂടെ കടന്നുപോകുന്നത്. റോഡിന് സമീപത്തായി പാലിയേറ്റീവ് കെയറും ഉണ്ട്.

എത്രയും പെട്ടെന്ന് റോഡിലൂടെ യാത്ര ദുരിതം പരിഹരിച്ചില്ലെങ്കില്‍ ജനങ്ങളെയും വിദ്യാര്‍ഥികളെയും അണി നിരത്തി ശക്തമായ പ്രതിഷേധത്തിന് നേതൃത്വം നല്‍കുമെന്ന് കെ.എസ്.യൂ നിയോജകമണ്ഡലം കമ്മിറ്റി ജനറല്‍ സെക്രട്ടറി അമീന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.