കൊയിലാണ്ടിക്ക് വേണ്ട കാലഹരണപ്പെട്ട ഈ വിദ്യാലയ മോഡല്‍! പുതിയ അധ്യയനവര്‍ഷമെങ്കിലും ഗേള്‍സ് സ്‌കൂള്‍ മിക്‌സഡ് ആക്കണമെന്ന ശക്തമായ ആവശ്യവുമായി രക്ഷിതാക്കളും പി.ടി.എയും
കൊയിലാണ്ടി: പുതിയ അധ്യയന വര്‍ഷമെങ്കിലും കൊയിലാണ്ടി ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ആണ്‍കുട്ടികള്‍ക്കു കൂടി പ്രവേശനം അനുവദിക്കണമെന്ന ആവശ്യം ശക്തമാക്കി രക്ഷിതാക്കളും പി.ടി.എയും. ആണ്‍-പെണ്‍ തുല്യതയെക്കുറിച്ചുള്ള ശക്തമായ കാഴ്ചപ്പാടുകള്‍ ഉയര്‍ന്നുവരുന്ന ഈ കാലഘട്ടത്തില്‍ പെണ്‍കുട്ടികള്‍ക്കുമാത്രം ഒരു വിദ്യാലയം എന്ന കാലഹരണപ്പെട്ട ആശയം പിന്തുടരുന്നതില്‍ അടിസ്ഥാനമില്ലെന്നും അതിന് എത്രയും പെട്ടെന്ന് മാറ്റംവേണമെന്നും ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പി.ടി.എ പ്രതിനിധികള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.
പന്തലായനി വിയ്യൂര്‍ ഭാഗത്തെ ആണ്‍കുട്ടികള്‍ നിലവില്‍ ബോയ്‌സ് ഹൈസ്‌കൂളിനെയാണ് ആശ്രയിക്കുന്നത്. ഇവിടുത്തെ തിരക്ക് കാരണം പലര്‍ക്കും അഡ്മിഷന്‍ കിട്ടാത്ത അവസ്ഥയുണ്ട്്. ഈ അധ്യയന വര്‍ഷമെങ്കിലും ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മിക്‌സഡ് ആക്കുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്നും രക്ഷിതാക്കള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.
ഹയര്‍സെക്കണ്ടറിയില്‍ ആണ്‍കുട്ടികള്‍ക്കുള്ള അവസരം കുറഞ്ഞുവെന്ന പ്രശ്‌നമാണ് രണ്ടാമതായി രക്ഷിതാക്കള്‍ ചൂണ്ടിക്കാണിക്കുന്നത്. മൂന്ന് ഹയര്‍സെക്കണ്ടറി സ്‌കൂളുകളാണ് കൊയിലാണ്ടി മുനിസിപ്പാലിറ്റിയില്‍ ഉള്ളത്. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളും ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളും മാപ്പിള ഹയര്‍ സെക്കണ്ടറി സ്‌കൂളും. ഇതില്‍ ബോയ്‌സ് സ്‌കൂള്‍ മിക്‌സഡ് സ്‌കൂള്‍ ആക്കിയതോടെ ആണ്‍കുട്ടികളുടെ അവസരം കുറഞ്ഞു. അതേസമയം തന്നെ ഗേള്‍സ് സ്‌കൂള്‍ കൂടി മിക്‌സഡ് ആക്കുകയാണെങ്കില്‍ ആ നഷ്ടം നികത്താമായിരുന്നുവെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്.
2019ലാണ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മിക്‌സഡ് ആക്കാനുള്ള പ്രമേയം പി.ടി.എ ജനറല്‍ ബോഡിയും എക്‌സിക്യുട്ടീവും അംഗീകരിക്കുന്നത്. ഇതിന്റെ ഭാഗമായി നഗരസഭയ്ക്ക് ഒരു അപേക്ഷ നല്‍കുകയും ചെയ്തു. നഗരസഭയുടെ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റിയും കൗണ്‍സിലും ഈ പ്രമേയം അംഗീകരിക്കുകയും സ്‌കൂളിന്റെ പേര് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പന്തലായനി കൊയിലാണ്ടി എന്നാക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഈ അംഗീകാരവും പി.ടി.എ തീരുമാനവും വെച്ചുകൊണ്ട് ഡി.ഇ.ഒയ്ക്ക് കൈമാറുകയും ഡി.ഇ.ഒ ഇക്കാര്യം അന്വേഷിച്ച് ഡി.പി.ഐയ്ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ഡി.പി.ഐ ഇതിന്റെ സര്‍വ്വേയും കാര്യങ്ങളും കുട്ടികളുടെ എണ്ണവും സമീപത്തെ സ്‌കൂളുകളില്‍ നിന്ന് ശേഖരിച്ച് വിദ്യാഭ്യാസ വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
എന്നാല്‍ മൂന്നുവര്‍ഷത്തിനിപ്പുറവും സര്‍ക്കാറിന്റെ അംഗീകാരം ലഭിച്ചിട്ടില്ല. ഇതിനുശേഷം മിക്‌സഡ് ആക്കാന്‍ തീരുമാനിച്ച മടപ്പള്ളി ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിനും, ചാലപ്പുറം ഗണപത് ബോയ്‌സ് സ്‌കൂളിനും, ബാലുശേരി ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിനുമെല്ലാം ഇതിനകം സര്‍ക്കാര്‍ അംഗീകാരം ലഭിക്കുകയും ഇവിടങ്ങളില്‍ ആണ്‍കുട്ടികള്‍ പഠിക്കുകയും ചെയ്യുന്നുണ്ട്. പുരോഗമന കാഴ്ചപ്പാടുകള്‍ പിന്തുടരുന്ന കൊയിലാണ്ടിയിലെ പൊതുസമൂഹത്തിനു തന്നെ നാണക്കേടാവുകയാണ് പെണ്‍കുട്ടികള്‍ക്ക് മാത്രമായുള്ള ഈ സ്‌കൂള്‍.
ഇത്തവണ സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായി തന്നെ പി.ടി.എ, എം.എല്‍.എ കാനത്തില്‍ ജമീലയെ സമീപിക്കുകയും സ്‌കൂള്‍ മിക്‌സഡ് ആക്കി കിട്ടാന്‍ ഇടപെടല്‍ നടത്താന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. അനുകൂലമായ അഭിപ്രായമാണ് എം.എല്‍.എയില്‍ നിന്നുമുണ്ടായത്. ഇതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ടെന്ന് പി.ടി.എ പ്രസിഡന്റ് രാധാകൃഷ്ണന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ഇത്തവണയെങ്കിലും അനുകൂലമായ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പി.ടി.എ.
കോഴിക്കോട് ജില്ലയില്‍ 335 സര്‍ക്കാര്‍ സ്‌കൂളുകളടക്കം 1280 സ്‌കൂളുകളാണ് ആകെയുള്ളത്. ഇതില്‍ ആണ്‍കുട്ടികള്‍ക്ക് മാത്രമായി എട്ട് സ്‌കൂളുണ്ട്. സര്‍ക്കാര്‍ സ്‌കൂളായ പറയഞ്ചേരി ബോയ്‌സും, മലബാര്‍ ക്രിസ്ത്യന്‍ കോളേജും പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കാനായി വിദ്യാഭ്യാസ വകുപ്പിനോട് അനുമതി തേടിക്കഴിഞ്ഞു. ബാക്കിയുള്ള ആറ് ബോയ്‌സ് സ്‌കൂളുകളില്‍ ചിലത് മിക്‌സഡ് ആക്കുന്നതിനെക്കുറിച്ചുള്ള ആലോചനയും തുടങ്ങിയിട്ടുണ്ട്. ആകെയുള്ള 21 ഗേള്‍സ് സ്‌കൂളുകളില്‍ പലതും മാറ്റത്തിന്റെ പാതയിലാണ്.