സഹപാഠിക്കൊരു വീട്; സ്നേഹവീട് ഒരുക്കാന്‍ ഇനിയും വേണ്ടത് മൂന്നരലക്ഷത്തിലധികം, നിങ്ങള്‍ക്കും സഹായിക്കാം
കൊയിലാണ്ടി: പന്തലായനി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പി.ടി.എയും നാട്ടുകാരും ചേര്‍ന്ന് നിര്‍ദ്ദനയായ വിദ്യാര്‍ഥിനിയ്ക്ക് നിര്‍മ്മിച്ചുനല്‍കുന്ന സ്‌നേഹവീടിന്റെ പണി പൂര്‍ത്തിയാക്കുവാന്‍ ഇനിയും തുക ആവശ്യം. പിതാവിന്റെ കാഴ്ച നഷ്ടപ്പെട്ടതോടെ ജീവിതം വഴിമുട്ടിയ കുടുംബത്തിനാണ് സ്‌കൂളും സഹപാഠികളും നാട്ടുകാരും ചേര്‍ന്ന് സ്‌നേഹവീട് ഒരുക്കാനുള്ള തുക തരപ്പെടുത്തിയത്.
മുചുകുന്നില്‍ നിര്‍മ്മിക്കുന്ന വീടിന്റെ പണികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നിലവില്‍ തേപ്പ് പണികളാണ് നടന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ വീടിന്റെ മറ്റ് പണികള്‍ കൂടി പൂര്‍ത്തീകരിക്കാന്‍ ഇനിയും മൂന്നരലക്ഷത്തിലധികം പണം ആവശ്യമാണ്. ടൈല്‍ ഇടല്‍, ബാത്‌റൂം, വയറിംങ്, കുഴല്‍ കിണര്‍, വൈറ്റവാഷ്‌ചെയ്യല്‍ തുടങ്ങിയ പണികള്‍ ഇനിയും ബാക്കിയാണ്. ഈ പണികളെല്ലാം പൂര്‍ത്തീകരിക്കുവാന്‍ സുമനസ്സുകളുടെ സഹായം ആവശ്യമാണ്.
ജനുവരി മാസത്തിലാണ് സ്‌നേഹവീട് ഒരുക്കുന്നതിനുള്ള തറക്കില്ലിടല്‍ ആരംഭിച്ചത്. പുളിയഞ്ചേരിയിലെ സന്നദ്ധ പ്രവര്‍ത്തകനായ വലിയാട്ടില്‍ ബാലകൃഷ്ണന്‍ സൗജന്യമായി വിട്ടുനല്‍കിയ മുചുകുന്നിലെ മൂന്നര സെന്റ് ഭൂമിയിലാണ് വീട് നിര്‍മ്മിക്കുന്നത്. പന്തലായനി സ്‌കൂള്‍ വിദ്യാര്‍ത്ഥികളും നാട്ടുകാരും അധ്യാപകരും മറ്റും ഒന്നിച്ചാണ് ഇതുവെരയുള്ള വീട് പണിക്കാവശ്യമായ പണം ശേഖരിച്ചുകൊണ്ടിരുന്നത്. ഓണത്തിന് മുന്‍പായി ആഗസ്ത് മാസം അവസാനത്തോടെ വീട് പണി പൂര്‍ത്തീകരിച്ച് കൈമാറണമെന്നാണ് പിടി.ഐയുടെയും സ്‌കൂളിന്റെയും ആഗ്രഹം.