പ്രായം ഒരു സംഖ്യമാത്രമെന്ന് തെളിയിച്ച് കൊണ്ട് അവര്‍ വേദികളില്‍ നിറഞ്ഞാടി; പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ വയോജനോത്സവത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി അരിക്കുളം പഞ്ചായത്ത്


കൊയിലാണ്ടി: വയോജനോത്സവം സംഘടിപ്പിച്ച് പന്തലായനി ബ്ലോക്ക് പഞ്ചായത്ത്. 2024-25 വാര്‍ഷികപദ്ധതിയുടെ ഭാഗമായി വയോജനങ്ങളുടെ കലാസാംസ്‌കാരിക രംഗത്തെ ഇടപെടലുകള്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നിറസന്ധ്യ 2024 എന്ന് പേരിലാണ് പരിപാടി നടത്തിയത്.

കലോത്സവത്തില്‍ അരിക്കുളം പഞ്ചായത്ത് ഒന്നാം സ്ഥാനവും ചേമഞ്ചേരി രണ്ടാം സ്ഥാനവും നേടി. അരിക്കുളം,ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, മൂടാടി പഞ്ചായത്തുകളില്‍ നിന്നായി 200ഓളം വയോജനങ്ങളാണ് പങ്കെടുത്തത്. സിനിമാനാടകഗാനം, കവിതാപാരായണം, മാപ്പിളപ്പാട്ട്, ഞാറ്റുപാട്ട്, നാടന്‍പാട്ട്, പ്രച്ഛന്ന വേഷം, തിരുവാതിര,ഒപ്പന,സംഘനൃത്തം, നാടോടിനൃത്തം,കവിതാരചന, ചിത്രരചന, അനുഭവക്കുറിപ്പ്,കളിമണ്‍പ്രതിമ നിര്‍മ്മാണം തുടങ്ങിയ ഇനങ്ങളില്‍ പ്രായം വെറും ഒരു സംഖ്യമാത്രമെന്ന് തെളിയിച്ച് കൊണ്ട് അവര്‍ വേദികളില്‍ നിറഞ്ഞാടി.

അരിക്കുളം പഞ്ചായത്ത് ഒന്നാം സ്ഥാനവും ചേമഞ്ചേരി രണ്ടാം സ്ഥാനവും നേടി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ്,വൈസ് പ്രസിഡണ്ട് ചൈത്ര വിജയന്‍, പഞ്ചായത്ത് പ്രസിഡണ്ടുമാരായ സുഗതന്‍ എ എം, സതി കിഴക്കയില്‍, ഷീബ മലയില്‍,ശ്രീകുമാര്‍ ,സ്ഥിരം സമിതി ചെയര്‍മാന്‍മാരായ ജീവാനന്ദന്‍,അഭിനിഷ് കെ, ബിന്ദുസോമന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികളായ രജില, സുഹറഖാദര്‍, ബിന്ദു മഠത്തില്‍, ജുബീഷ് കുമാര്‍, കെ.ടിം.എം കോയ തുടങ്ങിയവര്‍ സമ്മാനദാനം നിര്‍വഹിച്ചു.